'ഉലഗം ഉങ്കൾ കൈയിൽ'; കോളേജ് വിദ്യാർഥികൾക്ക് സ്റ്റാലിന്റെ സൗജന്യ ലാപ്‌ടോപ് പദ്ധതി

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കോളേജ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ ലാപ്ടോപ്പ് വിതരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇത് സമ്മാനമല്ലെന്നും ലോകത്തെ ഭരിക്കാനുള്ള അവസരമാണെന്നും അദ്ദേഹം പറഞ്ഞു.
'ഉലഗം ഉങ്കൾ കൈയിൽ' (ലോകം നിങ്ങളുടെ കൈകളിലാണ്) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വിദ്യാർത്ഥികളുടെ ഡിജിറ്റൽ ശാക്തീകരണവും അവരുടെ നൈപുണ്യ വികസനവും ലക്ഷ്യമിടുന്നതാണെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു.
'ലാപ്ടോപ്പ് ഒരു സമ്മാനമല്ല, ലോകത്തെ ഭരിക്കാനുള്ള അവസരമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു ചെലവല്ല. ഭാവി തലമുറയുടെ വിദ്യാഭ്യാസത്തിനുള്ള നിക്ഷേപമാണ്. പഠിക്കാനുള്ള എല്ലാ അവസരങ്ങളും ഞങ്ങൾ നിങ്ങൾക്കായി സൃഷ്ടിക്കുന്നു. നന്നായി പഠിക്കുകയും നല്ല പാത തിരഞ്ഞെടുക്കുകയും ചെയ്യുക' സ്റ്റാലിൻ പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ആകെ 20 ലക്ഷം ലാപ്ടോപ്പുകൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആദ്യ ഘട്ടത്തിൽ 10 ലക്ഷം ലാപ്ടോപ്പുകൾ വിതരണം ചെയ്യും. ഈ സാമ്പത്തിക വർഷം ഈ സംരംഭത്തിനായി 2,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും തമിഴ്‌നാട് സർക്കാർ വ്യക്തമാക്കി.
സർക്കാർ കോളേജുകളിൽ പഠിക്കുന്നവർക്കും പോളിടെക്‌നിക് കോളേജുകളിലും ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും പഠിക്കുന്നവർക്കും സൗജന്യം ലാപ്‌ടോപ് ലഭ്യമാകും. എഞ്ചിനീയറിംഗ്, ആർട്‌സ് ആൻഡ് സയൻസ്, മെഡിസിൻ, അഗ്രികൾച്ചർ, നിയമം തുടങ്ങിയ വിഭാഗങ്ങളും ഇതിലുൾപ്പെടുന്നു. ഡെൽ, ഏസർ, എച്ച്പി തുടങ്ങിയ ബ്രാൻഡുകളിൽ നിന്നുള്ള ലാപ്ടോപ്പുകളാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്. ഇതിനോടപ്പം
പെർപ്ലക്‌സിറ്റി പ്രോ എഐ പ്ലാറ്റ്ഫോം ആറ് മാസത്തെ സൗജന്യ സബ്‌സ്‌ക്രിപ്ഷനും നൽകുന്നുണ്ട്.
Content Highlights: Tamil Nadu Launches 'World in Your Hands' Initiative: Free Laptops for College Students to Empower Digital Futures