സ്വകാര്യ സർവകലാശാലകൾ ലാഭമുണ്ടാക്കാനുള്ള സ്ഥാപനങ്ങളാകരുത്, സാമ്പത്തിക വിവരങ്ങൾ സമർപ്പിക്കണം- സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ ലാഭമുണ്ടാക്കുന്ന സ്ഥാപനങ്ങളായി പ്രവർത്തിക്കാൻ അനുവദിക്കില്ലെന്ന് സുപ്രീം കോടതി. സ്വകാര്യ സർവകലാശാലകൾ ഉത്തരവാദിത്തത്തോടെ ധനകാര്യം കൈകാര്യം ചെയ്യണമെന്നും സ്ഥാപനത്തിന്റെ സുഗമമായ പ്രവർത്തനവും ജീവനക്കാരുടെ അർഹമായ വേതനവും ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. സർവകലാശാലകൾക്ക് സാമ്പത്തിക നീക്കിയിരിപ്പ് സൂക്ഷിക്കാമെങ്കിലും ആ തുക വിദ്യാഭ്യാസവുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്ക് വകമാറ്റി ഉപയോഗിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
സ്വകാര്യ സർവകലാശാലകളോട് അവരുടെ കഴിഞ്ഞ 5 വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക രേഖകൾ, ഫണ്ട് വിനിയോഗം, ഫീസ് ഘടന, ബാക്കിവരുന്ന ഫണ്ടിന്റെ നിക്ഷേപം, വിദ്യാഭ്യാസ മേഖലയുമായി നേരിട്ട് ബന്ധമില്ലാത്ത വ്യക്തികൾക്ക് നൽകിയ തുക എന്നിവയുടെ വിശദാംശങ്ങൾ ഹാജരാക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകി.
ജസ്റ്റിസ് അഹ്‌സാനുദ്ദീൻ അമാനുള്ള, ജസ്റ്റിസ് എൻ.വി. അഞ്ചാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും ബന്ധപ്പെട്ട സർവകലാശാലകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച് 6 ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണം. ചീഫ് സെക്രട്ടറിമാർ മുഖേനയാണ് വിവരങ്ങൾ സമർപ്പിക്കേണ്ടത്.
നോയിഡയിലെ അമിറ്റി സർവകലാശാലയിലെ ഒരു വിദ്യാർത്ഥിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണങ്ങൾ. കേസ് നവംബർ 19ന് വീണ്ടും പരിഗണിക്കും.
Content Highlights: Supreme Court states private universities cannot operate as profit-making entities., Mandatory submission of last 5 years' audited financial statements and fund utilization details., Central and state governments directed to collect and submit affidavits within 6 weeks., Surplus funds cannot be diverted for non-educational purposes.