'PSC ക്ക് ഈഗോ', റാങ്ക് പട്ടിക വിപുലീകരിക്കൽ ഉത്തരവ് തിരികെ വിളിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : റാങ്ക് പട്ടിക വിപുലീകരിക്കാനുള്ള സർക്കാർ നിർദേശം പി.എസ്‍.സി. തള്ളുന്നത് അധികാര പരിധി കടക്കൽ ആണെന്ന ഉത്തരവ് തിരികെ വിളിക്കണം എന്ന പി.എസ്‍.സിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. ഈഗോ കാരണമാണ് ഈ ആവശ്യവുമായി പി.എസ്‍.സി. സുപ്രീം കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. പി.എസ്‍.സിയുടെ സ്വയംഭരണ അധികാരം ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമാണെന്നും സുപ്രീം കോടതി ആവർത്തിച്ച് വ്യക്തമാക്കി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ മുനിസിപ്പൽ കോമൺ സർവീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് പട്ടിക വിപുലീകരിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിർദേശം പി.എസ്‍.സി. തള്ളിയിരുന്നു. ഇതിനെതിരായ ഹർജിയിൽ പുറപ്പെടുവിച്ച ഉത്തരവിലാണ് പി.എസ്‍.സി. നടപടിയെ സുപ്രീം കോടതി വിമർശിച്ചത്. ഒഴിവുകൾ വിജ്ഞാപനം ചെയ്യുന്നതും ജോലിയുടെ ഭരണപരമായ ആവശ്യത്തിനനുസരിച്ച് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതും സർക്കാരിന്റെ അധികാരമാണ്. സർക്കാർ നിശ്ചയിക്കുന്ന മാനദണ്ഡത്തിന് അനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തി റാങ്ക് പട്ടിക തയ്യാറാക്കൽ മാത്രമാണ് പി.എസ്‍.സിയുടെ ചുമതലയെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
എന്നാൽ, തങ്ങളുടെ നിലപാട് കേൾക്കാതെയാണ് സുപ്രീം കോടതി മുൻ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ ആ ഉത്തരവ് തിരികെ വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് പി.എസ്‍.സി. സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങൾ ഹാജരാക്കുന്ന വസ്തുതകൾ കോടതി പരിഗണിച്ചാൽ മുൻ ഉത്തരവ് ഭേദഗതി ചെയ്യേണ്ട ആവശ്യകത കോടതിക്ക് ബോധ്യമാകും എന്നും പി.എസ്‍.സിക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി. ചിദംബരേഷും അഭിഭാഷകൻ വിപിൻ നായരും വാദിച്ചു.
എന്നാൽ പി.എസ്‍.സിയുടെ സ്വയംഭരണ അധികാരം ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിൽ മാത്രമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഒഴിവുകളുടെ എണ്ണം നിർണയിക്കുന്നതും റാങ്ക് പട്ടിക വിപുലീകരിക്കുന്നതും ഉൾപ്പടെയുള്ള അധികാരം തൊഴിൽദാതാവായ സംസ്ഥാന സർക്കാരിന്റേതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. തൊഴിൽ നൽകുമ്പോൾ ഉള്ള സാമ്പത്തിക ബാധ്യത ഉൾപ്പടെ സംസ്ഥാന സർക്കാരിന് ആണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. തൊഴിൽദാതാവ് എന്ന നിലയിൽ എത്ര ജീവനക്കാരെയാണ് ആവശ്യമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ഇക്കാര്യത്തിൽ സർക്കാരിന്റെ അധികാരത്തിലേക്ക് പി.എസ്‍.സി. കടന്നുകയറുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഉദ്യോഗാർഥികൾക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ ഹാരിസ് ബീരാൻ, അസർ അസീസ്, ആനന്ദ് ബി. മേനോൻ എന്നിവരാണ് സുപ്രീം കോടതിയിൽ ഹാജരായത്.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് 2 നിയമനത്തിന് 2014 പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം തിരഞ്ഞെടുപ്പ് പ്രക്രിയ അനന്തമായി നീണ്ടുപോയതായി സുപ്രീം കോടതി ചൂണ്ടിക്കാട്ടി. റാങ്ക് ലിസ്റ്റ് 2020 ൽ പ്രസിദ്ധീകരിക്കുമ്പോഴേക്കും ഒരുപാട് പുതിയ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ സർക്കാരിന് റാങ്ക് പട്ടിക വിപുലീകരിക്കണം എന്ന നിർദേശം നൽകാൻ അധികാരം ഉണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാവർക്കും ഈ ഉത്തരവ് ബാധകം ആയിരിക്കും എന്നും സുപ്രീം കോടതി വ്യകത്മാക്കിയിട്ടുണ്ട്.
Content Highlights: SC dismisses PSC`s appeal to overturn an order on expanding rank list