‘മുൻകാല വിധികൾ’ വ്യാജമായി നിർമിച്ചു; നിയമ നടപടികളിലെ AI ഉപയോഗം അദൃശ്യവും വിനാശകരവും- സുപ്രീം കോടതി

#ന്യൂസ് ഡെസ്ക്

ന്യൂഡൽഹി: കോടതിയുടെ വിധിന്യായങ്ങളിൽ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ച് നിർമിച്ച തെറ്റായ വിവരങ്ങളും വ്യാജമായ മുൻകാല വിധികളും ഉൾപ്പെടുത്തുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകി സുപ്രീം കോടതി. എസ്സെൽ ഇൻഫ്രാ പ്രോജക്ട്‌സുമായി ബന്ധപ്പെട്ട കേസിൽ, നാഷണൽ കമ്പനി ലോ ട്രൈബ്യൂണൽ നിലവിലില്ലാത്ത നിയമ പരാമർശങ്ങൾ ഉപയോഗിച്ചതിനെത്തുടർന്ന് ആ വിധി റദ്ദാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമർശം.

നിയമപരമായ തീരുമാനങ്ങൾ എടുക്കുമ്പോൾ മനുഷ്യന്റെ നേരിട്ടുള്ള മേൽനോട്ടം അത്യാവശ്യമാണെന്നും യന്ത്രങ്ങൾ നൽകുന്ന വിവരങ്ങൾ അന്ധമായി വിശ്വസിക്കരുതെന്നും ജസ്റ്റിസുമാർ വ്യക്തമാക്കി. ആധുനിക സാങ്കേതികവിദ്യ സഹായത്തിനായി ഉപയോഗിക്കാമെങ്കിലും, അത് നീതിന്യായ വ്യവസ്ഥയുടെ സുതാര്യതയെയും വിശ്വാസ്യതയെയും ബാധിക്കരുതെന്നും കോടതി ഓർമ്മിപ്പിച്ചു. ഈ വിഷയത്തിൽ കൃത്യമായ പഠനം നടത്താൻ ബാർ കൗൺസിൽ ഓഫ് ഇന്ത്യയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുവഴി നിയമരംഗത്ത് എ.ഐയുടെ അനിയന്ത്രിതമായ കടന്നുകയറ്റം തടയാനാണ് സുപ്രീം കോടതി ലക്ഷ്യമിടുന്നത്. നിയമനടപടികളിൽ എ.ഐ. ഉപയോഗിക്കുന്നതിനോട് ഒട്ടും സഹിഷ്ണുതയില്ലാത്ത (zero-tolerance) സമീപനമാണ് വേണ്ടതെന്ന് പരമോന്നത കോടതി അഭിപ്രായപ്പെട്ടു. ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്സി കോഡിന്റെ സെക്ഷൻ 7 പ്രകാരം എസ്സൽ ഇൻഫ്രാ പ്രൊജക്റ്റ്സ് ലിമിറ്റഡിനെതിരെ (EIL) ജമ്മു ആൻഡ് കാശ്മീർ ബാങ്ക് ലിമിറ്റഡ് ആരംഭിച്ച നടപടികളിൽനിന്നുള്ള അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി റദ്ദാക്കിക്കൊണ്ട് ഈ നിരീക്ഷണം നടത്തിയത്. നിലവിലില്ലാത്തതും വ്യാജവുമായ ഉദ്ധരണികൾ (citations) നിർമ്മിക്കാൻ എ.ഐ. ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച മുൻവിധികൾ ഉദ്ധരിക്കുന്നത് ഒരു 'അഭിഭാഷകന്റെ ഭാഗത്തുനിന്നുള്ള തെറ്റായ നടപടി' ആണെന്നും സുപ്രീം കോടതി വ്യക്തമാക്കി

'പരിശോധനയില്ലാതെ എ.ഐ. നിർമ്മിത മുൻകാല വിധികൾ ഹാജരാക്കുന്നതിനോ ഉദ്ധരിക്കുന്നതിനോ ഉപയോഗിക്കുന്നതിനോ എതിരെ കോടതികൾ ‘സീറോ ടോളറൻസ്’ രീതി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്. അതുപോലെ തന്നെ, ഒരു വിധി തീരുമാനിക്കുന്നതിനായി എ.ഐ. നിർമ്മിച്ച ഇത്തരം വ്യാജമോ തെറ്റായതോ ആയ വിവരങ്ങളെ മുൻകാല വിധികളായി ഒരു ജഡ്ജി ആശ്രയിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്.' കോടതി രൂക്ഷമായി വിമർശിച്ചു.

