പീഡനവിവരം അറിഞ്ഞാല് പരാതിക്കാരിയെ ആര് വിവാഹം കഴിക്കും? ചോദ്യവുമായി സുപ്രീം കോടതി

ന്യൂഡല്ഹി: പീഡനവിവരം അറിഞ്ഞാല് പരാതിക്കാരിയായ കുട്ടിയെ ആര് വിവാഹം കഴിക്കുമെന്ന ചോദ്യവുമായി സുപ്രീം കോടതി. പീഡന കേസ് റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി നല്കിയ ഹര്ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ചോദ്യം. ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്ജി തള്ളിയത്.
അഞ്ച് വയസ് ആയിരുന്നപ്പോള് അമ്മാവന് പീഡിപ്പിച്ചെന്ന് ആരോപിച്ച് 17 വയസ് ഉള്ളപ്പോഴാണ് മലപ്പുറം സ്വദേശിനിയായ യുവതി പരാതി നല്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില് കേരള പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചു. പരാതി നല്കാനുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതി കേസ് റദ്ദാക്കി.
ഇതിനെതിരെ പരാതിക്കാരിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തില് പീഡനം നടന്നുവെന്ന് കണ്ടെത്തിയതായി പരാതിക്കാരിക്ക് വേണ്ടി ഹാജരായ സീനിയര് അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥ് ചൂണ്ടിക്കാട്ടി. പരാതി നല്കാന് കാലതാമസം ഉണ്ടായി എന്ന കാരണത്താല് കേസ് റദ്ദാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില് പരാതിക്കാരിക്ക് 21 വയസ് ആയെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു.
എന്നാല്, പരാതിക്കാരിയുടെ ഭാവി കണക്കിലെടുത്ത് ഹര്ജിയില് തങ്ങള് ഇടപടുന്നില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന ചൂണ്ടിക്കാട്ടി. പീഡനം നടന്നുവെന്ന് അറിഞ്ഞാല് പിന്നെ അവരെ ആര് വിവാഹം കഴിക്കുമെന്ന് ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു. തുടര്ന്ന് പരാതിക്കാരുടെ ഹര്ജി സുപ്രീം കോടതി തള്ളി. സീനിയര് അഭിഭാഷകന് പി.വി. സുരേന്ദ്ര നാഥിന് പുറമെ അഭിഭാഷകന് മനു കൃഷ്ണന് ജി.യും പരാതിക്കാരിക്ക് വേണ്ടി സുപ്രീം കോടതിയില് ഹാജരായി.
Content Highlights: Supreme court's question among court trail