കശ്മീരിൽ പുതിയ ഭീകരർ ഇല്ലാതാകുന്നു, അതിർത്തിക്കപ്പുറം ഭീകരക്യാമ്പുകൾ സജീവം- കരസേനാ മേധാവി

ന്യൂഡൽഹി: പാക് ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം ഇന്ത്യ ഇപ്പോഴും തുടരുകയാണെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. 2025-ൽ മാത്രം 31 ഭീകരരെ വധിച്ചിട്ടുണ്ടെന്നും ഇതിൽ 65 ശതമാനവും പാകിസ്താൻ സ്വദേശികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പഹൽഗാം ഭീകരാക്രാമണത്തിൽ പങ്കുള്ള മൂന്ന് ഭീകരരെ ഓപ്പറേഷൻ മഹാദേവിലൂടെ വധിച്ചതായും സൈനികമേധാവി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. നിലവിൽ കശ്മീരിലെ പ്രാദേശിക ഭീകരരുടെ എണ്ണം ഒറ്റയക്കത്തിലേക്ക് ചുരുങ്ങിയതായും പുതിയ ആളുകൾ ഭീകരവാദത്തിലേക്ക് എത്തുന്നത് ഏതാണ്ട് ഇല്ലാതായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിർത്തിക്കപ്പുറം ഇപ്പോഴും എട്ടോളം ഭീകര പരിശീലന ക്യാമ്പുകൾ സജീവമാണെന്ന് രഹസ്യാന്വേഷണ വിവരങ്ങളുണ്ട്. ഇവയിൽ, രണ്ടെണ്ണം അന്താരാഷ്ട്ര അതിർത്തിക്ക് എതിർവശത്തും ആറെണ്ണം നിയന്ത്രണ രേഖയ്ക്ക് കുറുകെയുമാണ് സ്ഥിതി ചെയ്യുന്നത്. ഈ ക്യാമ്പുകളിൽ ചില സാന്നിധ്യവും പരിശീലന പ്രവർത്തനങ്ങളും ഉണ്ടെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ വീണ്ടും കണ്ടെത്തിയാൽ, ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ദൂറിനിടയിൽ പാകിസ്താൻ ഏതെങ്കിലും തരത്തിലുള്ള പ്രകോപനത്തിന് മുതിർന്നിരുന്നെങ്കിൽ അതിർത്തി കടന്നുള്ള കരയുദ്ധത്തിന് ഇന്ത്യൻ സൈന്യം പൂർണ്ണ സജ്ജമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. 88 മണിക്കൂറിനുള്ളിൽ, പരമ്പരാഗത യുദ്ധത്തിലേക്ക് സംഘർഷം മാറുമായിരുന്നു. ഓപ്പറേഷൻ്റെ ഭാഗമായി ഇന്ത്യൻ സൈന്യം ഏകദേശം 100 പാകിസ്താൻ സൈനികരെ വധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും, പാക്കിസ്താൻ ഭാവിയിൽ ഏതെങ്കിലും ആക്രമണത്തിന് ശ്രമിച്ചാൽ അതിന് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Content Highlights: Indian Army Chief reports declining local terrorists in Kashmir, but terror camps remain active across the border. Learn about India`s ongoing fight against terrorism.