'40 കൊല്ലത്തെ ദാമ്പത്യം അവർ തകർത്തു, ഏറ്റവും വലിയ സ്ത്രീവിരുദ്ധ'- മഹുവയ്ക്കെതിരേ ടിഎംസി എംപി

മഹുവാ മോയിത്ര, കല്യാൺ ബാനർജി | Photo:PTI
മഹുവാ മോയിത്ര, കല്യാൺ ബാനർജി | Photo:PTI

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍  നിയമവിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തെക്കുറിച്ച് നടത്തിയ വിവാദ പ്രസ്താവനയെ വിമര്‍ശിച്ചതിന് പാർട്ടി എം.പി മഹുവാ മോയ്ത്രയെ വ്യക്തിപരമായി ആക്രമിച്ച് ടിഎംസി എംപി കല്യാണ്‍ ബാനര്‍ജി. പെണ്‍കുട്ടി ആക്രമണത്തിനിരയായതിന് പിന്നാലെ നടത്തിയ പ്രതികരണത്തില്‍-ഒരു സുഹൃത്ത് മറ്റൊരു സുഹൃത്തിനെ ബലാത്സംഗം ചെയ്താല്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്ന ബാനര്‍ജിയുടെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. തുടര്‍ന്ന് ടിഎംസി ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. 

അതിന് പിന്നാലെയാണ് ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും സ്ത്രീവിരുദ്ധതയുണ്ടെന്നും എന്നാല്‍ ആര് പ്രസ്താവന നടത്തിയാലും അതിനെ അപലപിക്കാന്‍ തയ്യാറാകുന്നതാണ് ടിഎംസിയെ വ്യത്യസ്തമാക്കുന്നതെന്നുമാണ് മഹുവ പ്രതികരിച്ചത്. ഇതോടെയാണ് മഹുവയ്‌ക്കെതിരേ കല്യാണ്‍ ബാനര്‍ജി രംഗത്തെത്തിയത്. മധുവിധുവിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ മഹുവ, തന്നോട് കലഹിക്കാന്‍ തുടങ്ങിയിരിക്കുകയാണെന്ന് കല്യാണ്‍ ബാനര്‍ജി പറഞ്ഞു. അവര്‍ പറയുന്നു, ഞാന്‍ സ്ത്രീവിരുദ്ധനാണെന്ന്. അവര്‍ ആരാണ്?. നാല്‍പ്പതു കൊല്ലമായുണ്ടായിരുന്ന ദാമ്പത്യബന്ധം തകര്‍ത്ത്, 65 വയസ്സുള്ള ആളെ വിവാഹം കഴിച്ചയാളാണ് മഹുവയെന്ന് ബാനര്‍ജി പറഞ്ഞു. അവര്‍ (മഹുവ) ആ സ്ത്രീയെ വേദനിപ്പിച്ചില്ലേ. ഈ രാജ്യത്തെ സ്ത്രീകള്‍ തീരുമാനിക്കും അവര്‍ (മഹുവ) കുടുംബം തകര്‍ത്തോ ഇല്ലയോ എന്ന്, ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ഈയടുത്താണ് ബിജെഡി നേതാവ് പിനാകി മിശ്രയുടെയും മഹുവയുടെയും വിവാഹം കഴിഞ്ഞത്. ഇതിനെ പരാമര്‍ശിച്ചായിരുന്നു ബാനര്‍ജിയുടെ അധിക്ഷേപം. 

READ MORE: 'എന്തിന് അവൾ ഒറ്റയ്ക്ക് പോയി?'; കൊൽക്കത്ത ബലാത്സംഗക്കേസിൽ വിവാദ പ്രസ്താവനയുമായി തൃണമൂല്‍ നേതാക്കള്‍

ധാര്‍മികത പാലിക്കാത്തതിന് പാര്‍ലമെന്റില്‍നിന്ന് പുറത്താക്കപ്പെട്ട എംപിയാണ് തന്നെ ഉപദേശിക്കാനെത്തിയിരിക്കുന്നതെന്നും മഹുവയെ പരിഹസിച്ചുകൊണ്ട് കല്യാണ്‍ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. മഹുവയാണ് ഏറ്റവും വലിയ സ്ത്രീവിരുദ്ധ. സ്വന്തം ഭാവി എങ്ങനെ സുരക്ഷിതമാക്കണമെന്നും പണം എങ്ങനെയുണ്ടാക്കണം എന്നും മാത്രമാണ് മഹുവയ്ക്ക് അറിയാവുന്നതെന്നും ബാനര്‍ജി ആരോപിച്ചു. 

Content Highlights: tmc mp attacks mahua moitra