'തിരഞ്ഞെടുപ്പിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തും'; തടയാൻ കർശന നിർദേശങ്ങളുമായി സുപ്രീം കോടതി

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണം ജനാധിപത്യത്തെ ദുർബലപ്പെടുത്തുമെന്ന് സുപ്രീം കോടതി. വോട്ടർമാരെ സ്വാധീനിക്കാൻ കണക്കിൽപ്പെടാത്ത പണം ഉപയോഗിക്കുന്നത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന്റെ അടിത്തറയെ തന്നെ ബാധിക്കുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണ ഉപയോഗം തടയുന്നതിന് നിർദേശങ്ങളും സുപ്രീംകോടതി പുറത്തിറക്കി.
വോട്ടർമാരുടെ തിരഞ്ഞെടുപ്പ് ബാഹ്യസ്വാധീനങ്ങളാൽ നിർണയിക്കപ്പെടുകയാണെങ്കിൽ അത് അവരുടെ സ്വന്തം തിരഞ്ഞെടുപ്പല്ലെന്നും മറ്റൊരാളുടെ തിരഞ്ഞെടുപ്പ് അവരുടെ മേൽ അടിച്ചേൽപ്പിക്കുന്നതാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജനാധിപത്യം, നിയമവാഴ്ച, തിരഞ്ഞെടുപ്പ് പ്രക്രിയ എന്നിവ പരസ്പരം അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്ന ആശയങ്ങളാണെന്നും ഇതിലൊന്നിന് ക്ഷതമേൽക്കുമ്പോൾ മൂന്നിനെയും അത് ബാധിക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.
സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ജനാധിപത്യം പ്രവർത്തിക്കുന്നതെന്ന ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ നിരീക്ഷണവും കോടതി ചൂണ്ടിക്കാട്ടി.
ഭരണം മാറുമ്പോൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസുകളിലെ പ്രോസിക്യൂഷൻ സർക്കാർ ഏകപക്ഷീയമായി പിൻവലിക്കുന്നതിലും സുപ്രീം കോടതി ആശങ്ക രേഖപ്പെടുത്തി. ഇത്തരം കേസുകൾ പിന്നീട് പിൻവലിക്കപ്പെടുമെന്ന ധാരണ തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടത്താൻ നിയമലംഘകർക്ക് പ്രോത്സാഹനം നൽകുമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആശങ്കയും കോടതി പരിഗണിച്ചു. തുടർന്നാണ് തിരഞ്ഞെടുപ്പുകളിലെ കള്ളപ്പണ ഉപയോഗം തടയുന്നതിനുള്ള കർശന വ്യവസ്ഥകൾ സുപ്രീം കോടതി പുറപ്പടുവിച്ചത്.
സുപ്രീം കോടതി പുറപ്പടുവിച്ച പ്രധാന നിർദേശങ്ങൾ ഇവയാണ്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത തീയതി മുതൽ ഒരു വർഷത്തിനകം അന്വേഷണം പൂർത്തിയാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ എല്ലാ ശ്രമങ്ങളും നടത്തണം. കാലതാമസം ഉണ്ടായാൽ അതിന്റെ കാരണം രേഖപ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിക്കണം. അന്വേഷണത്തിന്റെ ത്രൈമാസ സ്ഥിതിവിവര റിപ്പോർട്ട് നോഡൽ ഓഫീസർ മുഖേന തിരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിക്കണം. ബന്ധപ്പെട്ട സീനിയർ സൂപ്രണ്ട് ഓഫ് പൊലീസ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മിഷണർ ഓഫ് പൊലീസ് ഇതിന് അംഗീകാരം നൽകണം.
നിരീക്ഷണ ടീമുകൾ 10 ലക്ഷം രൂപയിൽ കൂടുതലുള്ള പണം കണ്ടെത്തിയാൽ വിവരം ആദായനികുതി അധികൃതരെ അറിയിക്കണം. സ്ഥാനാർഥികൾക്കെതിരായ കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഹൈക്കോടതികൾ പ്രത്യേക കോടതികൾ നിശ്ചയിക്കണം. ഒരു തിരഞ്ഞെടുപ്പ് കാലയളവിൽ സ്ഥാനാർഥികൾക്കെതിരായ പ്രോസിക്യൂഷൻ പിൻവലിക്കുന്നതിന് ബന്ധപ്പെട്ട ഹൈക്കോടതിയുടെ അനുമതി നിർബന്ധമായിരിക്കണമെന്നും സുപ്രീം കോടതി നിർദേശിച്ചു.
2014-ലെ ബെല്ലാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരുന്ന പ്രതിക് പരശ്രാംപുരിയയ്ക്കെതിരായ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി. വോട്ടർമാർക്ക് കൈക്കൂലി നൽകുന്നതിനായി പണം ഉപയോഗിച്ചെന്ന ആരോപണത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ 20.48 ലക്ഷം രൂപ, ലാപ്‌ടോപ്പ്, ചെക്ക് ബുക്കുകൾ, കാലിച്ചെക്കുകൾ, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തിരുന്നു. ഇതേത്തുടർന്ന് സ്ഥാനാർഥിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ 2015-ൽ കർണാടക ഹൈക്കോടതി എഫ്.ഐ.ആർ റദ്ദാക്കി.
2015-ൽ കർണാടക ഹൈക്കോടതി പുറപ്പടിവിച്ച ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് സുപ്രീംകോടതി ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. 2014-ലെ ബെല്ലാരി ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയായിരുന്ന പ്രതിക് പരശ്രാംപുരിയക്കെതിരായ എഫ്.ഐ.ആർ. കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആരെയാണ് കൈക്കൂലി നൽകാൻ ഉദ്ദേശിച്ചതെന്നും എങ്ങനെയാണ് കൈക്കൂലി നൽകാൻ പദ്ധതിയിട്ടതെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടില്ലെന്ന കാരണത്താലാണ് ഹൈക്കോടതി എഫ്.ഐ.ആർ. റദ്ദാക്കിയത്. ഇതിനെതിരെ നൽകിയ അപ്പീൽ പരിഗണിച്ച ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, എൻ.കെ. സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് കള്ളപ്പണത്തിനെതിരെ സുപ്രധാനമായ ഇടപെടൽ നടത്തിയത്.
Content Highlights: The Supreme Court issued strict directives to curb black money and voter bribery in elections, emphasizing that unaccounted cash undermines democratic foundations while ruling on an appeal involving the 2014 Bellary by-election.