ചുവന്ന ജീപ്പ് ഓടിച്ച് തേജസ്വി യാദവ്; ന്യായ് യാത്രയില്‍ രാഹുലിനൊപ്പം ചേര്‍ന്നത് ബിഹാറില്‍വച്ച്

ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ഗാന്ധിയും തേജസ്വി യാദവും | Photo: Twitter/ Congress
ഭാരത് ജോഡോ ന്യായ് യാത്രയില്‍ രാഹുല്‍ഗാന്ധിയും തേജസ്വി യാദവും | Photo: Twitter/ Congress

പട്‌ന: ബിഹാറില്‍ രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കുചേര്‍ന്ന് മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായ തേജസ്വി യാദവ്. ബിഹാറിലെ സസാറാമില്‍വെച്ചാണ് തേജസ്വി യാത്രയ്‌ക്കൊപ്പം ചേര്‍ന്നത്. കൈമൂറില്‍ തേജസ്വി രാഹുലിനൊപ്പം പൊതുയോഗത്തിലും പങ്കെടുത്തു.

ഇരുവരും ചുവപ്പ് ജീപ് റാങ്‌ളര്‍ എസ്.യു.വിയില്‍ യാത്രയില്‍ സഞ്ചരിക്കുന്ന ചിത്രം കോണ്‍ഗ്രസും തേജസ്വി യാദവും പങ്കുവെച്ചു. ജീപ്പില്‍ സഞ്ചരിച്ച ഇരുവരും അണികളെ അഭിവാദ്യംചെയ്തു. ഇവര്‍ക്കൊപ്പം മറ്റു ചില നേതാക്കളുമുണ്ടായിരുന്നു. ബിഹാറിലെ പര്യടനം പൂര്‍ത്തിയാക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഉത്തര്‍പ്രദേശില്‍ പ്രവേശിക്കും.

കൈമൂറിലെ പൊതുയോഗത്തില്‍ രാഹുല്‍ കേന്ദ്രത്തിനെതിരെ നിശിതവിമര്‍ശനം ഉന്നയിച്ചു. കര്‍ഷകവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ നടപടികളെയാണ് സര്‍ക്കാര്‍ വികസനമെന്ന് വിശേഷിപ്പിക്കുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി. വികസനത്തിന്റെ പേരില്‍ എല്ലാം അദാനിക്ക് കൈമാറുന്നു. ഇത് വികസനമല്ല, കൊള്ളയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

ഉത്തര്‍പ്രദേശിലെ യാത്രയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധിയും പങ്കുചേരും. ചന്ദൗലിയില്‍ ഇരുവരും പങ്കെടുക്കുന്ന പൊതുയോഗവുമുണ്ടാവും. സോണിയാഗാന്ധി ഒഴിയുന്ന റായ്ബറേലിയില്‍ പ്രിയങ്ക സ്ഥാനാര്‍ഥിയാവുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇരുവരും രാഹുലിന്റെ യാത്രയില്‍ ഒന്നിക്കുന്നത്. നേരത്തെ, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയായ പ്രിയങ്കയെ യു.പിയുടെ ചുമതലയില്‍നിന്ന് ഒഴിവാക്കിയിരുന്നു.

Content Highlights: Rahul Gandhi's yatra in Bihar: Riding in Jeep Wrangler with Tejashwi Yadav at the wheel