പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ചനടത്തി സുനേത്ര; ‘സഖ്യത്തിൽ വിള്ളലുണ്ടാക്കരു’തെന്ന് BJP മുന്നറിയിപ്പ്

#ന്യൂസ് ഡെസ്ക്
പ്രശാന്ത് കിഷോർ, സുനേത്ര പവാർ | ഫോട്ടോ - പി.ടി.ഐ., എ.എൻ.ഐ.
പ്രശാന്ത് കിഷോർ, സുനേത്ര പവാർ | ഫോട്ടോ - പി.ടി.ഐ., എ.എൻ.ഐ.

മുംബൈ: ബിഹാർ ഉപതിരഞ്ഞെടുപ്പിൽ ജയിച്ച പ്രശാന്ത് കിഷോറുമായി എൻ.സി.പി. അധ്യക്ഷയും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ സുനേത്ര പവാർ കൂടിക്കാഴ്ച നടത്തിയതിൽ മുന്നറിയിപ്പുമായി ബിജെപി. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ വിള്ളലുണ്ടാക്കുന്ന ഒരു നീക്കവുമുണ്ടാകരുതെന്ന് മുതിർന്ന ബി.ജെ.പി. നേതാവും സംസ്ഥാന റവന്യൂ മന്ത്രിയുമായ ചന്ദ്രശേഖർ ബാവൻകുലെ സുനേത്രയോട് നിർദേശിച്ചു.

കൂടിക്കാഴ്ച എൻ.സി.പി.യുടെ ആഭ്യന്തര വിഷയമാണെങ്കിലും സഖ്യത്തിന്റെ ഭാഗമായിരിക്കുമ്പോൾ സംശയത്തിനിടവരുത്തുന്നതോ മുന്നണിക്ക് ദോഷം വരുത്തുന്നതോ ആയ നിലപാടുകൾ സ്വീകരിക്കരുതെന്ന് ബാവൻകുലെ പറഞ്ഞു. സഖ്യത്തിലെ എല്ലാ കക്ഷികളും പെരുമാറ്റച്ചട്ടങ്ങൾ കൃത്യമായി പാലിക്കണം. തെറ്റിദ്ധാരണകൾക്കോ ഭിന്നതകൾക്കോ ഇടവരുത്തുന്ന തരത്തിലുള്ള ഇടപെടലുകൾ ഒഴിവാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിൽ ബി.ജെ.പി., ഏക്‌നാഥ് ഷിൻഡെയുടെ ശിവസേന എന്നിവർക്കൊപ്പമാണ് സുനേത്ര പവാറിന്റെ എൻ.സി.പി. ഭരണത്തിലുള്ളത്. ദക്ഷിണ മുംബൈയിലെ സുനേത്ര പവാറിന്റെ ഔദ്യോഗിക വസതിയിൽവെച്ചാണ് പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ, ചർച്ചചെയ്ത വിഷയങ്ങളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

ബിഹാറിലെ ബങ്കിപുർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ പ്രശാന്ത് കിഷോർ ബിജെപിക്കെതിരേ ചരിത്രവിജയം നേടിയിരുന്നു. സ്വന്തം പാർട്ടിയായ ജൻ സുരാജ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ച കിഷോർ, ബി.ജെ.പി. സ്ഥാനാർഥി നീരജ് കുമാർ സിൻഹയെ വൻ മാർജിനിൽ തകർത്താണ് തന്റെ ആദ്യ തിരഞ്ഞെടുപ്പ് ജയം സ്വന്തമാക്കിയത്. ബി.ജെപി. നേതാവ് നിതിൻ നബിൻ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ 30 വർഷത്തിലേറെയായി ബി.ജെ.പി. മാത്രം ജയിച്ചുവരുന്ന മണ്ഡലമായിരുന്നു ഇത്.

മുൻപ് നരേന്ദ്ര മോദി, മമത ബാനർജി, അരവിന്ദ് കെജ്രിവാൾ തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് തന്ത്രങ്ങളാവിഷ്കരിച്ച വ്യക്തിയാണ് പ്രശാന്ത് കിഷോർ. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരിക്കേ അജിത് പവാർ വിമാനാപകടത്തിൽ അന്തരിച്ചതിനെത്തുടർന്ന് സുനേത്ര പവാർ പാർട്ടി ചുമതല ഏറ്റെടുത്തിരുന്നു. ശേഷം രണ്ടാംതവണയാണ് പ്രശാന്ത് കിഷോറുമായി സുനേത്ര കൂടിക്കാഴ്ച നടത്തുന്നത്. പ്രശാന്ത് തങ്ങളുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണെന്ന് ആദ്യ കൂടിക്കാഴ്ചയ്ക്കുശേഷം സുനേത്ര പവാറിന്റെ മകനും എൻ.സി.പി. നേതാവുമായ പാർഥ് പവാർ വ്യക്തമാക്കിയിരുന്നു.

Content Highlights: BJP warns NCP leader Sunetra Pawar to maintain Mahayuti alliance stability., Concerns raised following a meeting between Sunetra Pawar and poll strategist Prashant Kishor.