ചീഫ് ജസ്റ്റിസിനെതിരായ പോസ്റ്റ്: കോൺഗ്രസ് നേതാക്കൾക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകും

#ന്യൂസ് ഡെസ്ക്
കോൺഗ്രസ് എക്സിൽ പങ്കുവെച്ച പോസ്റ്റ്, സണ്ണി ജോസഫ്
കോൺഗ്രസ് എക്സിൽ പങ്കുവെച്ച പോസ്റ്റ്, സണ്ണി ജോസഫ്

ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെതിരായ എക്‌സ് പോസ്റ്റിൽ കോൺഗ്രസിന്റെ കേരള ഘടകത്തിനെതിരെ ക്രിമിനൽ കോടതി അലക്ഷ്യ ഹർജി നൽകാൻ സുപ്രീം കോടതി ബാർ അസോസിയേഷൻ തീരുമാനിച്ചു. ഹർജി ഫൈൽ ചെയ്യുന്നതിനായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണിയുടെ അനുമതി തേടി കത്ത് നൽകും.

അറ്റോർണി ജനറൽ അനുമതി നൽകിയാൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ സുപ്രീം കോടതിയിൽ നേരിട്ട് ക്രിമിനൽ കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കും. ചീഫ് ജസ്റ്റിസിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിക്കുകയും അദ്ദേഹം രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത പോസ്റ്റ് ജുഡീഷ്യറിയെ അവമതിപ്പ് ഉണ്ടാക്കുന്നതാണെന്ന് ബാർ അസോസിയേഷൻ ചൂണ്ടിക്കാട്ടുന്നു.

'പറ്റിയില്ലെങ്കിൽ രാജിവെച്ചു പോകൂ, ഞങ്ങൾ വേറെ ആളെ നോക്കിക്കൊള്ളാം' എന്ന തരത്തിലുള്ള പരാമർശങ്ങളാണ് പോസ്റ്റിലുണ്ടായിരുന്നത്. വിവാദം ഉയർന്നതോടെ കെപിസിസി ഈ പോസ്റ്റ് ഉടൻ തന്നെ നീക്കം ചെയ്യുകയും കൈയബദ്ധമാണെന്ന രീതിയിൽ പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. കൂടാതെ കോൺഗ്രസ് ദേശീയ നേതൃത്വം ഈ പരാമർശത്തിൽ നിന്ന് അകലം പാലിച്ചെങ്കിലും നിയമനടപടികളുമായി മുന്നോട്ടുപോകാൻ തന്നെയാണ് സുപ്രീംകോടതി ബാർ അസോസിയേഷന്‌റെ തീരുമാനം.

Content Highlights: Supreme court bar association seeks action against Kerala Congress for contempt of court over a controversial post targeting Chief Justice Suryakant.