ധ്രുവ് റാഠിയുടെ വീഡിയോ; തനിക്കെതിരെ അധിക്ഷേപവും വധഭീഷണിയുമെന്ന് സ്വാതി മലിവാള്‍

സ്വാതി മലിവാൾ, ധ്രുവ് റാഠി | Photo: PTI, www.facebook.com/DhruvRatheePage
സ്വാതി മലിവാൾ, ധ്രുവ് റാഠി | Photo: PTI, www.facebook.com/DhruvRatheePage

ന്യൂഡൽഹി: പ്രശസ്ത യൂട്യൂബർ ധ്രുവ് റാഠിയുടെ വീഡിയോയ്ക്ക് പിന്നാലെ തനിക്കെതിരേ ബലാത്സം​ഗഭീഷണിയും വധഭീഷണിയും ലഭിക്കുന്നതായി രാജ്യസഭാ എം.പി. സ്വാതി മലിവാള്‍. തന്നെ സ്വഭാവഹത്യ ചെയ്തതിന് പിന്നാലെ പാർട്ടി നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ വധഭീഷണിയുണ്ടെന്നും സ്വാതി എക്സിൽ കുറിച്ചു. 

താൻ സമർപ്പിച്ചിട്ടുള്ള പരാതി പിൻവലിപ്പിക്കാനുള്ള നീക്കമാണ് പാർട്ടി നേതൃത്വം നടത്തുന്നതെന്ന് വ്യക്തമാണ്. എന്നാൽ, ധ്രുവ് റാഠിയുടെയടുത്ത് തന്റെ ഭാ​ഗം പറയാൻ ശ്രമിച്ചിരുന്നു. എന്നാൽ, കോളുകളും സന്ദേശങ്ങളും അദ്ദേഹം അവ​ഗണിക്കുകയായിരുന്നു. 

സ്വതന്ത്ര മാധ്യമപ്രവർത്തകരെന്ന് അവകാശപ്പെടുന്ന അദ്ദേഹത്തെപ്പോലുള്ളവർ മറ്റ് ആം ആദ്മി പാർട്ടി വക്താക്കളെപ്പോലെ പ്രവർത്തിക്കുന്നത് ലജ്ജാകരമാണ്. അധിക്ഷേപങ്ങളും ഭീഷണിയുമുണ്ടാകുന്ന തരത്തിൽ ഇരയായ തന്നെ അപമാനിച്ചുവെന്നും സ്വാതി എക്സിൽ കുറിച്ചു. 

തനിക്കെതിരായ രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ധ്രുവ് പരാമർശിക്കാതിരുന്ന ചില വശങ്ങളും സ്വാതി ചൂണ്ടിക്കാട്ടി. അക്രമം നടന്നുവെന്ന് പാര്‍ട്ടി ആദ്യം അം​ഗീകരിച്ചെങ്കിലും പിന്നീട് അവര്‍ നിലപാട് മാറ്റുകയായിരുന്നു. അക്രമം മൂലമുള്ള മുറിവുകൾ വെളിപ്പെടുത്തുന്ന എം.എൽ.സി റിപ്പോർട്ട്. വീഡിയോയുടെ തിരഞ്ഞെടുത്ത ഭാഗം മാത്രം പുറത്തുവിട്ടതിന് ശേഷം മൊബൈല്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തു. 

പ്രതിയെ സ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്‌തെങ്കിലും വീണ്ടും അതേ സ്ഥലത്തേക്ക് പ്രവേശനം അനുവദിച്ചു. ഇത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നോ. വിഷയങ്ങളിലെല്ലാം കൃത്യമായ നിലപാട് സ്വീകരിച്ച മണിപ്പുരടക്കം ഒറ്റയ്ക്ക് സഞ്ചരിച്ച സ്ത്രീയെ എങ്ങിനെയാണ് ബി.ജെ.പിക്ക് വിലയ്ക്കുവാങ്ങാനാകുന്നതെന്നും അവർ ചോദിച്ചു. 

മേയ് 13-ന് കെജ്‌രിവാളിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയപ്പോള്‍ അതിക്രമം നേരിട്ടെന്നായിരുന്നു സ്വാതിയുടെ പരാതി. കെജ്‌രിവാളിന്റെ ഡ്രോയിങ് റൂമിലിരുന്നപ്പോള്‍ ബിഭവ്‌ അവിടേക്കെത്തി അക്രമിക്കുകയായിരുന്നു എന്നാണ് ആരോപണം. സ്വാതി മലിവാളിന്റെ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ബിഭവിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമുണ്ടായിരുന്നു.

Content Highlights: Swati Maliwal Alleges Death Threats After YouTuber Dhruv Rathee Video