വോട്ടിന് പണം, ദൃശ്യം പകർത്താൻ പെൻ ക്യാമറ; മഹാരാഷ്ട്ര MLC തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ BJP ശ്രമിക്കുന്നുവെന്ന് സുപ്രിയ സുലെ

#ന്യൂസ് ഡെസ്ക്
സുപ്രിയ സുലെ | Photo: ANI
സുപ്രിയ സുലെ | Photo: ANI

മുംബൈ: മഹാരാഷ്ട്ര നിയമനിർമാണ കൗൺസിൽ (എംഎൽസി) തിരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് ബിജെപി പണം വാഗ്ദാനം ചെയ്‌തെന്ന ആരോപണവുമായി എൻസിപി (ശരദ് പവാർ പക്ഷം) നേതാവ് സുപ്രിയ സുലെ. വോട്ട് രേഖപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി കാണിച്ചാൽ പണം നൽകാമെന്ന് വോട്ടർമാർക്ക് ബിജെപി വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. പുണെയിലെ വോട്ടർമാരായ അധ്യാപകരേയും ബിരുദധാരികളേയും ലക്ഷ്യമിട്ടാണ് നീക്കമെന്നും സുലെ ആരോപിച്ചു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനും സർക്കാരും അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് സുപ്രിയ സുലെ ആരോപണം ഉന്നയിച്ചത്. ബിജെപി സ്ഥാനാർഥികൾക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ സ്‌പൈ ക്യാമറ ഘടിപ്പിച്ച പേനകൾ ഉപയോഗിക്കാൻ വോട്ടർമാരോട് ആവശ്യപ്പെട്ടുവെന്ന് അവർ ആരോപിച്ചു. വോട്ട് ചെയ്തശേഷം ദൃശ്യങ്ങൾ കാണിച്ചാൽ പണം നൽകാമെന്നാണ് വാഗ്ദാനം. വോട്ടിന്റെ രഹസ്യസ്വഭാവം ലംഘിക്കുന്നതും വോട്ടർമാരുടെ തീരുമാനത്തെ സ്വാധീനിക്കുന്നതുമായ നടപടികൾ അനുവദിക്കരുതെന്നും സുലെ ആവശ്യപ്പെട്ടു.

സുപ്രിയ സുലെയുടെ ആരോപണങ്ങളോട് പ്രതികരണവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തി. സ്‌പൈ ക്യാമറ പേനകൾ ഉപയോഗിച്ചെന്ന ആരോപണത്തിൽ ക്യാമറാ പേന നേരിൽ കണ്ടശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു. നാഗ്പുരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. നാഗ്പുർ മണ്ഡലത്തിൽ ഫഡ്നാവിസ് നേരത്തേ വോട്ട് രേഖപ്പെടുത്തിയിരുന്നു.

Also Read: 'എന്നെയും VD സതീശനെയും ഒളിക്യാമറയിൽ കുടുക്കാൻ ശ്രമിച്ചു, ഉപയോഗിച്ചത് മെറ്റാ ഗ്ലാസ്'; വെളിപ്പെടുത്തി DK ശിവകുമാർ

78 അംഗങ്ങളുള്ള മഹാരാഷ്ട്ര നിയമനിർമാണ കൗൺസിലിലെ അഞ്ച് സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. മൂന്ന് ബിരുദധാരി മണ്ഡലങ്ങളിലും രണ്ട് അധ്യാപക മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ്. പുണെ ഡിവിഷൻ ബിരുദധാരി മണ്ഡലം, നാഗ്പുർ ഡിവിഷൻ ബിരുദധാരി മണ്ഡലം, പുണെ ഡിവിഷൻ അധ്യാപക മണ്ഡലം, ഛത്രപതി സംഭാജിനഗർ ബിരുദധാരി മണ്ഡലം, അമരാവതി അധ്യാപക മണ്ഡലം എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.

ബിജെപി, ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന, സുനേത്ര പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗം എന്നിവ ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതി സഖ്യവും പ്രതിപക്ഷമായ മഹാവികാസ് അഘാഡിയും തമ്മിലാണ് മത്സരം. കോൺഗ്രസ്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി (എസ്പി), ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) എന്നിവയാണ് മഹാവികാസ് അഘാഡിയിലെ ഘടകകക്ഷികൾ. ഒക്ടോബർ 27-നാണ് വോട്ടെണ്ണൽ.

Content Highlights: NCP leader Supriya Sule alleged that the BJP offered money to teachers and graduates in Maharashtra's MLC elections to record their votes using hidden pen cameras, prompting a call for thorough investigation.