ഇത് വിദ്യാർഥികളും ഞാനും തമ്മിലുള്ള വിഷയം, ഇടപെടാൻ നിങ്ങൾ ആരാണ്?- ബാർ കൗൺസിലിനോട് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ചിലെ 2026 വർഷത്തെ ബിരുദധാരികളെ അഭിഭാഷകരായി എൻറോൾമെന്റ് ചെയ്യാൻ അനുവദിക്കില്ലെന്ന ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. വിദ്യാർത്ഥികൾക്കെതിരേ ഒരു നടപടിയും പാടില്ലെന്ന് ബാർ കൗൺസിലുകളോട് സുപ്രീം കോടതി നിർദേശിച്ചു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ സർക്കുലറിൽ സുപ്രീം കോടതി വിശദീകരണം തേടി.
ഹൈദരാബാദിലെ നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആൻഡ് റിസർച്ച് സർവകലാശാലയിൽനിന്ന് നിയമബിരുദം നേടിയ വിദ്യാർഥികളെ എൻറോൾ ചെയ്യരുതെന്ന് രാജ്യത്തെ സംസ്ഥാന ബാർ കൗൺസിലുകൾക്ക് ബി.സി.ഐ. നിർദേശം നൽകിയിരുന്നു. സർവകലാശാലയുടെ ബിരുദദാനച്ചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുക്കുന്നതിനെതിരെ വിദ്യാർഥികൾ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു ബി.സി.ഐ.യുടെ നടപടി. ഈ സർക്കുലർ ഇന്നലെ പുറത്ത് വന്ന് മണിക്കൂറുകൾക്കുള്ളിൽ ബി.സി.ഐ. തീരുമാനം പിൻവലിച്ചിരുന്നു.
സീനിയർ അഭിഭാഷകൻ കെ. പരമേശ്വർ ആണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ വിവാദ സർക്കുലർ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയിൽ പെടുത്തിയത്. തുടർന്നാണ് വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്. വിദ്യാർഥികൾ എനിക്ക് കത്തെഴുതിയിട്ടുണ്ട്. അത് വിദ്യാർഥികളും ചീഫ് ജസ്റ്റിസും തമ്മിലുള്ള സംവാദമാണ്. ബാർ കൗൺസിലിന്റെ നടപടി തീർത്തും അനാവശ്യമായിരുന്നു. ഇതിൽ ഇടപെടാൻ ബാർ കൗൺസിന് എന്ത് അധികാരമാണുള്ളതെന്നും ചീഫ് ജസ്റ്റിസ് ആരാഞ്ഞു.
പഠനകാലത്ത് കാലത്ത് താനും വിദ്യാർഥി സമരങ്ങളിൽ പങ്കെടുത്തിരുന്നുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിദ്യാർഥികൾക്ക് സമാധാനപരമായി അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം നൽകണം. അവർ പറയുന്നത് തെറ്റാണെങ്കിൽപോലും പ്രതിഷേധിക്കാൻ അവസരം നൽകണം. അത് തടയരുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബി.സി.ഐ.ക്കുവേണ്ടി ഹാജരായ അഭിഭാഷക രാധിക ഗൗതം സർക്കുലർ പിൻവലിച്ചതായി കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്തിനൊപ്പം ബെഞ്ചിൽ ഉണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ഇത്തരമൊരു പ്രമേയം പാസാക്കാൻ ബി.സി.ഐ. യോഗം ചേർന്നിരുന്നോ എന്ന കാര്യം അറിയണമെന്ന് വ്യക്തമാക്കി.
Content Highlights: Supreme Court Chief Justice severely criticized BCI's decision to block 2026 NALSAR graduates from enrolling as advocates., The controversial BCI circular was issued in response to student protests against Justice Surya Kant attending the convocation., BCI withdrew the circular within hours of its release following public and legal scrutiny., The Supreme Court emphasized that students have the fundamental right to peaceful protest and expression.