വിവാഹിതരാകാതെ ഒരുമിച്ച് താമസിച്ചു, കുട്ടി ജനിച്ചു, ഇപ്പോഴെന്തിന് ബലാത്സംഗ പരാതി?- സുപ്രീം കോടതി

ന്യൂഡൽഹി: വിവാഗവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ചുള്ള പരാതിയിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. ദീർഘകാലം പങ്കാളിക്കൊപ്പം ലിവിങ് ടുഗദർ ബന്ധത്തിൽ കഴിഞ്ഞശേഷം അത് അവസാനിപ്പിക്കുന്നത് ക്രിമിനൽ കുറ്റമായി കണക്കാക്കാനാകില്ലെന്ന് ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിരീക്ഷിച്ചു.
വിവാഹവാഗ്ദാനം നൽകി പങ്കാളി പീഡിപ്പിച്ചെന്നും പണം തട്ടിയെടുത്ത് വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടി യുവതി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം. നിയമപരമായുള്ള വിവാഹബന്ധത്തിന് പുറത്ത് ഒന്നിച്ചു ജീവിക്കാൻ അവർ തീരുമാനമെടുക്കുമ്പോൾ അതിലുണ്ടാകുന്ന അപകടസാധ്യതകൾ തിരിച്ചറിയേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
'ഇതൊരു ലിവ്-ഇൻ ബന്ധമാണ്. നിയമപരമായി വിവാഹംപോലും കഴിക്കാതെതന്നെ ഒരു കുട്ടിജനിച്ചു. ഇപ്പോൾ ഒരാൾ പറയുന്നു ബലാത്സംഗവും ആക്രമണവും നടന്നെന്ന്. എന്താണിത്?', ജസ്റ്റിസ് നാഗരത്ന ആരാഞ്ഞു. ഇരുവർക്കുമിടയിൽ ഉണ്ടായിരുന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധം എങ്ങനെയാണ് ബലാത്സംഗാരോപണമാകുന്നതെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന ചോദിച്ചു.
ബന്ധത്തിൽനിന്ന് ഒരാൾ പുറത്തുകടക്കുന്നത് ഒരു ക്രിമിനൽ കുറ്റമായി കാണാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ഇത്തരം ചോദ്യങ്ങൾതന്നെ ഇരയെ അപകീർത്തിപ്പെടുത്തുന്നതാണ്. ബന്ധം പിരിഞ്ഞാൽ സ്ത്രീ വന്ന് പുരുഷനെതിരേ ബലാത്സംഗ പരാതി ഉന്നയിക്കും. വിവാഹത്തിന് പുറത്തുള്ള എല്ലാ ബന്ധങ്ങളുടേയും സ്ഥിതി ഇതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
യുവതിയെ 18 വയസ്സുള്ളപ്പോഴാണ് യുവാവ് പരിചയപ്പെട്ടത്. ഈ സമയത്ത് ഇയാൾ നാല് വിവാഹം കഴിച്ചിരുന്നുവെന്നും ഇക്കാര്യം യുവതിയ്ക്ക് അറിയില്ലായിരുന്നുവെന്നും ഹർജിക്കാരിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, വിവാഹം കഴിക്കാതെ ഇയാൾക്കൊപ്പം യുവതി എന്തിന് കഴിഞ്ഞെന്നും ഒരു കുഞ്ഞിന് ജന്മംനൽകിയെന്നും കോടതി ചോദിച്ചു.
അതേസമയം, ലിവ് ഇൻ ബന്ധത്തിൽ ജനിച്ച കുട്ടിക്ക് നിയമപരമായ പരിരക്ഷ ഉണ്ടെന്നും ജീവനാംശം തേടാമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ‘നിയമപരമല്ലാത്ത ബന്ധങ്ങൾ ഉണ്ടായേക്കാം, എന്നാൽ ഇത്തരം ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടി നിയമപരമല്ലാതാകുന്നില്ല. അവർക്കിടയിൽ നിയമപരമായ വിവാഹ ബന്ധമുണ്ടായിരുന്നുവെങ്കിൽ അത് കൂടുതൽ നന്നാകുമായിരുന്നു’, സുപ്രീം കോടതി ചൂണ്ടിക്കാട്ടി. മധ്യസ്ഥ ചർച്ചയിൽക്കൂടി പ്രശ്നം പരിഹരിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
Content Highlights: Ending a consensual live-in relationship is not a criminal offense., Courts must distinguish between consensual relationships and rape allegations., Individuals must acknowledge the inherent risks of cohabitation outside marriage., The judiciary warns against the misuse of rape laws in failed relationships.