‘വീട്ടിലേക്കുള്ള മടക്കം’, ക്ലാസ് മുറിയും ലൈബ്രറിയും വീണ്ടും കണ്ടപ്പോള്‍ വിസ്മയം, ആല്‍മരം നട്ടും വിദ്യാര്‍ഥികളോട് സംവദിച്ചും ശ്രീലങ്കൻ പ്രധാനമന്ത്രി

ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹി ഹിന്ദു കോളേജ് സന്ദര്‍ശനവേളയില്‍ | Photo : PTI
ശ്രീലങ്കൻ പ്രധാനമന്ത്രി ഹരിണി അമരസൂര്യ ഡല്‍ഹി ഹിന്ദു കോളേജ് സന്ദര്‍ശനവേളയില്‍ | Photo : PTI

ഡൽഹി: സോഷ്യോളജി വിദ്യാർഥിനിയായി പാഠപുസ്തകങ്ങൾക്കുമുന്നിലിരുന്ന ഇരുപത്തിയേഴാം നമ്പർ ക്ലാസ് മുറിയും പുസ്തകങ്ങൾക്കായി പരതിയ ലൈബ്രറിയും വീണ്ടും കണ്ടപ്പോൾ ഹരിണി അമരസൂര്യക്ക് വിസ്മയം.

വീട്ടിലേക്കുള്ള മടക്കം എന്ന് വിശേഷിപ്പിച്ച മടങ്ങിവരവിലൂടെ ശ്രീലങ്കൻ പ്രധാനമന്ത്രി ഡൽഹിയിലെ ഹിന്ദു കോളേജിലെത്തിയപ്പോൾ പുതിയ തലമുറവിദ്യാർഥികൾക്ക് ആഹ്ലാദം.

ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, ഡൽഹി ഹിന്ദു കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അഞ്ജു ശ്രീവാസ്തവ ഉൾപ്പെടെയുള്ളവർക്കൊപ്പം കോളേജിൽ നടന്ന ചടങ്ങിൽ പങ്കെടുത്തപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

1991 -1994 വർഷങ്ങളിൽ ബിഎ സോഷ്യോളജി ബിരുദപഠനം പൂർത്തിയാക്കിയ കോളേജിലേക്കാണ് അവർ മടങ്ങിയെത്തിയത്. ശ്രീലങ്കയുടെ പതിനാറാമത്തെ പ്രധാനമന്ത്രിയും മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമായ ഡോ. ഹരിണി അമരസൂര്യയുടെ ആദ്യ ഇന്ത്യാസന്ദർശനമാണിത്. വ്യാഴാഴ്ച ഉച്ചക്ക് 12-ഓടെ ദ ഹിന്ദു കോളേജിലെത്തിയ ഹരിണിയെ പ്രിൻസിപ്പൽ അൻജു ശ്രീവാസ്തവയും അധ്യാപകരും വിദ്യാർഥികളും പൂർവവിദ്യാർഥികളും ചേർന്ന് സ്വീകരിച്ചു. എൻസിസി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. തുടർന്ന് കോളേജ് അങ്കണത്തിൽ ആൽമരം നട്ടു. സാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. അധ്യാപകരുമായും സോഷ്യോളജി വിഭാഗത്തിലെ വിദ്യാർഥികളുമായും ഹരിണി സംവദിച്ചു. താമസിച്ച ഹോസ്റ്റൽ മുറിയും സന്ദർശിച്ചു.

ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, ഡൽഹി ഹിന്ദു കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അഞ്ജു ശ്രീവാസ്തവ ഉൾപ്പെടെയുള്ളവർക്കൊപ്പം കോളേജിൽ നടന്ന ചടങ്ങിൽ പങ്കെടുത്തപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

കോളേജിലെ സോഷ്യോ-എത്നോഗ്രാഫിക് ലാബിന് ഹരിണിയുടെ പേര് നൽകി കലാലയം ആദരിച്ചു. വളരെ ഊഷ്മളമായ വ്യക്തിത്വമാണ് ഹരിണിക്കെന്ന് പ്രിൻസിപ്പൽ അൻജു ശ്രീവാസ്തവ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ശക്തികൊണ്ട് ഒരാൾക്ക് ഉന്നത പദവിയിലെത്താമെന്ന പ്രതീക്ഷയാണ് ഹരിണിയുടെ സന്ദർശനം സൃഷ്ടിച്ചതെന്ന് വിദ്യാർഥികളിലൊരാൾ പറഞ്ഞു.

ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ, ഡൽഹി ഹിന്ദു കോളേജ് പ്രിൻസിപ്പൽ പ്രൊഫ. അഞ്ജു ശ്രീവാസ്തവ ഉൾപ്പെടെയുള്ളവർക്കൊപ്പം കോളേജിൽ നടന്ന ചടങ്ങിൽ പങ്കെടുത്തപ്പോൾ | ഫോട്ടോ: പി. ജി. ഉണ്ണികൃഷ്ണൻ / മാതൃഭൂമി

ശ്രീലങ്കയിലെ വിദ്യാഭ്യാസ വിദഗ്ധയായ ഹരിണി അധ്യാപികയായാണ് പൊതുജീവിതം ആരംഭിച്ചത്. 55 വയസ്സുകാരിയായ ഹരിണി സ്കൂൾ വിദ്യാഭ്യാസം നേടിയത് കൊളംബോയിലെ ബിഷപ്സ് സ്കൂളിൽ നിന്നാണ്. തുടർന്ന് ഹിന്ദുകോളേജിൽ നിന്ന് സോഷ്യോളജിയിൽ ബിരുദം നേടി. തുടർന്ന് ഓസ്ട്രേലിയയിലെ മഖ്വുറെ സർവകലാശാലയിൽനിന്ന് ബിരുദാനന്തര ബിരുദവും എഡിൻബർഗ് സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദവും നേടി. 2011-ൽ ശ്രീലങ്കയിലെ ഓപ്പൺ സർവകലാശാലയിൽ സീനിയർ ലക്ചററായി ചേർന്ന ഹരിണി തുടർന്ന് അവിടെ വകുപ്പധ്യക്ഷയായി. 2019-ൽ നാഷണൽ ഇന്റലക്ച്വൽസ് ഓർഗനൈസേഷനിൽ ചേർന്നു. തുടർന്ന് എൻപിപിയുടെ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിതയായ ഹരിണി പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൻപിപിപ്രതിനിധിയായി കൊളംബോ ജില്ലയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി പദത്തിനുപുറമേ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ചുമതലയും ഹരിണിക്കാണ്.

ശ്രീലങ്കന്‍ പ്രധാനമന്ത്രി ഹരിണി അമരസൂര്യയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഡല്‍ഹി ഹിന്ദു കോളേജില്‍ സംഘടിപ്പിച്ച സാംസ്‌കാരികപരിപാടിയില്‍ പങ്കെടുത്ത കലാകാരന്മാരോട് ഹരിണി അമരസൂര്യ സംവദിക്കുന്നു| Photo: PTI

ഇന്ന് മോദിയെ കാണും

ശ്രീലങ്കൻ പ്രധാനമന്ത്രിയും പ്രധാനമന്ത്രി മോദിയും തമ്മിൽ വെള്ളിയാഴ്ച രാവിലെ 11.15-ന് കൂടിക്കാഴ്ച നടത്തും. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച.

Content Highlights: Sri Lankan Prime Minister Harini Amarasuriya returned to her alma mater, Delhi`s Hindu College, revisiting classrooms and the library where she studied Sociology. Her visit inspires new generations.