തമിഴ്‌നാട് പൊതുഗതാഗതത്തിൽ വിപ്ലവം: സർക്കാർ ഇനി വാങ്ങുക എസി ബസുകൾ മാത്രമെന്ന് മുഖ്യമന്ത്രി

ചെന്നൈ: തമിഴ്‌നാട് സർക്കാർ ഇനി മുതൽ എയർകണ്ടീഷൻഡ് (എസി) ബസുകൾ മാത്രമേ വാങ്ങുകയുള്ളൂവെന്ന് മുഖ്യമന്ത്രി വിജയ്. സേലത്ത് നടന്ന ഒരു ചടങ്ങിനിടെ ഗതാഗത മന്ത്രി വിജയ് തമിഴൻ പാർത്ഥിപനാണ് മുഖ്യമന്ത്രിയുടെ ഈ നിർണ്ണായക തീരുമാനം ജനങ്ങളെ അറിയിച്ചത്.
തമിഴ്‌നാട്ടിലെ ഓരോ വ്യക്തിക്കും ദൂരയാത്രകൾ സുഖകരമായി നടത്തുന്നതിനാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനം എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഏറ്റവും ഉൾനാടൻ പ്രദേശങ്ങളെപ്പോലും ശക്തമായ ഒരു ബസ് ശൃംഖല വഴി ബന്ധിപ്പിക്കണമെന്നും ആ യാത്രകൾ ഓരോ വ്യക്തിക്കും സൗകര്യപ്രദമായിരിക്കണമെന്നും മുഖ്യമന്ത്രി ആഗ്രഹിക്കുന്നതായി ഗതാഗത മന്ത്രിയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രി വിജയ് ഈയിടെ ഒരു സർക്കാർ ബസിൽ നേരിട്ട് യാത്ര ചെയ്തിരുന്നു. ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ വാഹനങ്ങളെല്ലാം എയർകണ്ടീഷൻ സൗകര്യമുള്ളതാക്കണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചതെന്നും വിജയ് തമിഴൻ പാർത്ഥിപൻ വ്യക്തമാക്കി.
സംസ്ഥാനത്തുടനീളം സർവീസ് നടത്തുന്നതിനായി 300 പുതിയ ബസുകൾ കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തുിരുന്നു. 127.21 കോടി രൂപ ചെലവഴിച്ചാണ് ഈ ബസുകൾ വാങ്ങിയത്. ഇതിൽ 164 ഡീസൽ ബസുകളും 136 ബിഎസ്-6 നിലവാരത്തിലുള്ള സിഎൻജി ബസുകളുമാണുള്ളത്. യാത്രക്കാരുടെ കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനും കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനുമായി കോയമ്പേട്, കീളമ്പാക്കം തുടങ്ങിയ പ്രധാന ട്രാൻസിറ്റ് ഹബ്ബുകളിൽ നിന്ന് ബസുകൾ ഉടൻ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.
തമിഴ്‌നാട്ടിലെ നിലവിലുള്ള പൊതുഗതാഗത ശൃംഖലയെ പൂർണ്ണമായും ആധുനികവൽക്കരിക്കാനും മികച്ച സൗകര്യങ്ങൾ യാത്രക്കാർക്ക് ഒരുക്കാനുമുള്ള ടിവികെ പാർട്ടിയുടെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണ് ഈ പുതിയ മാറ്റങ്ങളെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
Content Highlights: Tamil Nadu CM Vijay announces the government will exclusively procure AC buses to modernize public transport