ദക്ഷിണ റെയില്‍വേയുടെ ആദ്യ അമൃത് ഭാരത് സര്‍വീസ് ഈറോഡില്‍നിന്ന് ബിഹാറിലേക്ക്

പ്രതീകാത്മക ചിത്രം | Photo: @RailMinIndia
പ്രതീകാത്മക ചിത്രം | Photo: @RailMinIndia

ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ ആദ്യ അമൃത്ഭാരത് തീവണ്ടി ഈറോഡില്‍നിന്ന് ബിഹാറിലെ ജോഗ്ബനിയിലേക്ക് സര്‍വീസ് നടത്തും. ഈറോഡില്‍നിന്ന് വ്യാഴാഴ്ചതോറും രാവിലെ ഏഴിന് പുറപ്പെടുന്ന തീവണ്ടി (16601) ശനിയാഴ്ച രാത്രി ഏഴിന് ജോഗ്ബനിയിലെത്തും. ജോഗ്ബനിയില്‍നിന്ന് ഞായറാഴ്ചതോറും ഉച്ചയ്ക്ക് 3.15-ന് പുറപ്പെടുന്ന തീവണ്ടി ബുധനാഴ്ച രാവിലെ ഏഴിന് ഈറോഡിലെത്തും. സേലം, കാട്പാഡി, പെരമ്പൂര്‍, വിജയവാഡ, നാഗ്പുര്‍, ജബല്‍പൂര്‍, പട്‌ന, കതിഹാര്‍ ഉള്‍പ്പെടെ 50 സ്റ്റോപ്പുകളുണ്ടാകും. 11 സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കോച്ചുകള്‍, എട്ട് സെക്കന്‍ഡ് ക്ലാസ് സിറ്റിങ് കം ലഗേജ് കോച്ചുകള്‍, രണ്ട് ബ്രേക്ക് കം ലഗേജ് കോച്ചുകള്‍ എന്നിവയുണ്ടാവും. ഒരു കോച്ച് റെയില്‍വേ സ്റ്റാഫ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ളതായിരിക്കും.

2025 ഫെബ്രുവരിയിലാണ് ദക്ഷിണ റെയില്‍വേക്ക് അമൃത്ഭാരത് തീവണ്ടി അനുവദിച്ചത്. ഇതുവരെ ഉപയോഗിക്കാതെ വെറുതെയിട്ടിരിക്കുകയായിരുന്നു.

പെരമ്പൂര്‍ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി(ഐസിഎഫ്) ആണ് അമൃത് ഭാരത് നിര്‍മിച്ചത്. ആദ്യം പ്രത്യേക തീവണ്ടിയായാണ് സര്‍വീസ് നടത്തുക. സെപ്റ്റംബര്‍ 15-ന് ബിഹാറിലെ ജോഗ്ബനിയില്‍നിന്ന് ഈറോഡിലേക്കാണ് ആദ്യ സ്‌പെഷ്യല്‍ സര്‍വീസ് ഉദ്ഘാടനം ചെയ്യുക.

Content Highlights: Southern Railway`s 1st Amrit Bharat train to run from Erode to Jogbani, Bihar.