ടെറിറ്റോറിയൽ ആർമിയിൽ എഐ, ഇൻഫർമേഷൻ വാർഫെയർ, സൈബർ വിദഗ്ധർ; പുതിയ നീക്കവുമായി പ്രതിരോധ മന്ത്രാലയം

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
രാജ്നാഥ് സിങ് | Photo: PTI
രാജ്നാഥ് സിങ് | Photo: PTI

ന്യൂഡൽഹി: നിർമിത ബുദ്ധി (എ.ഐ.) പോലുള്ള പുതിയ സാങ്കേതികവിദ്യകളിൽ കഴിവുതെളിയിച്ച വിദഗ്ധരെ ഉൾപ്പെടുത്തി ടെറിറ്റോറിയൽ ആർമിയുടെ (ടി.എ.) പങ്കാളിത്തം വിപുലീകരിക്കാൻ കേന്ദ്ര പ്രതിരോധത്തിൽ ഉന്നതതല ചർച്ചകൾ പുരോഗമിക്കുന്നതായി റിപ്പോർട്ട്. നിർമിതബുദ്ധിക്ക് പുറമെ ഇൻഫർമേഷൻ വാർഫെയറിൽ കഴിവ് തെളിയിച്ചവരേയും സൈബർ വിദഗ്ധരേയും ടെറിറ്റോറിയൽ ആർമിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ ആലോചിക്കുന്നുണ്ട്.

അത്യാധുനിക സാങ്കേതിക വിദ്യകളിലെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തുന്നതിലൂടെ ഭാവിയിലെ ഡിജിറ്റൽ യുദ്ധം, സൈബർ ആക്രമണങ്ങൾ, ഇൻഫർമേഷൻ വാർഫെയർ തുടങ്ങിയ വെല്ലുവിളികളെ നേരിടാനുള്ള സാങ്കേതികശേഷി വർധിപ്പിക്കുകയാണ് ലക്ഷ്യം.

സാങ്കേതിക വിദഗ്ധരെ ടെറിറ്റോറിയൽ ആർമിയിൽ ജൂനിയർ റാങ്കുകളിൽ നേരിട്ട് നിയമിക്കുന്നതും പരിഗണനയിലുണ്ട്. സാങ്കേതിക വിദഗ്ധരെ സേനയിലേക്ക് ആകർഷിക്കുന്നതിനായി ഓണററി കമ്മിഷൻ നൽകാനും പദ്ധതിയുണ്ട്. ഇതുസംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാകുമെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ അറിയിച്ചു.

2024 ഒക്ടോബറിൽ ടെറിറ്റോറിയൽ ആർമി 'ഇന്നൊവേഷൻ സെൽ' ആരംഭിച്ചിരുന്നു. എ.ഐ., ഡ്രോൺ, സൈബർ സുരക്ഷാ പരിഹാരങ്ങൾ തുടങ്ങിയ മേഖലകളിലെ വൈദഗ്ധ്യം സേനയ്ക്ക് പ്രയോജനപ്പെടുത്തുകയാണ് സെല്ലിന്റെ ലക്ഷ്യം. ഇതിലൂടെ വാർഷിക ഹാക്കത്തോണുകൾ സംഘടിപ്പിക്കുകയും അതിൽ കഴിവുതെളിയിച്ചവർക്ക് സൈനിക സാങ്കേതിക യൂണിറ്റുകളിൽ ഇന്റേൺഷിപ്പ് നൽകുകയും ചെയ്യുന്നുണ്ട്. വരാനിരിക്കുന്ന ദേശീയതല ഹാക്കത്തോണിൽ ബഗ് ഹണ്ടിങ്, എ.ഐ. അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കൽ, ഡിജിറ്റൽ കണ്ടന്റ് നിർമാണം തുടങ്ങിയ പദ്ധതികളും ഉൾക്കൊള്ളിക്കും.

നിലവിൽ ടെറിറ്റോറിയൽ ആർമിയിൽ ഏകദേശം 44,400 പേരാണ് ഉള്ളത്. രാജ്യത്തുടനീളം 59 യൂണിറ്റുകളാണ് നിലവിലുള്ളത്. ഇൻഫന്ററി ബറ്റാലിയനുകൾ, എഞ്ചിനീയറിങ് യൂണിറ്റുകൾ, പരിസ്ഥിതി സംരക്ഷണ ടാസ്‌ക് ഫോഴ്സുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. സിവിലിയൻ ജോലി തുടരുന്നതിനൊപ്പം സന്നദ്ധപ്രവർത്തനം എന്നനിലയിൽ സൈനിക സേവനം നടത്തുന്നവരടങ്ങുന്ന പാർട്ട് ടൈം സൈനിക റിസർവ് സേനയാണ് ടെറിറ്റോറിയൽ ആർമി.

Content Highlights: Central government plans to expand Territorial Army by recruiting AI and cyber security experts., Junior rank direct recruitment and honorary commissions are under consideration.