രണ്ടുമാസം മുൻപ് ഫിൻലൻഡിൽ കാണാതായ തെലങ്കാന വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു; കണ്ടെത്തിയത് കടലിൽ

#ന്യൂസ് ഡെസ്ക്

ഹൈദരാബാദ്: രണ്ട് മാസങ്ങൾക്ക് മുൻപ് ഫിൻലൻഡിൽ കാണാതായ തെലങ്കാന സ്വദേശിയുടെ മൃതദേഹം കടലിൽ കണ്ടെത്തി. ഹൈദരാബാദ് സ്വദേശിയായ മനിദീപ് റെഡ്ഡിയുടെ(18)മൃതദേഹമാണ് ഹെൽസിങ്കിയിൽ കടലിൽ കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

ലാപ്പീന്റാന്റ-ലാഹ്തി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിലെ സോഫ്റ്റ്‌വെയർ ആന്റ് സിസ്റ്റംസ് എൻജിനീയറിങ് വിദ്യാർഥിയാണ് മനിദീപ്. മെയ് അഞ്ചിന് ഹെൽസിങ്കിയിലെ സൂപ്പർ മാർക്കറ്റിലാണ് അവസാനമായി മനിദീപിനെ കണ്ടത്. അന്നു വൈകുന്നേരം ട്രെയിൻ മാർഗമാണ് വിദ്യാർഥി ഹെൽസിങ്കിയിൽ എത്തിയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ജൂലൈ ഒമ്പതിന് കടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫിൻലൻഡ് പോലീസ് പറഞ്ഞു. മൃതദേഹത്തിലുണ്ടായിരുന്ന ഫിന്നിഷ് ഐഡന്റിറ്റി കാർഡും ബാങ്ക് കാർഡും ഇന്ത്യൻ രൂപയും ഉപയോഗിച്ചാണ് വിദ്യാർഥിയെ തിരിച്ചറിഞ്ഞതെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം കണ്ടെത്തിയതിൽ അന്വേഷണം നടത്തുകയാണെന്നും കുറ്റകൃത്യങ്ങളുടെ സൂചനയില്ലെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് മനിദീപിന്റെ കുടുംബം ആരോപിക്കുന്നത്. പോലീസ് കേസ് കൃത്യമായി അന്വേഷിച്ചില്ലെന്നും വിവരങ്ങൾ മറച്ചുവെക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും കുടുംബം പറഞ്ഞു.

മെയ് അഞ്ചിന് കാണാതായെന്നാണ് പോലീസ് പറയുന്നത്, എന്നാൽ മെയ് ഒമ്പതിനും പത്തിനും മനിദീപിന്റെ യൂണിവേഴ്‌സിറ്റി അക്കൗണ്ടിൽ ലോഗിൻ ഉണ്ടായിട്ടുണ്ടെന്നും പോലീസ് ഇത് അന്വേഷിച്ചില്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. അതേസമയം, ലോഗിൻ ഐപി വിലാസങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഫിന്നിഷ് അധികൃതർ പ്രതികരിക്കുന്നത്.

Content Highlights: Manideep Reddy, 18, found dead in Helsinki sea after being missing since May 2026., Finnish police identified the body using ID and bank cards., Family alleges foul play, citing suspicious university account logins after the disappearance., Finnish authorities claim no immediate signs of crime but are investigating the IP logs.