ആ അഞ്ച് ഏക്കര്‍ സ്വീകരിക്കുന്നു: അയോധ്യ വിധി അംഗീകരിച്ച്‌ സുന്നി വഖഫ് ബോര്‍ഡ്

ലക്‌നൗ: സുപ്രീം കോടതി ഉത്തരവ് പ്രകാരം അയോധ്യയില്‍ പള്ളി പണിയുന്നതിന് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഏക്കര്‍ സ്ഥലം സ്വീകരിച്ചതായി സുന്നി വഖഫ് ബോര്‍ഡ്. വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

'ഭൂമി സ്വീകരിക്കണോ വേണ്ടയോ എന്ന ചോദ്യം തങ്ങള്‍ ഇതുവരെ ഉയര്‍ത്തിയിട്ടില്ല. ഭൂമി സ്വീകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവാദങ്ങളുണ്ടാക്കുന്നത് മറ്റു ചിലരാണ്. പരമോന്നത കോടതിയുടെ തീരുമാനം അനുസരിക്കാനാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്', ഫാറൂഖി പറഞ്ഞു.

യു.പി സര്‍ക്കാര്‍ ഭൂമി കണ്ടെത്തി തങ്ങള്‍ക്ക് കൈമാറണമെന്നാണ് നവംബര്‍ ഒമ്പതിന്റെ സുപ്രീംകോടതി വിധി. അതില്‍ പള്ളിയും മറ്റു സൗകര്യങ്ങളും നിര്‍മിക്കുന്നതിന് തങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. ഭൂമി സ്വീകരിക്കാതിരിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്നും അങ്ങനെ ചെയ്താല്‍ അത് കോടതിയലക്ഷ്യമാകുമെന്നും ഫാറൂഖി പറഞ്ഞു. ഇതു സംബന്ധിച്ച് തങ്ങളുടെ അടുത്ത നടപടി സംബന്ധിച്ച് ഫെബ്രുവരി 24ന് യോഗം ചേര്‍ന്ന് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സോഹാവാലില്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തിയിരുന്നു. എന്നാല്‍ വിധിക്കു ശേഷം ഇതുവരെ ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. 

Content Highlights: Sunni board says 5-acre mosque land accepted- Ayodhya

Content Highlights: