ടാറ്റ സൺസിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടാറ്റ ട്രസ്റ്റ്; 65 കോടി നഷ്ടപരിഹാരം നൽകണമെന്നാവശ്യം

#ന്യൂസ് ഡെസ്ക്
എൻ. ചന്ദ്രശേഖരൻ, നോയൽ ടാറ്റ | Photo: Ravi Choudhary/PTI and PTI Photo
എൻ. ചന്ദ്രശേഖരൻ, നോയൽ ടാറ്റ | Photo: Ravi Choudhary/PTI and PTI Photo

മുംബൈ: എൻ. ചന്ദ്രശേഖരനെ വീണ്ടും എക്‌സിക്യൂട്ടീവ് ചെയർമാനായി നിയമിച്ചതിനെ ചോദ്യം ചെയ്തുകൊണ്ട് ടാറ്റ സൺസിനും അതിന്റെ ആറ് ഡയറക്ടർമാർക്കുമെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ച് ടാറ്റ ട്രസ്റ്റുകൾ. സർ ദോറാബ്ജി ടാറ്റ ട്രസ്റ്റും (എസ്.ഡി.ടി.ടി) ആർ.ഡി. ടാറ്റ ട്രസ്റ്റും (ആർ.ഡി.ടി.ടി)മാണ് ഹർജി ഫയൽ ചെയ്യുക.

എസ്.ഡി.ടി.ടി 50 കോടി രൂപയും ആർ.ഡി.ടി.ടി 15 കോടി രൂപയും നഷ്ടപരിഹാരമായി 18 ശതമാനം വാർഷിക പലിശയും ആവശ്യപ്പെടുമെന്നും പിടിഐ റിപ്പോർട്ട് ചെയ്തു.

സെപ്റ്റംബർ 17-ലെ ബോർഡ് യോഗത്തിൽ എൻ. ചന്ദ്രശേഖരനെ ടാറ്റ സൺസ് എക്സിക്യൂട്ടീവ് ചെയർമാനായി മറ്റൊരു അഞ്ച് വർഷത്തേക്ക് പുനർനിയമിച്ചതിനെത്തുടർന്നാണ് ഈ തർക്കം. സെപ്റ്റംബർ 17 മുതൽ അയച്ച കത്തുകൾക്ക് തൃപ്തികരമായ മറുപടി ലഭിക്കാത്തതിനെത്തുടർന്ന്, ഹൈക്കോടതിയെ സമീപിക്കുന്നതിനുള്ള പ്രമേയങ്ങൾ രണ്ട് ട്രസ്റ്റുകളും കഴിഞ്ഞ ദിവസം പാസാക്കുകയായിരുന്നു.

ടാറ്റാ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷന്റെ കീഴിൽ ആവശ്യമായ അനുകൂല വോട്ട് ലഭിക്കാത്തതിനാൽ ചന്ദ്രശേഖരനെ നിയമിച്ച തീരുമാനം അസാധുവാണെന്നാണ് അവരുടെ വാദം.

നോയൽ ടാറ്റയുടെ അധ്യക്ഷതയിലുള്ള ടാറ്റ ട്രസ്റ്റ്‌സിന് ടാറ്റ സൺസിൽ ഏകദേശം 66 ശതമാനം ഓഹരികളുണ്ട്. ടാറ്റ സൺസിന്റെ ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിലെ (AoA) ആർട്ടിക്കിൾ 121 പ്രകാരം, യോഗത്തിൽ പങ്കെടുത്ത ട്രസ്റ്റ് നോമിനി ഡയറക്ടർമാരുടെ ഭൂരിപക്ഷത്തിന്റെ പിന്തുണയില്ലാതെ പാസാക്കിയ പുനർനിയമന പ്രമേയം അസാധുവാണെന്നാണ് ട്രസ്റ്റുകളുടെ വാദം. നോയൽ ടാറ്റ, വേണു ശ്രീനിവാസൻ എന്നിങ്ങനെ രണ്ട് നോമിനി ഡയറക്ടർമാരാണുള്ളത്.

സെപ്റ്റംബർ 17-ലെ ബോർഡ് യോഗത്തിൽ ടാറ്റ ട്രസ്റ്റ് ചെയർമാൻ നോയൽ ടാറ്റ ചന്ദ്രശേഖരന്റെ പുനർനിയമനത്തെ എതിർത്തപ്പോൾ, മറ്റൊരു നോമിനി ഡയറക്ടറായ വേണു ശ്രീനിവാസൻ അനുകൂലിച്ചു. ഇരുവരും രണ്ട് ചേരിയിലായതോടെ, യോഗത്തിൽ അധ്യക്ഷത വഹിച്ച ഹരീഷ് മൻവാനി തന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിച്ച് പ്രമേയം പാസാക്കുകയായിരുന്നു. എന്നാൽ ആർട്ടിക്കിൾ 121 പ്രകാരമുള്ള ഭൂരിപക്ഷ പിന്തുണയ്ക്ക് പകരമായി അധ്യക്ഷന്റെ കാസ്റ്റിംഗ് വോട്ട് ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ട്രസ്റ്റുകൾ വാദിക്കുന്നത്.

ടാറ്റ സൺസിന്റെ നവംബർ 30-ലെ ബോർഡ് യോഗത്തിന് മുന്നോടിയായി ഇടക്കാല ഉത്തരവ് നേടാനാണ് ട്രസ്റ്റുകളുടെ ശ്രമം.

Content Highlights: Tata Trusts filed a petition in Bombay High Court against Tata Sons and six directors., The dispute challenges the reappointment of N Chandrasekaran as Executive Chairman for another 5 years., Trusts claim the reappointment violated Article 121 due to lack of required majority support., Seeking interim orders ahead of the November 30 Tata Sons board meeting.