ദളിത് ക്രൈസ്തവ മുസ്ലിം വിഭാഗങ്ങളെ പട്ടികവിഭാഗത്തില്‍ പെടുത്തല്‍: വാദം കേള്‍ക്കാന്‍ സുപ്രീം കോടതി

#ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ്
സുപ്രീം കോടതി | Photo: Mathrubhumi
സുപ്രീം കോടതി | Photo: Mathrubhumi

ന്യൂഡൽഹി: രാജ്യത്തെ ദളിത് ക്രൈസ്തവരെയും മുസ്ലിങ്ങളെയും പട്ടികവിഭാഗത്തില്‍ പെടുത്താന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ ആരംഭിക്കാന്‍ സുപ്രീം കോടതി തീരുമാനം. ദളിത് ക്രിസ്ത്യാനികളെയും ദളിത് മുസ്ലിങ്ങളെയും പട്ടിക വിഭാഗത്തില്‍ ഉള്‍പെടുത്തുന്നതിനെ കുറിച്ച്  പഠിക്കാന്‍ രൂപീകരിച്ച  ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ വാദംകേള്‍ക്കല്‍ നീട്ടിവെക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. 

ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ മൂന്നംഗ സുപ്രീം കോടതി ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം തള്ളിയത്. രണ്ട് പതിറ്റാണ്ടായി കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളാണിതെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്‍ ഇതേ കുറിച്ച് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ക്രിസ്തു മതത്തിലേക്കും, ഇസ്ലാം മതത്തിലേക്കും മതം മാറിയ ദളിതതര്‍ക്ക് പട്ടിക വിഭാഗത്തിന്റെ അനൂകൂല്യം നല്‍കണമെന്നായിരുന്നു ജസ്റ്റിസ് രംഗനാഥ് മിശ്ര കമ്മീഷന്റെ ശുപാര്‍ശ.

എന്നാല്‍, താഴേത്തട്ടില്‍ വേണ്ടത്ര പഠനം നടത്താതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ആരോപിച്ച് ജസ്റ്റിസ് രംഗനാഥ് മിശ്ര സമിതിയുടെ ശുപാര്‍ശ കേന്ദ്രം നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് ഈ വിഷയം പഠിക്കുന്നതിന് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ അധ്യക്ഷനായ സമിതിക്ക് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയത്. നാളെ മറ്റൊരു സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും അവര്‍ക്ക് ഈ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് പറയുകയും ചെയ്യാമെന്നും കോടതി നിരീക്ഷിച്ചു. അങ്ങനെവന്നാല്‍ എത്ര കമ്മറ്റികള്‍ സര്‍ക്കാരിന് ഇനി രൂപീകരിക്കേണ്ടിവരുമെന്ന് സുപ്രീം കോടതി ആരാഞ്ഞു. 

ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം നല്‍കാനാവില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തിട്ടുണ്ട്.  ദളിത് ഹിന്ദുക്കള്‍ അനുഭവിച്ചതപോലെയുള്ള പീഡനങ്ങള്‍ ദളിത് ക്രൈസ്തവരും മുസ്ലിങ്ങളും അനുഭവിച്ചതിന് വസ്തുതാപരമായ രേഖകളില്ല. തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക തിന്മകള്‍ ദളിത് ക്രൈസ്തവര്‍ക്കും മുസ്ലിങ്ങള്‍ക്കും ഇടയില്‍ ഇല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ചെയ്ത സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹിന്ദു, ബുദ്ധ, സിഖ് മതങ്ങളില്‍ പെട്ട ദളിതര്‍ക്ക് മാത്രമാണ് നിലവില്‍ പട്ടികവിഭാഗക്കാര്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നത്.

Content Highlights: Supreme Court to hear plea regarding inclusion of Dalit Christians and Muslims in Scheduled Castes