പ്രതി മാനസാന്തരപ്പെടാൻ സാധ്യതയുണ്ടെങ്കിൽ വധശിക്ഷ ഒഴിവാക്കണം -സുപ്രീംകോടതി

ന്യൂഡൽഹി: ഒന്നിലേറെ കൊലപാതകങ്ങൾ നടത്തിയ പ്രതിയാണെങ്കിലും മാനസാന്തരപ്പെടാൻ സാധ്യതയുണ്ടെങ്കിൽ വധശിക്ഷ ഒഴിവാക്കാവുന്നതാണെന്ന് സുപ്രീംകോടതി. ഭാര്യയെയും നാല് കുട്ടികളെയും കൊലപ്പെടുത്തിയ ഉത്തർപ്രദേശ് സ്വദേശി ദീൻ ദയാൽ തിവാരിയുടെ വധശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
പ്രായം, കുറ്റകൃത്യപശ്ചാത്തലം തുടങ്ങിയവയെല്ലാം ഇത്തരം കേസുകളിൽ പരിഗണിക്കണമെന്നും ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. സാഹചര്യത്തെളിവുകൾ വെച്ചാണ് പ്രതിയെ വിചാരണക്കോടതി ശിക്ഷിച്ചത്. ഹൈക്കോടതി അത് ശരിവെച്ചു. താൻ ചെയ്ത കുറ്റം അപൂർവങ്ങളിൽ അപൂർവമല്ലെന്നാണ് പ്രതി സുപ്രീംകോടതിയിൽ വാദിച്ചത്.
പ്രതി മാനസാന്തരപ്പെടാൻ ഒരു സാധ്യതയും ഇല്ലാതിരിക്കുകയും ജീവപര്യന്തം തടവ് പോരാതെ വരുകയും ചെയ്യുമ്പോഴേ വധശിക്ഷ വിധിക്കാവൂയെന്ന് ബച്ചൻ സിങ് കേസിൽ (1980) സുപ്രീംകോടതി മുൻപ് വ്യക്തമാക്കിയിരുന്നു.
Content Highlights: Supreme Court Commutes Death Penalty to Life Imprisonment