മുഖ്യമന്ത്രിയെ മകൾ വിമർശിച്ചു; തെലങ്കാനയിൽ വനിതാമന്ത്രിക്ക് സ്ഥാനം പോയി

ഹൈദരാബാദ്: മന്ത്രി കെ. സുരേഖയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കാൻ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മുഖ്യമന്ത്രിക്കും മറ്റ് കോൺഗ്രസ് നേതാക്കൾക്കുമെതിരേ സുരേഖയുടെ മകൾ നടത്തിയ വിമർശനങ്ങൾക്ക് പിന്നാലെയാണിത്.
രേവന്ത് സർക്കാരിലെ വനം-പരിസ്ഥിതി മന്ത്രിയായ സുരേഖയെ മന്ത്രിസഭയിൽനിന്ന് ഒഴിവാക്കണമെന്ന് അഭ്യർഥിച്ചുകൊണ്ടുള്ള ശുപാർശ തെലങ്കാന ഗവർണർക്ക് അയച്ചിട്ടുണ്ട്. തെലങ്കാന കോൺഗ്രസിനുള്ളിലെ ആഭ്യന്തരകലഹം രൂക്ഷമാണെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
സുരേഖയുടെ മകൾ സുഷ്മിത, രേവന്ത് റെഡ്ഡിക്കും മറ്റ് നേതാക്കൾക്കുമെതിരേ ഒരു പൊതുപരിപാടിയിൽവെച്ച് പ്രതികരണം നടത്തിയതിനെ തുടർന്നാണ് നിലവിലെ വിവാദത്തിന് തുടക്കമായത്. പർകൽ മണ്ഡലത്തിൽനിന്ന് സിറ്റിങ് എംഎൽഎ രേവൂരി പ്രകാശ് റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന രേവന്തിന്റെ അഭ്യർഥനയാണ് സുഷ്മിതയെ പ്രകോപിപ്പിച്ചത്. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ പർകൽ മണ്ഡലത്തിൽനിന്ന് ജനവിധി തേടാൻ സുഷ്മിതയ്ക്ക് താൽപര്യമുണ്ടെന്നാണ് വിവരം. അതിനിടെയാണ്, 74-കാരനായ പ്രകാശ് റെഡ്ഡിയെ വീണ്ടും തിരഞ്ഞെടുക്കണമെന്ന രേവന്തിന്റെ പ്രസ്താവന. പിന്നാലെയാണ് രൂക്ഷവിമർശവുമായി ഇവർ രംഗത്തെത്തിയത്.
സുഷ്മിതയുടെ പരാമർശങ്ങൾക്ക് പിന്നാലെ കോൺഗ്രസിന്റെ നിരവധി എംഎൽഎമാരാണ് മന്ത്രി സുരേഖയ്‌ക്കെതിരേ നടപടി എടുക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നത്. സുഷ്മിതയുടെ പരാമർശത്തിൽ സുരേഖയോട് പാർട്ടി അച്ചടക്കസമിതി വിശദീകരണം തേടിയിട്ടുമുണ്ട്.
അതേസമയം, തന്റെ ഭാഗം കേൾക്കാതെയാണ് നടപടി എടുത്തതെന്ന് സുരേഖ പ്രതികരിച്ചു. തീരുമാനം കൈക്കൊള്ളുന്നതിന് മുൻപ് പാർട്ടിയിൽനിന്ന് ആരും തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Telangana Chief Minister Revanth Reddy has recommended the removal of Minister K. Surekha from the cabinet following criticisms made by Surekha's daughter against him and other Congress leaders.