ഇത്തരം ‘മുൻകാല വിധി’കളുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കപ്പെടുന്ന വിധി, അത് കേസിനെ നേരിട്ടോ അല്ലാതെയോ സ്വാധീനിച്ചിട്ടുണ്ടെങ്കിലും അസാധുവായിരിക്കുമെന്നും ബെഞ്ച് പ്രഖ്യാപിച്ചു. 'വ്യാജമോ തെറ്റായതോ ആയ വിവരങ്ങൾ തീരുമാനമെടുക്കൽ പ്രക്രിയയിൽ അൽപമെങ്കിലും കടന്നുകൂടിയാൽ പോലും അത്തരം തീരുമാനങ്ങൾ റദ്ദാക്കേണ്ടതാണ്, കാരണം അത് വിധിനിർണയത്തിന്റെ പവിത്രതയെ ലംഘിക്കുന്നു. തീരുമാനമെടുക്കുന്നതിലെ സത്യസന്ധത നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ബാർ (അഭിഭാഷകർ), ബെഞ്ച് (ജഡ്ജിമാർ) എന്നിവർ ഇത്തരം വിവരങ്ങൾ ഉദ്ധരിക്കുകയോ പരാമർശിക്കുകയോ ചെയ്യുന്നതിനോട് സീറോ ടോളറൻസ് ആണെന്ന് ഞങ്ങൾ ആവർത്തിച്ച് പ്രഖ്യാപിക്കുന്നു.' കോടതി വ്യക്തമാക്കി.

അതേസമയം, എ.ഐ. സാങ്കേതികവിദ്യയുടെ ശരിയായ ഉപയോഗത്തെ ഈ തീരുമാനം ബാധിക്കില്ലെന്നും സുപ്രീം കോടതി എടുത്തുപറഞ്ഞു. നിയമനടപടികളിൽ 'വ്യാജവും തെറ്റായതുമായ' വിവരങ്ങളെ ആശ്രയിക്കുന്നതിൽ കോടതി മുന്നറിയിപ്പ് നൽകി. 'ഞങ്ങളുടെ വിധി എ.ഐയുടെ ശരിയായ ഉപയോഗത്തെ ബാധിക്കില്ലെന്നും മറിച്ച് വ്യാജമോ തെറ്റായതോ ആയ കാര്യങ്ങൾ കോടതി മുൻകാല വിധികൾ എന്ന നിലയിൽ അവതരിപ്പിക്കുന്നതിനോ ആശ്രയിക്കുന്നതിനോ എതിരാണെന്നും വ്യക്തമാക്കുന്നു.' ബെഞ്ച് നിരീക്ഷിച്ചു

ഈ വിഷയത്തെ അതീവ ഗൗരവത്തോടെ കാണണമെന്ന് ബാർ കൗൺസിലിനോട് സുപ്രീം കോടതി നിർദ്ദേശിച്ചു. വ്യാജ വിധി പുറപ്പെടുവിച്ചതിൽ എൻസിഎൽഎടി-യുടെ (NCLAT) ജുഡീഷ്യൽ മര്യാദയെയും കോടതി ചോദ്യം ചെയ്തു. 'അപ്പലേറ്റ് ട്രിബ്യൂണലിന്റെ കാര്യമോ? വ്യാജമായതും നിലവിലില്ലാത്തതുമായ വിധികൾ ആദ്യത്തെ നിയമപരമായ അപ്പലേറ്റ് ട്രിബ്യൂണലിന്റെ പരിശോധനയിൽ നിന്ന് എങ്ങനെ രക്ഷപ്പെട്ടു? ഇന്നത്തെ കോടതികളും ട്രിബ്യൂണലുകളും തങ്ങളുടെ മുന്നിൽ ഹാജരാക്കുന്ന മുൻകാല വിധികളുടെ കാര്യത്തിൽ അഭിഭാഷകരെ പൂർണമായി വിശ്വസിക്കുകയാണ് ചെയ്യുന്നത്. ഒരു അഭിഭാഷകൻ ഉദ്ധരിക്കുന്ന ഓരോ വിധിയുടെയും ആധികാരികത കോടതി തന്നെ പരിശോധിക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ചിന്തിച്ചുനോക്കൂ.' കോടതി ചോദിച്ചു.

Content Highlights: Supreme Court declares AI-generated fake precedents as void in legal proceedings. Zero-tolerance policy established for advocates citing unverified AI material. Judges are held accountable for relying on hallucinated case law. The ruling emphasizes the sanctity of adjudication and the rule of law. Fair use of AI technology remains permitted, but fabrication is strictly prohibited.