വിവാഹത്തിന് മുമ്പ് യുവാവിനെ കാണാൻ എന്തിന് വിദേശത്ത്പോയി? വിവാഹപൂർവ ലൈംഗികബന്ധത്തിനെതിരേ സുപ്രീംകോടതി

ന്യൂഡൽഹി: വിവാഹപൂർവ്വ ലൈംഗികബന്ധത്തെ വിമർശിച്ച് സുപ്രീം കോടതി. വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ ജാഗ്രതവേണമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. വിവാഹിതനായ ആൾ മറ്റൊരു യുവതിക്ക് വിവാഹവാഗ്ദാനം നൽകി ലൈംഗികബന്ധം സ്ഥാപിച്ചുവന്നും പിന്നീട് ഇതേ ആൾ മറ്റൊരാളെ വിവാഹം ചെയ്തുവെന്ന കേസിൽ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൽ എന്നിവരടങ്ങുന്ന ബെഞ്ചാണ് സുപ്രധാന പരാമർശം നടത്തിയത്.
'ചിലപ്പോൾ ഞങ്ങൾ പഴഞ്ചനായിരിക്കാം. എങ്കിലും, വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അന്യരാണ്. ഇരുവരും തമ്മിലുള്ള ബന്ധം എത്ര ആഴത്തുള്ളതാണെങ്കിലും എങ്ങനെയാണ് അവർ വിവാഹത്തിനുമുൻപ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ സാധിക്കുന്നതെന്ന് മനസ്സിലാകുന്നില്ല'- ജസ്റ്റിസ് നാഗരത്ന നിരീക്ഷിച്ചു. വിവാഹത്തിന് മുമ്പ് ആർക്കും ആരേയും വിശ്വസിക്കാനാകില്ലെന്നും വളരെ അധികം സൂക്ഷിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.
2022ൽ മാട്രിമോണിയൽ വഴിയാണ് യുവതി യുവാവുമായി പരിചയപ്പെടുന്നത്. വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ പുറത്ത് യുവതി യുവാവുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. വിദേശത്തുവെച്ചും ഇരുവരും കണ്ടുമുട്ടി. യുവതിയുടെ സമ്മതമില്ലാതെ ഇരുവരും തമ്മിലുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തി അതുപയോഗിച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. യുവാവ് വിവാഹിതനാണെന്നും 2024ൽ പഞ്ചാബിൽ നിന്ന് വീണ്ടും ഒരു വിവാഹം കഴിച്ച കാര്യം പിന്നീടാണ് യുവതി അറിയുന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
എന്നാൽ എന്തിനാണ് വിവാഹത്തിന് മുമ്പ് യുവതി യുവാവിനെ കാണാനായി വിദേശത്ത് പോയതെന്ന് ജസ്റ്റിസ് നാഗരത്ന ചോദിച്ചു. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.
Content Highlights: Supreme Court advises caution in pre-marital sexual relations, questioning their prevalence and trust before marriage. Read details on their significant observations.