നിതീഷ് മന്ത്രിസഭയിലെ പത്തംഗങ്ങൾ രാഷ്ട്രീയനേതാക്കളുടെ മക്കളും ബന്ധുക്കളും; വിമർശിച്ച് ആർജെഡി

പട്‌ന: നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ബിഹാറിലെ എൻഡിഎ മന്ത്രിസഭയിലെ പത്തുപേർ രാഷ്ട്രീയനേതാക്കളുടെ മക്കളും ബന്ധുക്കളും. മന്ത്രിസഭയിലുള്ള സന്തോഷ് കുമാർ സുമൻ മാഞ്ചി, സാമ്രാട്ട് ചൗധരി, അശോക് ചൗധരി, രാമ നിഷാദ്, വിജയ് കുമാർ ചൗധരി, നിതിൻ നബിൻ, സുനിൽ കുമാർ, ലെഷി സിങ്, ദീപക് പ്രകാശ്, േശ്രയസി സിങ് എന്നിവർക്കാണ് കുടുംബബന്ധങ്ങളുള്ളത്. ഇതോടെ വംശപരമ്പര രാഷ്ട്രീയം പിന്തുടരുന്നത് ഭരണപക്ഷമാണെന്ന് ആർജെഡി നേതാക്കൾ തിരിച്ചടിച്ചു. നിതീഷിനൊപ്പം 26 മന്ത്രിമാരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്‌തത്.
അതിനിടെ, രണ്ട് പതിറ്റാണ്ടിനിടെ ആദ്യമായി മുഖ്യമന്ത്രി നിതീഷിന് ആഭ്യന്തരവകുപ്പ് നഷ്ടമായി. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരിക്കാണ് ആഭ്യന്തരവകുപ്പിന്റെ ചുമതല.
കേന്ദ്രമന്ത്രിയും എച്ച്എഎം നേതാവുമായ ജിതൻ റാം മാഞ്ചിയുടെ മകനാണ് സന്തോഷ് കുമാർ സുമൻ. സാമ്രാട്ട് ചൗധരി മുൻമന്ത്രി ശകുനി ചൗധരിയുടെ മകനാണ്. മുൻ കേന്ദ്രമന്ത്രിയും ആർഎൽഎം നേതാവുമായ ഉപേന്ദ്ര കുശ്‍വാഹയുടെയും എംഎൽഎ സ്നേഹലതയുടെയും മകനായ ദീപക് പ്രകാശ് അപ്രതീക്ഷിതമായിട്ടാണ് മന്ത്രിസഭയിലേക്ക് കടന്നുവന്നത്. തിരഞ്ഞെടുപ്പിൽ മത്സരിക്കാതെയാണ് 36-കാരനായ ദീപകിന്റെ വരവ്. നാലുസീറ്റ് നേടിയ ആർഎൽഎമ്മിൽനിന്ന് ഉപേന്ദ്രയുടെ ഭാര്യ സ്നേഹലത മന്ത്രിയാകുമെന്നാണ് രാഷ്ട്രീയകേന്ദ്രങ്ങൾ കരുതിയത്. ഐടി പ്രൊഫഷണലാണ് ദീപക്. ജീൻസും ഷർട്ടുമണിഞ്ഞാണ് സത്യപ്രതിജ്ഞാ ചടങ്ങിന് ദീപക് എത്തിയത്.
മുൻ കേന്ദ്രമന്ത്രി ക്യാപ്റ്റൻ ജയ് നാരായൺ നിഷാദിന്റെ മരുമകളും മുൻ എംപി അജയ് നിഷാദിന്റെ ഭാര്യയുമായ രാമ നിഷാദ്, മുൻ എംഎൽഎ ജഗദീഷ് പ്രസാദ് ചൗധരിയുടെ മകൻ വിജയ് ചൗധരി, മുൻ എംഎൽഎ നവീൻ കിഷോർ സിൻഹയുടെ മകൻ നിതിൻ നബിൻ. മുൻ മന്ത്രി ചന്ദ്രിക റാമിന്റെ മകനും മുൻ എംഎൽഎ അനിൽകുമാറിന്റെ സഹോദരനുമായ സുനിൽകുമാർ, മുൻ സമതാ പാർട്ടി ജില്ലാ പ്രസിഡന്റ് ഭൂട്ടാൻ സിങ്ങിന്റെ ഭാര്യ ലെഷി സിങ്, മുൻമന്ത്രി മഹാവീർ ചൗധരിയുടെ മകൻ അശോക് ചൗധരി എന്നിവർക്കാണ് മന്ത്രിസഭയിൽ കുടുംബവേരുള്ളത്.
ബിജെപി എംഎൽഎമാരിൽ 12.35 ശതമാനം പേർക്കും കുടുംബബന്ധങ്ങളുണ്ട്. ജെഡിയുവിന്റെ 11 പേർ രാഷ്ട്രീയ കുടുംബങ്ങളിൽനിന്നുള്ളവരാണ്. പുതിയ എൻഡിഎ മന്ത്രിസഭ അഴിമതിക്കാരും കുറ്റവാളികൾ ഉൾപ്പെട്ടതുമാണെന്ന് ജൻസുരാജ് പാർട്ടി നേതാവ് പ്രശാന്ത് കിഷോർ ആരോപിച്ചു.
Content Highlights: ten members of nitish kumar cabinet are either children or relatives of political leaders