ശബരിമല യുവതീപ്രവേശത്തിലെ പുനഃപരിശോധന: പുതിയ ഒമ്പതംഗ ബെഞ്ച്,ഏപ്രിൽ 7 മുതൽ വാദം

#ന്യൂസ് ഡെസ്ക്
ശബരിമല, സുപ്രീംകോടതി |ഫോട്ടോ:മാതൃഭൂമി
ശബരിമല, സുപ്രീംകോടതി |ഫോട്ടോ:മാതൃഭൂമി

ന്യൂഡൽഹി : ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമെന്യേ പ്രവേശനം അനുവദിക്കണമെന്ന 2018-ലെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ പുതിയ ഒമ്പതംഗ ബെഞ്ച് വാദം കേൾക്കും. നേരത്തെ രൂപീകരിച്ചിരുന്ന ഒമ്പതംഗ ബെഞ്ചിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് സുപ്രീംകോടതിയിൽ അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിക്കുന്നത്.  വാദം കേൾക്കലടക്കമുള്ള തുടർനടപടികളും ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് നിശ്ചയിച്ചു.

പുനഃപരിശോധനാ ഹർജിക്കാരുടേയും അവരെ പിന്തുണയ്ക്കുന്ന കക്ഷികളുടെയും വാദം ഏപ്രിൽ 7 മുതൽ ഏപ്രിൽ 9 വരെ കേൾക്കും. എതിർക്കുന്നവരുടെ വാദങ്ങൾ ഏപ്രിൽ 14 മുതൽ ഏപ്രിൽ 16 വരെ കേൾക്കും. ഏപ്രിൽ 21ന് റുപടി സത്യവാങ്മൂലങ്ങൾ സമർപ്പിക്കാം. ഏപ്രിൽ 22-ന് വാദം അവസാനിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഒമ്പതംഗ ബെഞ്ചിലെ അംഗങ്ങളെ ചീഫ് ജസ്റ്റിസ് പ്രത്യേക ഉത്തരവിലൂടെ അറിയിക്കും.

വിധി പുനഃപരിശോധിക്കുന്നതിനെ കേന്ദ്രസർക്കാർ പിന്തുണയ്ക്കുന്നുവെന്ന്‌സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിനെ അറിയിച്ചത് ശ്രദ്ധേയമാണ്. സംസ്ഥാന സർക്കാരിന്റെ നിലപാടായിരിക്കും ഇനി പ്രധാനം.

യുവതീപ്രവേശനത്തെ അനുകൂലിച്ച് പിണറായി സർക്കാർ സ്വീകരിച്ച നിലപാടിന്റെകൂടി അടിസ്ഥാനത്തിലാണ് 2016 സെപ്റ്റംബർ 28-ന് സുപ്രീംകോടതി വിധിയുണ്ടായത്. പക്ഷേ, 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഈ വിഷയം എൽ.ഡി.എഫിന് വലിയ തിരിച്ചടിയുണ്ടാക്കി. അതിനുശേഷം, വിഷയം ഒതുക്കിവെക്കാനാണ് സർക്കാരും എൽ.ഡി.എഫും ശ്രമിച്ചത്. യുവതീപ്രവേശനത്തിൽ സർക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് മാറിയതായി എവിടെയും വ്യക്തമാക്കിയിട്ടില്ല. എന്നാൽ, യുവതീപ്രവേശനം വേണമെന്ന പരസ്യനിലപാടും ഇപ്പോഴില്ല. നിലപാട് കോടതിയിൽ വ്യക്തമാക്കുമെന്ന് സർക്കാരും വ്യക്തമാക്കിയിരുന്നു. ആ ഘട്ടമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.

Content Highlights: Supreme Court to Review Sabarimala Women Entry Verdict