വിദ്യാര്‍ഥിയെ മുംബൈയിലെ അഫ്ഗാൻ പ്രതിനിധിയായി നിയമിച്ച് താലിബാൻ; പ്രതികരിക്കാതെ ഇന്ത്യ

താലിബാന്‍ പ്രവര്‍ത്തകര്‍ കാബൂളിലെ മുന്‍ അമേരിക്കന്‍ എംബസിക്ക് സമീപം ( ഫയല്‍ ചിത്രം) ഫോട്ടോ:  AFP
താലിബാന്‍ പ്രവര്‍ത്തകര്‍ കാബൂളിലെ മുന്‍ അമേരിക്കന്‍ എംബസിക്ക് സമീപം ( ഫയല്‍ ചിത്രം) ഫോട്ടോ: AFP

ന്യൂഡല്‍ഹി:  താലിബാന്‍ എന്ന വാക്കിന്റെ അര്‍ഥം വിദ്യാര്‍ഥി എന്നാണ്. ഇപ്പോഴിതെ ഇന്ത്യയില്‍ പഠിക്കുന്ന അഫ്ഗാന്‍ സ്വദേശിയെ നയതന്ത്ര പ്രതിനിധി ആക്കിയിരിക്കുകയാണ് താലിബാന്‍ സര്‍ക്കാര്‍. അഫ്ഗാനിസ്താനില്‍ നിന്ന് ഇന്ത്യയിലെത്തി പഠിക്കുന്ന വിദ്യാര്‍ഥിയെ മുംബൈയിലെ അഫ്ഗാനിസ്താന്റെ ആക്ടിങ് കോണ്‍സുലായി നിയമിച്ചിരിക്കുകയാണ് താലിബാന്‍. ഇന്ത്യാ- താലിബാന്‍ ബന്ധത്തില്‍ നയതന്ത്രപരമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കെയാണ് പുതിയ തീരുമാനം. 

ഡല്‍ഹി സൗത്ത് ഏഷ്യ യൂണിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര നിയമത്തില്‍ ഗവേഷണ വിദ്യാര്‍ഥിയായ ഇക്രാമുദ്ദീന്‍ കമില്‍ എന്നയാളെയാണ് താലിബാന്‍ ആക്ടിങ് കോണ്‍സുലായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷമായി ഇക്രാമുദ്ദീന്‍ ഇന്ത്യയില്‍ പഠനത്തിന്റെ ഭാഗമായുണ്ട്. ഇയാള്‍ക്ക് അഫ്ഗാനിസ്താന്റെ മുംബൈ കോണ്‍സുലേറ്റിന്റെ ചുമതലയാണ് നല്‍കുക. അഫ്ഗാന്‍ മാധ്യമമായ ടോളോ ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

അഫ്ഗാനിസ്താനിലെ താലിബാന്‍ സര്‍ക്കാരിലെ വിദേശകാര്യ സഹമന്ത്രിയായ മൊഹമ്മദ് അബ്ബാസ് സ്തനികാസിയെ ഉദ്ധരിച്ചാണ് വാര്‍ത്ത. ഇക്രാമുദ്ദീന്റെ നിയമനം മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. ഇക്രാമുദ്ദീന്റെ നിയമനം ഇന്ത്യയും അംഗീകരിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാരിന് മുന്നില്‍ താലിബാന്റെ നിര്‍ദ്ദേശം പരിഗണനയായി വന്നിട്ടുണ്ട്. അംഗീകരിക്കപ്പെട്ടാല്‍ ഇന്ത്യയിലെ ആദ്യത്തെ താലിബാന്റെ നയതന്ത്ര നിയമനമായി മാറും.  അഫ്ഗാനിസ്താന്റെ ഭരണം താലിബാന്‍ പിടിച്ചെടുത്തതിന് ശേഷം ആ രാജ്യത്തെ ഭരണകൂടത്തിനെ ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല. 

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ സ്‌കോളര്‍ഷിപ്പോടുകൂടിയാണ് ഇക്രാമുദ്ദീന്‍ ഇന്ത്യയിലെത്തി പഠിക്കുന്നത്. നിലവില്‍ മുംബൈയില്‍ താമസിക്കുന്ന ഇയാള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് വിദേശകാര്യ മന്ത്രാലയത്തിലെ സുരക്ഷാ- അതിര്‍ത്തി വിഷയങ്ങളില്‍ ഡെപ്യൂട്ടി ഡയറക്ടറായി സേവനം അനുഷ്ടിച്ച് പരിചയമുള്ള ആളാണ് എന്നാണ് അഫ്ഗാന്‍ മാധ്യമങ്ങള്‍ പറയുന്നത്. 

Content Highlights: Taliban regime has named Ikramuddin Kamil as the 'acting consul' to its Mumbai Mission