തന്‍സീം ഇ ഇന്‍സാഫ്- സി.പി.ഐ.ക്ക് മുസ്ലിം മുഖമുള്ള ന്യൂനപക്ഷസംഘടന

പ്രതീകാത്മക ചിത്രം | ANI
പ്രതീകാത്മക ചിത്രം | ANI

വിജയവാഡ: മുസ്ലിം വിഭാഗങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'തന്‍സീം ഇ ഇന്‍സാഫ്' എന്ന സംഘടനയെ രാഷ്ട്രീയമായി ഏറ്റെടുത്ത് സി.പി.ഐ. വിവിധ സംസ്ഥാനങ്ങളില്‍ ചെറുഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്ന ഈ സംഘടനയ്ക്ക് സി.പി.ഐ. ദേശീയരൂപം ഉണ്ടാക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ നിര്‍ദേശം. ന്യൂനപക്ഷ-മുസ്ലിം വിഭാഗങ്ങളില്‍ ഒരു സ്വതന്ത്രസംഘടന എന്ന നിലയില്‍ തന്‍സീം ഇ ഇന്‍സാഫിനെ സി.പി.ഐ. പിന്തുണച്ചിരുന്നു. എന്നാല്‍, അതിനെ പാര്‍ട്ടി ബഹുജനസംഘടനകളുടെ വിഭാഗത്തിലുള്‍പ്പെടുത്തി പാര്‍ട്ടികോണ്‍ഗ്രസില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമാണ്.

സാമുദായികരീതില്‍ സംഘടനയുണ്ടാക്കുന്നതിനോട് നേരത്തേ സി.പി.ഐ. നേതാക്കള്‍ക്ക് വിയോജിപ്പായിരുന്നു. കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന്ന് 2022 മാര്‍ച്ചിലാണ് ഇത് കേരളത്തില്‍ തുടങ്ങിയത്. ദളിതരെ ദളിതരായി സംഘടിപ്പിക്കുന്നതുപോലും അവരോടുകാണിക്കുന്ന വിവേചനമാണെന്ന വിമര്‍ശനമാണ് കഴിഞ്ഞ തിരുവനന്തപുരം സംസ്ഥാനസമ്മേളനത്തില്‍ ഉണ്ടായത്.

ന്യൂനപക്ഷങ്ങള്‍ പൊതുവേയും മുസ്ലിംവിഭാഗം പ്രത്യേകമായും അവഗണനയും അരക്ഷിതാവസ്ഥയും നേരിടുകയാണെന്ന ആമുഖത്തോടെയാണ് 'തന്‍സീം ഇ ഇന്‍സാഫി'നെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പാര്‍ട്ടികോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. ന്യൂനപക്ഷക്ഷേമത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് ചെലവഴിക്കാതെ തിരിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ യാചിച്ച് നേടേണ്ടതല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് 'തന്‍സീം ഇ ഇന്‍സാഫി'ന്റെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

എ.ബി. ബര്‍ദാന്‍ ജനറല്‍സെക്രട്ടറിയായിരുന്ന കാലത്താണ് മുസ്ലിം വിഭാഗങ്ങള്‍ക്കിടയില്‍ ഒരു സ്വതന്ത്രസംഘടന എന്ന ആശയത്തിന് പാര്‍ട്ടി പിന്തുണ നല്‍കിയത്. എന്നാല്‍, അതിനെ സി.പി.ഐ.യുടേതായി മാറ്റാന്‍ തയ്യാറായില്ല. പലസംസ്ഥാനങ്ങളിലും ഇതിന് ഘടകങ്ങളുണ്ടായി. ഇവയെ ഒന്നിപ്പിക്കുന്ന ദേശീയകൗണ്‍സിലും രൂപവത്കരിച്ചിട്ടുണ്ട്. എന്നാല്‍, രാഷ്ട്രീയമുഖം ഈ സംഘടനയ്ക്ക് സി.പി.ഐ. നല്‍കിയിരുന്നില്ല. സാമുദായികസംഘടന എന്നാണ് ഇന്‍സാഫിന്റെ സാമൂഹികമാധ്യമ പേജില്‍ അവര്‍ നല്‍കിയിരിക്കുന്ന നിര്‍വചനം.

Content Highlights: Tanzeem E Insaaf CPI