സംവരണവിഭാഗക്കാർ ഉയർന്ന മാർക്കുനേടിയാൽ ജനറൽ ആയി പരിഗണിക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: ജനറൽ വിഭാഗത്തിനു നിശ്ചയിച്ച കട്ട് ഓഫിനെക്കാൾ കൂടുതൽ മാർക്ക് നേടിയ സംവരണവിഭാഗത്തിലെ ഉദ്യോഗാർഥികൾക്ക് ജനറൽ ക്വാട്ടയിൽത്തന്നെ നിയമനം നൽകണമെന്ന് സുപ്രീംകോടതി. രാജസ്ഥാനിലെ കോടതികളിലേക്കു നടത്തിയ റിക്രൂട്ട്‌മെന്റിൽ ജനറൽ വിഭാഗക്കാരേക്കാൾ മികച്ച പ്രകടനം സംവരണവിഭാഗക്കാർ നടത്തിയതോടെ അവരുടെ കട്ട് ഓഫ് മാർക്ക് ഉയർന്നതുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് ദീപങ്കർ ദത്ത അധ്യക്ഷനായ ബെഞ്ച് വിധിപറഞ്ഞത്.
രാജസ്ഥാൻ ഹൈക്കോടതി, ജില്ലാ കോടതികൾ തുടങ്ങിയവയിലെ ജൂനിയർ ജുഡീഷ്യൽ അസിസ്റ്റന്റ് ആൻഡ് ക്ലാർക്ക് ഗ്രേഡ് ടു തസ്തികയിലേക്കുള്ള 2756 ഒഴിവുകളിലേക്ക് 2022 ഓഗസ്റ്റിലാണ് റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്. എഴുത്തുപരീക്ഷയിൽ മിനിമം മാർക്ക് (കട്ട് ഓഫ്) നേടിയവരെയാണ് തുടർന്നുള്ള ടൈപ്പ്‌റൈറ്റിങ് ടെസ്റ്റിൽ പങ്കെടുപ്പിക്കുക. ഓരോ വിഭാഗത്തിലും (സംവരണ, സംവരണേതര) ഒഴിവുള്ള തസ്തികകളുടെ അഞ്ചിരട്ടി ഉദ്യോഗാർഥികളെ ടൈപ്പ്‌റൈറ്റിങ് ടെസ്റ്റിലേക്ക് പങ്കെടുപ്പിക്കാൻ കണക്കാക്കിയാണ് എഴുത്തുപരീക്ഷയുടെ മിനിമം മാർക്ക് നിശ്ചയിച്ചത്.
2023 മേയിൽനടന്ന എഴുത്തുപരീക്ഷയിൽ പട്ടികജാതി, മറ്റ് പിന്നാക്കവിഭാഗം (ഒബിസി), ഏറ്റവും പിന്നാക്കവിഭാഗം (എംബിസി), സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗം (ഇഡബ്ല്യുഎസ്) എന്നീ സംവരണവിഭാഗങ്ങളിലെ ഒട്ടേറെ ഉദ്യോഗാർഥികൾക്ക് ജനറൽ വിഭാഗത്തിലെ കട്ട് ഓഫിനെക്കാൾ കൂടുതൽ മാർക്ക് ലഭിച്ചു. പൊതുവേ മികച്ചപ്രകടനം നടത്തിയ അവരുടെ കട്ട് ഓഫ് മാർക്ക് ജനറൽവിഭാഗത്തിന്റേതിനെക്കാൾ മുകളിലായി.
ഇതോടെ, ജനറൽ കട്ട് ഓഫിനെക്കാൾ കൂടുതൽ ലഭിക്കുകയും തങ്ങളുടെ സംവരണവിഭാഗത്തിലെ കട്ട് ഓഫിനെക്കാൾ കുറവ് ലഭിക്കുകയും ചെയ്ത് പട്ടികയിൽനിന്ന് പുറത്തായ സംവരണ ഉദ്യോഗാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഉദ്യോഗാർഥികളെ ജനറലായിത്തന്നെ പരിഗണിക്കാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതാണ് സുപ്രീംകോടതി ശരിവെച്ചത്. ഹൈക്കോടതി ഉത്തരവിനെതിരേ രാജസ്ഥാൻ ഹൈക്കോർട്ട് അഡ്മിനിസ്‌ട്രേഷനും രജിസ്ട്രാറും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.
വിഭാഗംതിരിച്ചുള്ള പട്ടികയുണ്ടാക്കൽ അനുവദനീയമാണെങ്കിലും മികവുകാണിച്ച സംവരണ ഉദ്യോഗാർഥികളെ ഷോർട്ട് ലിസ്റ്റിങ് ഘട്ടത്തിൽത്തന്നെ ഓപ്പൺ പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് ഹൈക്കോടതി വിധിച്ചത്. ആദ്യം യോഗ്യതയുടെ അടിസ്ഥാനത്തിൽ ജനറൽ അഥവാ ഓപ്പൺ പട്ടിക തയ്യാറാക്കണം. തുടർന്ന്, അതിൽപ്പെടാത്ത സംവരണവിഭാഗക്കാരെ ഉൾപ്പെടുത്തി സംവരണക്കാർക്കുള്ള പട്ടികയുണ്ടാക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
എന്നാൽ, ഇങ്ങനെ ചെയ്യുന്നത് സംവരണക്കാർക്ക് ഇരട്ടി ആനുകൂല്യം നൽകലാകുമെന്നാണ് ഹർജിക്കാർ സുപ്രീംകോടതിയിൽ വാദിച്ചത്. അതേസമയം, ജനറൽവിഭാഗം എന്നത് ആർക്കെങ്കിലുമുള്ള ക്വാട്ടയല്ലെന്ന് സുപ്രീംകോടതി പറഞ്ഞു. ഒരുവിധ ആനുകൂല്യവും ലഭിക്കാതെ ജനറൽ വിഭാഗക്കാരെക്കാൾ മികച്ച പ്രകടനം സംവരണ വിഭാഗത്തിലെ ഉദ്യോഗാർഥി നടത്തിയാൽ അവരെ ഓപ്പൺ പട്ടികയിൽത്തന്നെ പരിഗണിക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
Content Highlights: Supreme Court rules that reserved category candidates who score more than the general cut-off must be appointed in the general quota. Read the full details of this landmark judgment.