ഝാർഖണ്ഡ് ജയിലിൽ മാവോയിസ്റ്റ് കമാൻഡർമാരുടെ വിവാഹം; ബന്ധുക്കളുടെ സ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർ

#ന്യൂസ് ഡെസ്ക്
വിവാഹിതരായ സുരേഷ് സിംഗ് മുണ്ടയും സോംവാരി ഹെംബ്രോമും ഉദ്യോഗസ്ഥർക്കൊപ്പം | Photo: X
വിവാഹിതരായ സുരേഷ് സിംഗ് മുണ്ടയും സോംവാരി ഹെംബ്രോമും ഉദ്യോഗസ്ഥർക്കൊപ്പം | Photo: X

ഹസാരിബാഗ് (ഝാർഖണ്ഡ്): ഝാർഖണ്ഡിലെ ഹസാരിബാഗ് ഓപ്പൺ ജയിലിൽ മുൻ മാവോവാദി കമാൻഡർമാരായ സുരേഷ് സിങ് മുണ്ടയും സോംവാരി ഹെംബ്രോമും വിവാഹിതരായി. മാവോവാദം ഉപേക്ഷിച്ച്, അക്രമപാത വെടിഞ്ഞ്  കീഴടങ്ങിയവരാണ് വധൂവരന്മാർ. തിങ്കളാഴ്ചയാണ് പോലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സഹകരണത്തോടെ പരമ്പരാഗത ആചാരങ്ങളോടെ വിവാഹച്ചടങ്ങുകൾ സംഘടിപ്പിച്ചത്. 

കീഴടങ്ങിയ മാവോയിസ്റ്റുകൾക്ക് മാന്യമായ ജീവിതസാഹചര്യമൊരുക്കാനുള്ള സർക്കാരിൻ്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് വിവാഹം നടത്തിയത്. മുതിർന്ന സിവിൽ, സുരക്ഷാ ഉദ്യോഗസ്ഥർ ബന്ധുക്കളുടെ സ്ഥാനത്തുനിന്ന് ചടങ്ങുകൾക്ക് സാക്ഷിയായി. ഹസാരിബാഗ് പോലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും നവദമ്പതികൾക്ക് ആശംസകൾ നേർന്നു.

റാൻചി ജില്ലയിലെ ബുണ്ടു പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബറുഹാതു ഗ്രാമവാസിയാണ് വരനായ സുരേഷ് സിങ് മുണ്ട. തമാർ മേഖലയിലെ അരഹംഗ ഗ്രാമവാസിയാണ് വധുവായ സോംവാരി ഹെംബ്രോം. ചടങ്ങിൽവെച്ച് ഹസാരിബാഗ് ജില്ലാ മാര്യേജ് ഓഫീസർ രാജേഷ് എക്ക ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു. 

സമാധാന പാത തിരഞ്ഞെടുക്കുന്നവർക്ക് മാന്യമായ ജീവിതം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജയിൽ ഐജി സുദർശൻ കുമാർ മണ്ഡൽ പറഞ്ഞു. കീഴടങ്ങിയ മാവോയിസ്റ്റുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനായി മറ്റ് പുനരധിവാസ പദ്ധതികളും നടപ്പിലാക്കിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: Former Maoist commanders Suresh Singh Munda and Somwari Hembrom married in Hazaribagh Open Jail., The wedding was organized with traditional rituals and official support from local police and district administration., Senior civil and security officials attended the ceremony, acting as family members., The marriage was officially registered by District Marriage Officer Rajesh Ekka., State government highlights commitment to rehabilitating those who choose the path of peace.