16-ാം വയസ്സിൽ നാടുവിട്ടു, പാകിസ്താൻ അതിർത്തിയിൽ ‘എരുമജീവിതം’; 22 വർഷത്തിനുശേഷം പ്രകാശത്തിനു മോചനം

പ്രകാശം അമ്മ സുന്ദരിക്കൊപ്പം/അമൃത്‌സറിലെ ജസ്രൗർ ഗ്രാമത്തിലെ എരുമ ഫാമിൽ ചങ്ങലയിൽ തളച്ചിട്ട പ്രകാശം | Photo: instagram.com/dtnext_chennai
പ്രകാശം അമ്മ സുന്ദരിക്കൊപ്പം/അമൃത്‌സറിലെ ജസ്രൗർ ഗ്രാമത്തിലെ എരുമ ഫാമിൽ ചങ്ങലയിൽ തളച്ചിട്ട പ്രകാശം | Photo: instagram.com/dtnext_chennai

ചെന്നൈ: പാകിസ്താൻ അതിർത്തിയിലെ എരുമ ഫാമിൽ 22 വർഷം അടിമപ്പണി ചെയ്തിരുന്ന തമിഴ്‌നാട്ടുകാരന് വർഷങ്ങൾക്കൊടുവിൽ അമ്മയുമായി സമാഗമം. കോയമ്പത്തൂർ ജില്ലയിലെ സൂലൂരിലെ കൂലിപ്പണിക്കാരി സുന്ദരിക്കാണ് മകൻ പ്രകാശത്തെ തിരികെ ലഭിച്ചത്.

2003-ൽ 16 വയസ്സിൽ അനുജനോടു വഴക്കിട്ട് വീടുവിട്ടിറങ്ങിയതായിരുന്നു പ്രകാശം. സുന്ദരി പോലീസിൽ പരാതി നൽകി. ജില്ലാകളക്ടർക്കു നിവേദനങ്ങൾ സമർപ്പിച്ചു. ഏറെ നാളായി കാത്തിരുന്നതല്ലാതെ മകൻ വന്നില്ല.

വർഷങ്ങൾക്കുശേഷം 2022 ജൂലായ്‌ 16-ന് പാകിസ്താൻ അതിർത്തിയിൽനിന്ന് 10 കിലോമീറ്റർ അകലെ പഞ്ചാബിലെ അമൃത്‌സറിലെ ജസ്രൗർ ഗ്രാമത്തിൽ അപ്ന ഫാർസ് സേവാ സൊസൈറ്റി എന്ന സംഘടനയിലെ അംഗങ്ങൾ പ്രകാശത്തെ കണ്ടു. കന്നുകാലി ഫാമിൽ എല്ലുംതോലുമായ നിലയിൽ, മുടിയും താടിയും വളർത്തി, ശരീരമാസകലം മണ്ണിൽക്കുതിർന്ന ഒരു മനുഷ്യക്കോലം.

ഇക്കാലമത്രയും എരുമ ഫാം മാത്രമായിരുന്നു പ്രകാശത്തിന്റെ ഒരേയൊരു ലോകം. കന്നുകാലികളുടെ അരികിൽ ഒരു ഇരുമ്പു കട്ടിലിലായിരുന്നു ഉറക്കം. രാത്രിയിൽ ഓടിപ്പോകാതിരിക്കാൻ ഫാം ഉടമ പ്രകാശത്തെ ചങ്ങലയിൽ തളച്ചിട്ടു. 15 വർഷമായി എരുമകളോട് മാത്രം സംസാരം. ആരുമില്ലാതെ തനിച്ചുള്ള ദുരിതജീവിതം. സംഘടനയിലെ അംഗങ്ങൾ പ്രകാശത്തിന്‌ പട്യാല സർക്കാർ മെഡിക്കൽകോളേജിൽ ചികിത്സ നൽകി. അയാൾ പതുക്കെ ഓർമ്മകൾ തിരിച്ചുപിടിക്കാൻ തുടങ്ങി. അതിൽനിന്ന്‌ നാടും വീടും അമ്മയുടെ പേരും വ്യക്തമായി.

പാകിസ്താൻ അതിർത്തിയിൽ താൻ എങ്ങനെ എത്തപ്പെട്ടുവെന്ന് പക്ഷേ, പ്രകാശത്തിന് ഓർമ്മയില്ല. ഉറക്കമുണരുന്നതു മുതൽ രാത്രിവരെ തൊഴുത്തുകൾ വൃത്തിയാക്കി, ചാണകം ശേഖരിച്ച്, ചാണകക്കൂമ്പാരങ്ങൾക്കിടയിൽ ജീവിതം. ഇതിനൊന്നും കൂലി നൽകിയിരുന്നില്ല. ചങ്ങലയ്ക്കിട്ടിരുന്നതിനാൽ ചൂടിലും മഴയിലും വിയർത്തും നനഞ്ഞും കാലം തള്ളി നീക്കി.

20 വർഷങ്ങൾക്കുശേഷം ഒടുവിൽ സുന്ദരിയും പ്രകാശവും ആദ്യമായി വീഡിയോ കോളിലൂടെ പരസ്പരം കണ്ടു. സുന്ദരി അവനെ വേഗം തിരിച്ചറിഞ്ഞു. പ്രകാശത്തിനും അമ്മയെ മനസ്സിലായി. സുന്ദരി മകനോടു പറഞ്ഞു. ‘ഞാൻ വരാം, പ്രകാശാ’... ഒടുവിൽ മകനെയുംകൂട്ടി സുന്ദരി തിരിച്ചു തമിഴ്‌നാട്ടിലേക്ക്.

Content Highlights: A Tamil Nadu man named Prakash, who went missing at age 16, was rescued by a social service organization after enduring 22 years of chained, unpaid forced labor at a buffalo farm near the Pakistan border in Punjab, leading to an emotional video call and reunion with his mother, Sundari.