പ്രതിസന്ധി നീങ്ങാതെ ടാറ്റാ സാമ്രാജ്യം; ചന്ദ്രശേഖരൻ പടിയിറങ്ങുമ്പോൾ പുതിയ സാരഥി ആര്?

ഏതാണ്ട് മൂന്ന് പതിറ്റാണ്ടോളം ടാറ്റാ സാമ്രാജ്യത്തിന്റെ മുഖം രത്തൻ ടാറ്റയായിരുന്നു. ടാറ്റാ സൺസിന്റെയും ടാറ്റാ ട്രസ്റ്റ്‌സിന്റെയും ചെയർമാൻ മാത്രമായിരുന്നില്ല അദ്ദേഹം. ലോകത്തിന് ടാറ്റ എന്നാൽ അഞ്ചടി 10 ഇഞ്ച് നീളമുള്ള ആ തലപ്പൊക്കമായിരുന്നു. 2012 ഡിസംബറിൽ അദ്ദേഹം ടാറ്റാ സൺസിന്റെ ചെയർമാൻപഥം ഒഴിയുമ്പോൾ പിൻഗാമിയായി സൈറസ് മിസ്ത്രി എത്തി. ടാറ്റാ സൺസിലെ ഓഹരിയുടമകളായ ഷപൂർജി പല്ലോൻജി കുടുംബത്തിലെ പിൻതലമുറക്കാരനായിരുന്നു സൈറസ്. രത്തൻ ടാറ്റയുടെ പിൻഗാമിയെ കണ്ടെത്താനുള്ള സമിതിയിൽ ശരിക്കും സൈറസുമുണ്ടായിരുന്നു.
ടാറ്റാ സാമ്രാജ്യത്തിന്റെ ചെയർമാൻപദവിയിലെത്തുന്ന ആളിനുവേണ്ട സ്വഭാവഗുണങ്ങൾ എണ്ണിപ്പറഞ്ഞ് മാർഗരേഖ തയ്യാറാക്കിയ സൈറസ് മിസ്ത്രി പക്ഷേ, ആ കസേരയിൽ എത്തിയപ്പോൾ അതെല്ലാം മറന്നു. ടാറ്റാമൂല്യങ്ങളിൽ നിന്ന് മൊത്തത്തിൽ വ്യതിചലിക്കാൻ തുടങ്ങി. വരുമാനവളർച്ചയും കുറഞ്ഞു. ഇതോടെ കോർപ്പറേറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് 2016 ഒക്ടോബർ 24-ന് സൈറസ് മിസ്ത്രിയെ ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് പുറത്താക്കി. രത്തൻ ടാറ്റ ഇടക്കാല ചെയർമാനായി തിരിച്ചെത്തുകയും ചെയ്തു. മിസ്ത്രി വർഷങ്ങൾനീണ്ട നിയമയുദ്ധം തന്നെ നടത്തി. സൈറസ് മിസ്ത്രിയുടെ പുറത്താക്കൽ നിയമവിരുദ്ധമാണെന്ന് നാഷണൽ കമ്പനി ലോ അപ്പേലറ്റ് ട്രിബ്യൂണൽ വിധിച്ചെങ്കിലും സുപ്രീം കോടതിയുടെ അന്തിമവിധി ടാറ്റയ്ക്ക് അനുകൂലമായിരുന്നു.
സൈറസ് മിസ്ത്രിയെ പുറത്താക്കിയതിന് തൊട്ടുപിന്നാലെ ടാറ്റാ കൺസൾട്ടൻസി സർവീസസിന്റെ (ടി.സി.എസ്.) മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ എൻ. ചന്ദ്രശേഖരനെ ടാറ്റാ സൺസിന്റെ ഡയറക്ടർ ബോർഡിലേക്ക് നിയമിച്ചിരുന്നു. രണ്ടുമാസങ്ങൾക്കുശേഷം 2016 ഡിസംബറിൽ ചന്ദ്രശേഖരനെ ടാറ്റാ സൺസിന്റെ ചെയർമാനായി നിയമിക്കുകയാണെന്ന് രത്തൻ ടാറ്റ സൂചന നൽകി. 2017 ഫെബ്രുവരി 21-ന് അദ്ദേഹം ചെയർമാനായി ചുമതലയേറ്റു. അപ്പോഴും ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാനായി രത്തൻ ടാറ്റ തുടർന്നു. രത്തൻ ടാറ്റയുടെ സാന്നിധ്യം ചന്ദ്രശേഖരന് വലിയ ആശ്വാസവും ആത്മവിശ്വാസവും നൽകി. അതുകൊണ്ടുതന്നെ ചന്ദ്രശേഖരന് ടാറ്റാ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നേറാൻ കഴിഞ്ഞു. ഇതോടെ ഗ്രൂപ്പ് വലിയതോതിൽ വളർന്നു.
