'ഫെബ്രുവരി 12',ശരദ് പവാറിന്റെ വെളിപ്പെടുത്തലും സുനേത്രയുടെ തിടുക്കത്തിലുള്ള സത്യപ്രതിജ്ഞയും

#ന്യൂസ് ഡെസ്ക്
പ്രഫുല്‍ പട്ടേലും സുനേത്ര പവാറും, ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തുന്നു (പുറത്തുവന്ന വീഡിയോയില്‍നിന്നുള്ള ദൃശ്യം)
പ്രഫുല്‍ പട്ടേലും സുനേത്ര പവാറും, ശരദ് പവാറും അജിത് പവാറും കൂടിക്കാഴ്ച നടത്തുന്നു (പുറത്തുവന്ന വീഡിയോയില്‍നിന്നുള്ള ദൃശ്യം)

മുംബൈ: ബുധനാഴ്ചയാണ് എൻസിപി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ വിമാനപകടത്തിൽ മരിക്കുന്നത്. മൂന്ന് ദിവസത്തിന് ശേഷം ഭാര്യ സുനേത്ര, അജിത് പവാറിന്റെ പിൻമാഗിയായി ഉപമുഖ്യമന്ത്രി പദം ഏറ്റെടുത്ത് സത്യപ്രതിജ്ഞ ചെയ്തു. വിമാന ദുരന്തവും അജിത് പവാറിന്റെ അകാലത്തിലുള്ള വിയോഗവും മഹാരാഷ്ട്രയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കെ ധൃതിപിടിച്ച് അദ്ദേഹത്തിന്റെ പിൻഗാമിയെ തിരഞ്ഞെടുത്ത രാഷ്ട്രീയ നീക്കം പലരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയും അജിത് പവാറിന്റെ എൻസിപിയും തമ്മിലുള്ള ലയന ചർച്ചകളാണ് ഈ തിടുക്കത്തിന്റെ പ്രധാന കാരണമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.

ലയനം നടന്നാൽ ശരദ് പവാർ വിഭാഗം മേൽക്കൈ നേടുമെന്നും പാർട്ടിയിൽ തങ്ങളുടെ സ്വാധീനം കുറയുമെന്നും അജിത് പവാറിന്റെ പക്ഷത്തുള്ള പ്രമുഖ നേതാക്കൾ ഭയപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അപകടം സംഭവിച്ചതിന്റെ മൂന്നാം ദിവസം മുതൽ മഹാരാഷ്ട്രയിൽ രാഷ്ട്രീയ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ലയന ചർച്ചകൾ നടക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ അജിത് പവാറിന്റെ എൻസിപിയിലെ പ്രമുഖ നേതാക്കളായ പ്രഫുൽ പട്ടേൽ, ഛഗൻ ഭുജ്ബൽ, സുനിൽ തത്കരെ തുടങ്ങിയ മുതിർന്ന നേതാക്കൾ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ കണ്ട് സുനേത്ര പവാറിനെ ഉപമുഖ്യമന്ത്രിയായി നിയമിക്കാനുള്ള അവരുടെ തീരുമാനം അറിയിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നടന്ന മുതിർന്ന നേതാക്കളുടെ യോഗത്തിൽ സുനേത്ര പവാർ ഓൺലൈനായി പങ്കെടുക്കുകയും ചെയ്തു. ഭർത്താവ് വഹിച്ചിരുന്ന മൂന്ന് സ്ഥാനങ്ങളും ഏറ്റെടുക്കണമെന്ന് നേതാക്കൾ അവരോട് ആവശ്യപ്പെട്ടു. ഉപമുഖ്യമന്ത്രി സ്ഥാനം, എൻസിപി പ്രസിഡന്റ് സ്ഥാനം, എൻസിപി നിയമസഭാ കക്ഷി നേതൃസ്ഥാനം എന്നിവയായിരുന്നു അജിത് പവാർ വഹിച്ചിരുന്നത്.

ധനകാര്യ വകുപ്പ് ഒഴികെ അജിത് പവാർ വഹിച്ച എല്ലാവകുപ്പുകളും സുനേത്രയ്ക്ക് നൽകാൻ എൻസിപി-ബിജെപി നേതാക്കൾ തമ്മിലുള്ള ചർച്ചയിൽ തീരുമാനമായിരുന്നു. ധനകാര്യ വകുപ്പ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് തന്നെ കൈകാര്യം ചെയ്യും. പകരം എൻസിപിക്ക് മറ്റൊരു വകുപ്പ് അനുവദിക്കും.

