ജെൻ ആൽഫ വിദ്യാർഥികളുടെ പ്രതിഷേധം ഫലംകണ്ടു; സ്കൂളുകൾ നന്നാക്കാൻ ഇടപെടലുകളുമായി സംസ്ഥാനങ്ങൾ

ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്കൂളുകളിലെ സൗകര്യങ്ങൾ വർധിപ്പിക്കാൻ ഇടപെടലുകളുമായി വിവിധ സംസ്ഥാന സർക്കാരുകൾ. പൊതുവിദ്യാലയങ്ങൾ മെച്ചപ്പെടുത്താനായി സ്വാതന്ത്ര്യദിനത്തിൽ കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച ‘സ്കൂൾ ഠീക്ക് കരോ’ പ്രചാരണത്തിന് പിന്നാലെ വ്യാപകമായ പ്രതിഷേധങ്ങളോട് അനുഭാവ സമീപനമാണ് മിക്ക സംസ്ഥാനങ്ങളും സ്വീകരിക്കുന്നത്.
സി.ജെ.പി.യുടെ ആഹ്വാനം പ്രേരകശക്തിയായിട്ടുണ്ടെങ്കിലും ആ പേരിലല്ല ജെൻ ആൽഫ തലമുറയിലെ വിദ്യാർഥികളുടെ പ്രതിഷേധമെന്നതിനാൽ രാഷ്ട്രീയപ്രേരിതമെന്ന പതിവുപല്ലവിയിൽ പ്രതിഷേധത്തെ അവഗണിക്കാൻ അധികൃതർക്കാവുന്നില്ല. ക്ലാസ് മുറിയിലെ ബെഞ്ചും ഡെസ്കും, കുടിവെള്ളം, വൃത്തിയുള്ള ശൗചാലയം, ഉച്ചഭക്ഷണത്തിന്റെ മോശം നിലവാരം, അധ്യാപകരില്ലായ്മ എന്നിങ്ങനെ ന്യായമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധങ്ങളെല്ലാം.
ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ പ്രതിഷേധങ്ങൾക്ക് പിന്നാലെ സ്കൂളുകൾക്കായി ഇടപെടലുകൾ നടത്തിയിട്ടുണ്ട്. ഈയടുത്ത് രാജസ്ഥാനിൽ കാലിത്തൊഴുത്തിൽ സ്കൂൾ പ്രവർത്തിക്കുന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സർക്കാർ ഇടപെട്ട് സ്കൂളിന് സൗകര്യങ്ങളേർപ്പാടാക്കി.
സ്കൂളുകളുടെ ദയനീയാവസ്ഥ പുറത്തുവരുന്നത് നാണക്കേടായതിനുശേഷം പുറത്തുനിന്നുള്ളവരെ സ്കൂൾ വളപ്പിൽ പ്രവേശിപ്പിക്കുന്നത് വിലക്കി രാജസ്ഥാൻ സർക്കാർ ഉത്തരവിറക്കിയിരുന്നു. എങ്കിലും വിദ്യാർഥി പ്രശ്നങ്ങളുണ്ടായ സ്ഥലങ്ങളിൽ പരിഹാരത്തിന് നടപടിയെടുക്കുന്നുണ്ട്.
യു.പി.യിൽ പ്രതിഷേധിച്ച വിദ്യാർഥികളോട് വിദ്യാഭ്യാസ വകുപ്പധികൃതരും സാമൂഹികക്ഷേമ വകുപ്പധികൃതരും ചർച്ച നടത്തി. മധ്യപ്രദേശിൽ സ്കൂളിൽപ്പോകുന്നതിന്റെ ബസ് ചാർജ് പത്തിൽനിന്ന് 25 രൂപയാക്കി വർധിപ്പിച്ചതിനെതിരേ വിദ്യാർഥികൾ പ്രതിഷേധിച്ചപ്പോൾ ജില്ലാ ഭരണകൂടം ഇടപെട്ട് ചാർജ് പത്തുരൂപതന്നെയാക്കി കുറച്ചു. മഹാരാഷ്ട്രയിൽ സ്കൂൾ കെട്ടിടങ്ങളുടെ നവീകരണത്തിനായി ഫണ്ടുകണ്ടെത്താൻ മറ്റു വഴിനോക്കാൻ ജില്ലാ കളക്ടർമാരോട് സർക്കാർ ആവശ്യപ്പെട്ടിരിക്കുകയാണ്. ബജറ്റിൽ 90 ശതമാനവും അധ്യാപകരുടെ ശമ്പളത്തിനായി ചെലവഴിക്കുന്ന പശ്ചാത്തലത്തിലാണിത്. വിദ്യാർഥികൾ പ്രതിഷേധിച്ച് വിവാദമാകുമോയെന്ന ആശങ്കയിൽ പരാതികളുണ്ടാകുമ്പോൾത്തന്നെ പരിഹാരം കാണാനും അധികൃതർ ശ്രമിക്കുന്നുണ്ട്.
Content Highlights: Student-led protests are forcing state governments to improve school facilities like benches, drinking water, and sanitation., The CJP's 'School Theek Karo' campaign has acted as a catalyst, though student movements remain non-partisan., States like Uttar Pradesh, Rajasthan, Madhya Pradesh, and Maharashtra are taking corrective actions in response to grievances.