ടെക്‌നോളജി രംഗത്തും ആഗോള ഉത്പാദനരംഗത്തും സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനൊപ്പം ഇലക്ട്രോണിക്സ്, സെമി കണ്ടക്ടർ, വൈദ്യുതിവാഹനം തുടങ്ങിയ മേഖലകളിൽ വലിയ തോതിൽ നിക്ഷേപം നടത്തി. കേന്ദ്രസർക്കാരിൽനിന്ന് എയർ ഇന്ത്യയെ ടാറ്റാ ഗ്രൂപ്പിന്റെ നിയന്ത്രണത്തിൽ തിരികെക്കൊണ്ടുവന്നതും ചന്ദ്രശേഖരന്റെ കാലത്താണ്.
എന്നാൽ, 2024 ഒക്ടോബർ ഒൻപതിന് രത്തൻ ടാറ്റയുടെ വിയോഗത്തോടെ കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. ടാറ്റാ ട്രസ്റ്റ്‌സിന്റെ ചെയർമാനായി രത്തൻ ടാറ്റയുടെ അർധസഹോദരനായ നോയൽ ടാറ്റ നിയമിതനായി. ടാറ്റാ സൺസിന്റെ ഓഹരികളുടെ മൂന്നിൽ രണ്ടും (ഏതാണ്ട് 66 ശതമാനം) കൈയാളുന്ന ടാറ്റാ ട്രസ്റ്റുകളുടെ ചെയർമാൻ എന്നത് വളരെ കരുത്തുറ്റ സ്ഥാനമാണ്. ടാറ്റാ സൺസിന്റെ ചെയർമാൻ സ്ഥാനവും അതുപോലെതന്നെ ശക്തമാണ്. പക്ഷേ, അവർ രണ്ടും ഒരേചേരിയിൽ ആയിരുന്നില്ല.
ടാറ്റാ സൺസിന്റെ ഓഹരികൾ സ്റ്റോക്ക് എക്സ്‌ചേഞ്ചുകളിൽ ലിസ്റ്റ് സംബന്ധിച്ചായിരുന്നു ഇരുവരും തമ്മിൽ അഭിപ്രായഭിന്നത തുടങ്ങുന്നത്. പിന്നീട് എയർ ഇന്ത്യയുടെ ഭീമമായ നഷ്ടം, ടാറ്റാ ഡിജിറ്റൽ ഉൾപ്പെടെയുള്ള പുതിയ ബിസിനസ്സുകളിൽ നടത്തുന്ന നിക്ഷേപം എന്നിവ സംബന്ധിച്ചും ഭിന്നാഭിപ്രായങ്ങൾ ഉയർന്നു. സൈറസ് മിസ്ത്രിയെ നാടകീയമായി പുറത്താക്കിയത് വേഗത്തിലായിരുന്നെങ്കിൽ ചന്ദ്രശേഖരൻ ഏതാണ്ട് 10 വർഷം ടാറ്റാ ഗ്രൂപ്പിനെ വിജയകരമായി നയിച്ചശേഷമാണ് പുനർനിയമനത്തിന് നിൽക്കാതെ പടിയിറങ്ങുന്നത്. ജെ.ആർ.ഡി. ടാറ്റയെയും രത്തൻ ടാറ്റയെയും പോലെ തലയെടുപ്പുള്ള ഒരു മേധാവി ടാറ്റാ ഗ്രൂപ്പിന് ഇനി ഉണ്ടാവാനിടയില്ല. പക്ഷേ, പുതിയ മേധാവിയെ കണ്ടെത്തുന്നതുപോലും ടാറ്റാ ഗ്രൂപ്പിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്.
Content Highlights: Ratan Tata's iconic legacy as the face of Tata Sons and Tata Trusts., The controversial ousting of Cyrus Mistry in 2016 and legal battles., N. Chandrasekaran's successful decade-long leadership and major expansions like Air India., The transition of power to Noel Tata at Tata Trusts following Ratan Tata's demise in 2024., Emerging governance challenges and strategic differences within the Tata empire.