എൻജിൻ തകരാർ; ഡൽഹിയിൽനിന്ന് ലേയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: ഡൽഹിയിൽനിന്നും ലഡാക്കിലെ ലേയിലേക്ക് യാത്രതിരിച്ച സ്പൈസ് ജെറ്റ് വിമാനം ഡൽഹി വിമാനത്താവളത്തിൽ തന്നെ അടിയന്തരമായി തിരിച്ചിറക്കി. എൻജിൻ തകരാറിനെത്തുടർന്നാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതർ പറഞ്ഞു. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ 6.45-ഓടെയാണ് ലേയിലേക്ക് യാത്രതിരിച്ച വിമാനം തിരികെ ഇറക്കിയത്. 150 യാത്രക്കാരാണ് ബോയിങ് 737 വിമാനത്തിലുണ്ടായിരുന്നത്. വിമാനം ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ്‌ചെയ്‌തെന്നും എല്ലാ യാത്രക്കാരെയും സാധാരണഗതിയിൽ പുറത്തിറക്കിയെന്നും സ്‌പൈസ് ജെറ്റ് വക്താവ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Content Highlights: SpiceJet flight to Leh made an emergency landing in Delhi shortly after takeoff due to engine malfunction. All passengers and crew are safe.