സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തുടരേണ്ടെന്ന് ഗവര്‍ണര്‍,സഹോദരനേയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ED

സെന്തില്‍ ബാലാജി, ആര്‍.എന്‍. രവി
സെന്തില്‍ ബാലാജി, ആര്‍.എന്‍. രവി

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റുചെയ്ത തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ  ജാമ്യാപേക്ഷ ചെന്നൈ സെഷൻസ് കോടതി തള്ളി. സെന്തിലിനെ എട്ട് ദിവസത്തെ ഇ.ഡി. കസ്റ്റഡിയിൽ വിടാനും കോടതി ഉത്തരവിട്ടു. ഇ.ഡി.ക്ക് ആശുപത്രിയിൽ എത്തി മന്ത്രിയെ ചോദ്യം ചെയ്യാം. 23-ന് വീഡിയോ കോൺഫറൻസിലൂടെ മന്ത്രിയെ കോടതിയിൽ ഹാജരാക്കണമെന്നും നിർദേശം.

അതേസമയം മന്ത്രി മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന് തമിഴ്നാട് ​ഗവർണർ ആർ.എൻ. രവി വ്യക്തമാക്കി. ബാലാജി കൈകാര്യംചെയ്തിരുന്ന വൈദ്യുതി, എക്സൈസ് വകുപ്പുകൾ മറ്റു രണ്ടു മന്ത്രിമാർക്ക് കൈമാറാൻ അദ്ദേഹം അനുവദിച്ചെങ്കിലും ക്രിമിനൽ നടപടി നേരിടുന്നതിനാൽ ബാലാജി മന്ത്രിസഭയിൽ തുടരേണ്ടതില്ലെന്ന നിലപാടിലാണ് ​ഗവർണർ. ഇതോടെ ഗവർണറും സർക്കാരും തമ്മിലുള്ള പോര്‌ വീണ്ടും കനക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.

സെന്തിൽ ബാലാജി വഹിച്ച വൈദ്യുതിവകുപ്പ് ധനമന്ത്രി തങ്കം തെന്നരശുവിനും എക്സൈസ് വകുപ്പ് ഭവനമന്ത്രി ഈറോഡ് മുത്തുസ്വാമിക്കും കൈമാറുമെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഇതിനിടെ ബാലാജിയുടെ സഹോദരൻ ആർ.വി അശോക് കുമാറിനെയും അദ്ദേഹത്തിന്റെ ഭാര്യയേയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

അറസ്റ്റിനുപിന്നാലെ നെഞ്ചുവേദനയെത്തുടർന്ന് ഓമന്ദുരാർ ഗവൺമെന്റ് എസ്റ്റേറ്റ് മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡി.എം.കെ. നേതാവിന് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. സ്വകാര്യമേഖലയിലുള്ള കാവേരി ആശുപത്രിയിൽ തനിക്ക് സ്ഥിരം ഡോക്ടറുണ്ടെന്നും അവിടെ ശസ്ത്രക്രിയ നടത്താൻ അനുവദിക്കണമെന്നുമുള്ള ബാലാജിയുടെ അഭ്യർഥന മദ്രാസ് ഹൈക്കോടതി അംഗീകരിച്ചിരുന്നു. 

ചികിത്സയുടെ ചിലവ് ബാലാജി വഹിക്കണം. സർക്കാർ ഡോക്ടർമാരെക്കൊണ്ട് പരിശോധന നടത്താൻ ഇ.ഡി.ക്ക് അധികാരമുണ്ടാകും. ബാലാജിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുകാണിച്ച് ഭാര്യ എസ്. മേഖല നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയുടെ വാദത്തിനിടെയാണ് ഹൈക്കോടതി ഈ നിർദേശം നൽകിയത്. 
 
 

Content Highlights: TN governor approves reallocation of Senthil Balaji’s portfolios