സുനേത്രയെ ഉപമുഖ്യന്ത്രിയാക്കാനുള്ള തീരുമാനവും മറ്റും പവാർ കുടുംബത്തിലെ പ്രധാനിയായ ശരദ് പവാറിനെ അറിയിച്ചിടില്ലെന്നതാണ് ശ്രദ്ധേയം. ഇന്ന് രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ ശരദ് പവാർ, ഇതൊന്നും താൻ അറിഞ്ഞിട്ടില്ലെന്ന് അതൃപ്തിയോട് പറയുകയും ചെയ്തു. പ്രഫുൽ പട്ടേലും സുനിൽ തത്കരെയും ആണ് തീരുമാനങ്ങളെടുത്തതെന്ന് ശരദ് പവാർ പറയുകയും ചെയ്തു.

അജിത് പവാർ ലയനത്തിന് സന്നദ്ധത അറിയിച്ചിരുന്നതായി  പത്രസമ്മേളനത്തിൽ ശരദ് പവാർ വെളിപ്പെടുത്തുകയും ചെയ്തു. തങ്ങൾ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നതായും ഫെബ്രുവരി 12-ന് എൻസിപിയുടെ ജന്മദിനത്തിൽ ലയനം പ്രഖ്യാപിക്കാനിരിക്കുകയായിരുന്നുവെന്നും ശരദ് പവാർ വെളിപ്പെടുത്തി. അജിത് പവാർ പക്ഷ നേതാക്കൾ ഇത് നിഷേധിച്ചെങ്കിലും തൊട്ടുപിന്നാലെ ജനുവരി 17ന് അജിത് പവാർ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ വീഡിയോ പുറത്ത് വരികയും ചെയ്തു.

അജിത് പവാർ പക്ഷ നേതാക്കൾ ലയനത്തെ പിന്തുണയ്ക്കാതിരിക്കുന്നതിന് പിന്നിൽ പല കാരണങ്ങളുണ്ടെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. പാർട്ടിയിൽ ഒതുക്കപ്പെടും എന്ന ഭയത്തിനൊപ്പം ബിജെപിയുമായി ഒരു കാരണവശാലും സഖ്യമുണ്ടാക്കില്ലെന്ന ശരദ് പവാറിന്റെ പ്രഖ്യാപനമാണ് അവരുടെ മറ്റൊരു പ്രധാന ആശങ്ക. കേന്ദ്ര സർക്കാരിലും സംസ്ഥാനത്തെ മഹായുതി സർക്കാരിലും മന്ത്രിപദം അടക്കമുള്ള പ്രധാന സ്ഥാനങ്ങൾ ലയിക്കുകയാണെങ്കിൽ ഇവർക്ക് നഷ്ടപ്പെടും.

മറ്റൊരു പ്രധാന കാരണം അജിത് പവാർ പക്ഷത്തിലെ പ്രധാന നേതാക്കളെല്ലാം ഇ.ഡി, സിബിഐ, മറ്റു കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരത്തെ നേരിട്ടിരുന്നവരാണ്. എൻഡിഎ സഖ്യത്തിൽ ചേർന്നതിന് ശേഷം ഇവരിൽ പലർക്കും നിയമനടപടികളിൽനിന്ന് മോചനം ലഭിച്ചിട്ടുണ്ട്. സഖ്യം ഉപേക്ഷിക്കുമ്പോൾ അന്വേഷണം വീണ്ടും വരുമോയെന്ന ഭയവും ഇവർക്കുണ്ട്.

കൂടാതെ രാഷ്ട്രീയ പരിചയം കുറവുള്ള സുനേത്രയെ മുന്നിൽനിർത്തുന്നതിലൂടെ പാർട്ടിയിൽ തങ്ങളുടെ ആധിപത്യം നിലനിർത്താനാകുമെന്നും ചില നേതാക്കൾ കരുതുന്നു.

Content Highlights: Ajit Pawar's Successor Named: Sunetra Pawar Takes Oath Amidst Merger Speculation