ഹിന്ദു മതത്തിൽനിന്ന് മറ്റ് മതങ്ങളിലേക്ക് മാറിയാൽ മുൻ സമുദായത്തിന്റെ പിന്നാക്ക പദവി ലഭിക്കില്ലെന്ന്‌ സുപ്രീം കോടതി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ
പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡൽഹി: ഹിന്ദു മതത്തിൽനിന്ന് ഇസ്ലാം ഉൾപ്പെടെയുള്ള മറ്റ് മതങ്ങളിലേക്ക് മതം മാറിയവർക്ക് അവരുടെ മുൻ സമുദായ പദവിയുടെ അടിസ്ഥാനത്തിൽ മാത്രം പിന്നാക്ക വിഭാഗ സംവരണത്തിന് അർഹതയുണ്ടാവില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട മദ്രാസ് ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവെച്ചു. മതംമാറ്റത്തിന് ശേഷവും പഴയ ജാതി പദവി അടിസ്ഥാനമാക്കി സംവരണം ആവശ്യപ്പെടാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇസ്ലാം മതത്തിലേക്ക് മാറുന്നവർക്ക് പന്നാക്ക വിഭാഗ സാക്ഷ്യപത്രം നൽകാൻ അനുവദിച്ച 2024-ലെ സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി നടപടി സുപ്രീം കോടതി ശരിവെച്ചു. നോൺ-ഹിന്ദു സാമൂഹിക വ്യവസ്ഥയിലേക്ക് മാറിയവർക്ക് പഴയ സാമൂഹിക പിന്നാക്കാവസ്ഥയുടെ പേരിൽ മാത്രം സംവരണം ലഭിക്കില്ല. ഹിന്ദു, സിഖ്, ബുദ്ധ മതവിഭാഗങ്ങൾക്ക് പുറത്തുള്ളവർക്ക് ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പ്രകാരം പട്ടികജാതി പദവി അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര, ജസ്റ്റിസ് ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ചാണ് തമിഴ്‌നാട് സർക്കാർ നൽകിയ ഹർജി തള്ളിയത്. ചില പിന്നാക്ക സമുദായങ്ങളിൽനിന്ന് ഇസ്ലാമിലേക്ക് മതം മാറുന്നവർക്ക് നോട്ടിഫൈഡ് പിന്നാക്ക വിഭാഗ മുസ്ലിം (Backward Class Muslim) സമുദായ സർട്ടിഫിക്കറ്റ് അനുവദിച്ച 2024-ലെ സർക്കാർ ഉത്തരവ് മദ്രാസ് ഹൈക്കോടതി മുൻപ് റദ്ദാക്കിയിരുന്നു. ഈ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചിരിക്കുന്നത്.

ഹിന്ദു സാമൂഹിക വ്യവസ്ഥയിൽനിന്ന് മറ്റ് മതങ്ങളിലേക്ക് മാറുന്ന ഒരു വ്യക്തിക്ക്, തന്റെ പഴയ സാമൂഹിക പിന്നാക്കാവസ്ഥയുടെ അടിസ്ഥാനത്തിൽ മാത്രം ഭരണഘടനയുടെ ആർട്ടിക്കിൾ 16(4) പ്രകാരമുള്ള സംവരണാനുകൂല്യങ്ങൾ ആവശ്യപ്പെടാൻ അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ഇസ്ലാം, ക്രിസ്തുമതം അല്ലെങ്കിൽ മറ്റ് നോൺ-ഹിന്ദു മതങ്ങളിലേക്ക് മാറുന്നത് കൊണ്ടുമാത്രം ആ മതത്തിലെ പ്രത്യേക പിന്നാക്ക സമുദായത്തിലെ അംഗത്വം താനേ ലഭിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

1950-ലെ ഭരണഘടന ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ മതങ്ങൾ പിന്തുടരുന്നവർക്ക് മാത്രമേ പട്ടികജാതി പദവി നൽകാൻ സാധിക്കൂ എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതിൽ ഉൾപ്പെടാത്ത മറ്റ് മതങ്ങളിലേക്ക് മാറുന്ന വ്യക്തിക്ക് തന്റെ മുൻ ജാതി അടിസ്ഥാനമാക്കിയുള്ള പട്ടികജാതി പദവിയും അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങളും നഷ്ടപ്പെടുമെന്നും വിധിയിൽ വ്യക്തമാക്കുന്നു.

Content Highlights: Supreme court affirms no reservation for those converting from Hinduism to Islam based on previous caste status, upholding Madras High Court's decision.