ഇസ്രയേലിന്റേത് വിവേകരഹിത നടപടി, ഗാസയിലെ വംശഹത്യ അവസാനിപ്പിക്കണം; വെടിനിര്‍ത്തലിന് കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തണം - എം.കെ. സ്റ്റാലിന്‍

ചെന്നൈ: ഗാസക്കെതിരെ ഇസ്രയേൽ നടത്തിവരുന്ന ആക്രമണങ്ങൾ തടയാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും വെടിനിർത്തലിനായി സമ്മർദം ചെലുത്തണമെന്നും ആവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ. ഗാസാ വിഷയവുമായി ബന്ധപ്പെട്ട് ചെന്നൈയിൽ സിപിഎം സംഘടിപ്പിച്ച പ്രതിഷേധപരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ.
തികച്ചും വിവേകരഹിതമാണ് ഇസ്രയേലിന്റെ ആക്രമണങ്ങളെന്ന് അപലപിച്ചുകൊണ്ടും ഗാസയിൽ സമാധാനവും മാനുഷിക സഹായവും എത്തിക്കുന്നതിനായി ഐക്യരാഷ്ട്രസഭയിലൂടെയും മറ്റ് അന്താരാഷ്ട്ര ഏജൻസികളിലൂടെയും നയതന്ത്ര ശ്രമങ്ങൾ ആരംഭിക്കാൻ കേന്ദ്രത്തോട് അഭ്യർഥിച്ചുകൊണ്ടും ഒക്ടോബർ 14-ന് സംസ്ഥാന നിയമസഭ ഒരു പ്രമേയം പാസാക്കുമെന്ന് സ്റ്റാലിൻ പ്രഖ്യാപിച്ചു. പ്രമേയം തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങൾ പ്രതിഫലിപ്പിക്കുമെന്നും രാഷ്ട്രീയ ഭിന്നതകൾക്കപ്പുറം എല്ലാ പാർട്ടികളും പ്രമേയത്തെ പിന്തുണയ്ക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
ഗാസയിലെ വംശഹത്യ അവസാനിക്കണമെന്നും ഗാസയിൽ തുടരുന്ന അനീതിയെ അപലപിക്കാതിരിക്കാനാകില്ലെന്നും സ്റ്റാലിൻ പറഞ്ഞു.കഴിഞ്ഞ ഒരു വർഷത്തിനിടെ ഗാസയിൽ 50,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി യുഎൻ , യൂണിസെഫ് കണക്കുകൾ ഉദ്ധരിച്ച് അദ്ദേഹം പറഞ്ഞു. ഒരു ലക്ഷത്തിലധികം ആളുകൾക്ക് പരിക്കേറ്റതായും ഗാസയുടെ വലിയൊരു ഭാഗം പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജൂണിൽ ഭക്ഷണ ട്രക്കുകൾക്കായി കാത്തുനിന്ന പട്ടിണി കിടക്കുന്ന 45 പലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവച്ചുകൊന്ന റിപ്പോർട്ടുകളും അദ്ദേഹം എടുത്തുപറഞ്ഞു,
Content Highlights: Tamil Nadu CM M.K. Stalin calls on the Indian government to press for a ceasefire in Gaza, condemning Israeli attacks and urging humanitarian aid. A resolution will be tabled in the assembly.