സുധാകരന്റെ ഹമാസ് ചോദ്യം; മറുപടി നല്‍കിയത് വി.മുരളീധരന്‍,വന്നത് മീനാക്ഷി ലേഖിയുടെ പേരില്‍;തിരുത്ത്

ന്യൂഡല്‍ഹി: ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കുമോയെന്ന കെ. സുധാകരന്‍ എം.പിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്രവിദേശകാര്യമന്ത്രാലയം. വിദേശകാര്യസഹമന്ത്രി മീനാക്ഷി ലേഖിയല്ല, മറ്റൊരു സഹമന്ത്രായായ വി. മുരളീധരനാണ് കണ്ണൂര്‍ എം.പി. സുധാകരന്റെ ചോദ്യത്തിന് മറുപടി നല്‍കിയതെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് രേഖകളില്‍ തിരുത്ത് നല്‍കിയതായി കേന്ദ്രവിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇന്ത്യ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നായിരുന്നു കെ. സുധാകരന്റെ ചോദ്യം. ഇതിന് മറുപടി നല്‍കിയത് സഹമന്ത്രി മീനാക്ഷി ലേഖിയാണെന്നാണ് സഭയുടെ വൈബ്‌സൈറ്റിലുള്ള രേഖകളിലുണ്ടായിരുന്നത്. ഇത് പ്രചരിച്ചതോടെ അത്തരമൊരു മറുപടിയില്‍ താന്‍ ഒപ്പുവെച്ചില്ലെന്ന് വിശദീകരിച്ച് മീനാക്ഷി ലേഖി രംഗത്തെത്തിയിരുന്നു. വിഷയത്തില്‍ ഔദ്യോഗിക അന്വേഷണം നടത്തുമെന്നും മന്ത്രി അറിയിച്ചിരുന്നു.
ഒരു സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരും. ഏതെങ്കിലം സംഘടനയെ ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നത് ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് പരിഗണിക്കും എന്നായിരുന്നു മീനാക്ഷി ലേഖിയുടേതായി പുറത്തുവന്ന മറുപടി. ഹമാസിനെ ഇന്ത്യയില്‍ ഭീകരസംഘടനയായി പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാരിന് എന്തെങ്കിലും നിര്‍ദേശമുണ്ടോയെന്നും ഇസ്രായേല്‍ അത്തരത്തിലുള്ള എന്തെങ്കിലും ആവശ്യം ഉന്നയിച്ചിട്ടുണ്ടോ എന്നുമായിരുന്നു ചോദ്യം. ഇതിലാണ് ഇപ്പോള്‍ വിദേശകാര്യമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തിയത്.
വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചിയാണ് വിശദീകരണം നല്‍കിയത്. മീനാക്ഷി ലേഖിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ വിദേശകാര്യമന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ പക്ഷം ശിവസേന എം.പി. പ്രിയങ്ക ചതുര്‍വേദിയടക്കം രംഗത്തെത്തിയിരുന്നു. രേഖയില്‍ ഒപ്പുവെച്ചില്ലെന്ന് മീനാക്ഷി ലേഖിയ പറയുന്നുവെങ്കില്‍ സഭാ സൈറ്റില്‍വന്നത് വ്യാജ മറുപടിയാണോ എന്നായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ ചോദ്യം.
Content Highlights: technical correction Ministry of External Affairs V Muraleedharan Meenakshi Lekhi K Sudhakaran Hamas