വധൂവരന്മാരെ ആശീര്‍വദിക്കാന്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ കയറി; സത്കാരത്തിനിടെ വേദി തകര്‍ന്നുവീണു | വീഡിയോ

ലഖ്‌നൗ: വിവാഹസത്കാരത്തിനിടെ വധൂവരന്മാരെ ആശീര്‍വദിക്കാനായി ബിജെപി നേതാക്കളടക്കമുള്ള അതിഥികള്‍ കൂട്ടത്തോടെ കയറിയതോടെ വിവാഹവേദി തകര്‍ന്നുവീണു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. സ്റ്റേജ് തകര്‍ന്ന് വധൂവരന്മാരും ബിജെപി നേതാക്കളും താഴെവീണെങ്കിലും ആര്‍ക്കും സാരമായ പരിക്കില്ലെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ബിജെപി നേതാവ് അഭിഷേക് സിങ് എന്‍ജിനീയറുടെ സഹോദരന്റെ വിവാഹസത്കാരത്തിനിടെയായിരുന്നു അപകടം. ബല്ലിയയിലെ രാംലീല മൈതാനത്താണ് വിവാഹസത്കാരം സംഘടിപ്പിച്ചിരുന്നത്. വധൂവരന്മാരെ ആശീര്‍വദിക്കാനും ഫോട്ടോയെടുക്കാനുമാണ് അതിഥികളായ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ സ്‌റ്റേജിലേക്ക് കയറിയത്. ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര, മുന്‍ എംപി ഭരത് സിങ്, എംഎല്‍എ കേതഖി സിങ്ങിന്റെ പ്രതിനിധി വിശ്രാം സിങ്, ബിജെപി മുന്‍ ജില്ലാ സെക്രട്ടറി സുര്‍ജിത് സിങ് എന്നിവരടക്കം പത്തിലേറെ അതിഥികളാണ് സംഘത്തിലുണ്ടായിരുന്നത്.
ഇവരെല്ലാം സ്റ്റേജില്‍ കയറി വധൂവരന്മാരെ ആശീര്‍വദിച്ചശേഷം ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യുന്നതിനിടെയാണ് സ്‌റ്റേജ് തകര്‍ന്നത്. ഇതോടെ എല്ലാവരും നിലത്തുവീഴുകയായിരുന്നു. പ്ലൈവുഡ് ഉപയോഗിച്ചാണ് താത്കാലിക സ്‌റ്റേജ് നിര്‍മിച്ചിരുന്നതെന്നും ഭാരം താങ്ങാനാകാതെയാണ് ഇത് തകര്‍ന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര പറഞ്ഞു. ആര്‍ക്കും സാരമായ പരിക്കില്ലെന്നും വധൂവരന്മാര്‍ക്കും പരിക്കുകളൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: A wedding stage in Ballia, Uttar Pradesh, collapsed during a reception when numerous guests, including BJP leaders, rushed to bless the newlyweds. No serious injuries were reported.