മന്ത്രിസ്ഥാനം പോയി; രാജി ഭീഷണി മുഴക്കി മധ്യപ്രദേശിലെ BJP എം.എല്‍.എ.

നാഗർസിങ് ചൗഹാൻ മോഹൻ യാദവിനൊപ്പം | Photo: 'X' @nagarsingh191
നാഗർസിങ് ചൗഹാൻ മോഹൻ യാദവിനൊപ്പം | Photo: 'X' @nagarsingh191

ഭോപ്പാല്‍: മന്ത്രിസ്ഥാനം പോയതിന് പിന്നാലെ രാജിഭീഷണി മുഴക്കി മധ്യപ്രദേശ് എം.എല്‍.എ. നാഗര്‍സിങ് ചൗഹാന്‍. മധ്യപ്രദേശിലെ മോഹന്‍ യാദവ് സര്‍ക്കാരില്‍ വനം- പരിസ്ഥിതി വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം. 

ചൗഹാനെ സ്ഥാനത്തുനിന്ന് നീക്കുകയും കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ രാംനിവാസ് റാവത്തിനെ മന്ത്രിയാക്കുകയുമായിരുന്നു. ഇതോടെയാണ് നാഗര്‍സിങ് ചൗഹാന്‍ കലാപക്കൊടി ഉയര്‍ത്തിയത്. രത്ലാമില്‍നിന്നുള്ള ലോക്‌സഭാംഗമാണ് ചൗഹാന്റെ ഭാര്യ അനിത നാഗര്‍സിങ് ചൗഹാന്‍. ഇവരും രാജിവെച്ചേക്കുമെന്ന് സൂചനകളുണ്ട്.

ഞായറാഴ്ചയാണ് നാഗര്‍സിങ് ചൗഹാനെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ വിശ്വസ്തനായ നാഗര്‍സിങിന്റെ തീരുമാനം ബി.ജെ.പി. സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ് പാര്‍ട്ടിയുടെ സമീപകാല പ്രവര്‍ത്തനങ്ങള്‍ വ്യക്തിപരമായി മാത്രമല്ല, താന്‍ പ്രതിനിധീകരിക്കുന്ന ആദിവാസി സമൂഹത്തിനെതിരെയുമുള്ള കനത്ത പ്രഹരമാണെന്നും ചൗഹാന്‍ വിമര്‍ശനം ഉന്നയിച്ചു. 

25 വര്‍ഷമായി താന്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. പാര്‍ട്ടി നടപടിയില്‍ തനിക്ക് അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കിയ ചൗഹാന്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് പാര്‍ട്ടിയോ സര്‍ക്കാരോ തന്നെ ഒന്നും അറിയിച്ചില്ലെന്നും കുറ്റപ്പെടുത്തി. പാര്‍ട്ടിയ്ക്ക് മുന്‍പാകെ വിഷയം ഉന്നയിക്കുമെന്നും ഒന്നു രണ്ടു ദിവസങ്ങള്‍ക്കുള്ളില്‍ തീരുമാനമെടുത്തില്ലെങ്കില്‍ താനും ഭാര്യയും രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Stripped Of Ministry Madhya Pradesh MLA Threatens To Quit Along With Wife