ചോദ്യക്കടലാസ്‌ ചോർച്ച: പട്നയിൽ വൻ പ്രതിഷേധം, പ്രശാന്ത് കിഷോറിനെതിരേ കേസ്

പ്രശാന്ത് കിഷോര്‍ ഉദ്യോഗാര്‍ഥികളോട് സംസാരിക്കുന്നു, Photo:ANI
പ്രശാന്ത് കിഷോര്‍ ഉദ്യോഗാര്‍ഥികളോട് സംസാരിക്കുന്നു, Photo:ANI

പട്‌ന: ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ സിവിൽ സർവീസ് പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോർന്നെന്ന ആരോപണത്തിൽ പ്രതിഷേധം പുകയുന്നു. കഴിഞ്ഞ ദിവസം ഉദ്യോഗാർഥികൾ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രശാന്ത് കിഷോറടക്കമുള്ള ജന്‍ സുരാജ് പാര്‍ട്ടി നേതാക്കള്‍ക്കെതിരേയും പ്രതിഷേധം നടത്തിയ 700-ഓളം പേര്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ അനധികൃതമായി ആളുകളെ കൂട്ടം ചേരാന്‍ പ്രേരിപ്പിച്ചെന്നും ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുന്നതിലേക്ക് നയിച്ചെന്നുമാണ് പോലീസ് പറയുന്നത്. 

പട്‌നയിൽ പ്രതിഷേധത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് ഉദ്യോഗാർഥികൾക്കുനേരേ പോലീസ് ജലപീരങ്കി ഉപയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയുംചെയ്തിരുന്നു. വീണ്ടും പരീക്ഷ നടത്തണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാർഥികൾ പബ്ലിക് സർവീസ് കമ്മിഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയത്. പ്രശാന്ത് കിഷോറിന്റെ ജൻ സ്വരാജ് പാർട്ടി പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഡിസംബർ 13-ന് നടന്ന പരീക്ഷയുടെ ചോദ്യക്കടലാസ്‌ ചോർന്നെന്നാണ് ആരോപണം. കഴിഞ്ഞ പത്തുദിവസമായി പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾ പ്രതിഷേധത്തിലാണ്. എന്നാൽ, പരീക്ഷ റദ്ദാക്കില്ലെന്നും ഉദ്യോഗാർഥികളുടെ ആരോപണം തെളിയിക്കുന്നതിനുള്ള വസ്തുതകൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ബിഹാർ പബ്ലിക് സർവീസ് കമ്മിഷൻ കൺട്രോളർ രാജേഷ് കുമാർ സിങ് പറഞ്ഞു. സംസ്ഥാനത്ത് 900 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.  

Content Highlights: Students Cops Clash In Bihar Over Exam Case Filed Against Prashant Kishor