പരിശോധന കഴിഞ്ഞു; പറക്കാൻ വീണ്ടും തേജസ്, 34 വിമാനവും ഏപ്രിൽ എട്ടുമുതൽ ആകാശത്തേക്ക്

#ന്യൂസ് ഡെസ്ക്
തേജസ് യുദ്ധവിമാനം| ANI
തേജസ് യുദ്ധവിമാനം| ANI

നോയ്ഡ: രണ്ടുമാസത്തോളമായി നിലത്തിറക്കിയുള്ള പരിശോധനകൾക്കുശേഷം തേജസ് യുദ്ധവിമാനങ്ങൾ വീണ്ടും ആകാശത്തേക്ക്. തുടർച്ചയായുള്ള അപകടങ്ങളെത്തുടർന്ന് വ്യോമസേനയുടെ 34 തേജസ് ലൈറ്റ് വിമാനങ്ങളാണ് നിലത്തിറക്കിയത്. വിമാനത്തിന്റെ സോഫ്റ്റ്‌വേർ തകരാർ പരിഹരിച്ചതിനാൽ എട്ടുമുതൽ വിമാനങ്ങൾ പറക്കാൻ സാധ്യതയുണ്ടെന്ന് നിർമാതാക്കളായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്സ് ലിമിറ്റഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡി.കെ. സുനിൽ പറഞ്ഞു.

ഫെബ്രുവരിയിൽ ബ്രേക്ക് തകരാറിലായതിനെത്തുടർന്ന് എയർബേസിലെ റൺവേയിൽനിന്ന് തെന്നിമാറിയ ഒരു തേജസ് ജെറ്റിന്റെ എയർഫ്രെയിമിന് കേടുപാടുകൾ സംഭവിച്ചിരുന്നു. ഇതിനുമുൻപ് 2024 മാർച്ചിൽ ജയ്‌സാൽമേറിന് സമീപവും 2025 നവംബറിൽ ദുബായ് എയർഷോക്കിടെയും തേജസ് തകർന്നിരുന്നു.

ഡിസംബറോടെ ആകെ 20 തേജസ് വിമാനങ്ങളും വിതരണം ചെയ്യാനാകുമെന്നും ഇതിൽ ആറെണ്ണം പരിശോധനകൾക്കുശേഷം ഉടൻ കൈമാറുമെന്നും സുനിൽ വ്യക്തമാക്കി. വിമാനത്തിനുള്ള എഫ്-404 എയ്റോ എൻജിനുകളുടെ വിതരണം, നിർമാതാക്കളായ യു.എസ്. കമ്പനി ജി.ഇ. എയ്റോസ്‌പെയ്‌സ് വൈകിപ്പിക്കുന്നതാണ് തേജസ് വൈകാൻ കാരണം.

Content Highlights: Tejas fighter jets return to service after a two-month grounding for software repairs., HAL confirms 20 aircraft delivery target by the end of 2026., Supply chain delays from GE Aerospace for F-404 engines impacting production., Safety protocols implemented following previous technical failures.