‘വർഷങ്ങളായി വേട്ടയാടപ്പെടുന്നു, ഒടുവിൽ ഞാൻ പറയാൻ തീരുമാനിച്ചു’; പുസ്തകമെഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി

#ന്യൂസ് ഡെസ്ക്
ന്യൂഡൽഹിയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ സോണിയ ഗാന്ധി സംസാരിക്കുന്നു
ന്യൂഡൽഹിയിൽ നടന്ന പുസ്തകപ്രകാശന ചടങ്ങിൽ സോണിയ ഗാന്ധി സംസാരിക്കുന്നു

ന്യൂഡൽഹി: ബിലോങ്ങിങ്; എ ജേർണി ഓഫ് ലവ്’ എന്ന പേരിൽ പുസ്തകമെഴുതാനുള്ള കാരണം വെളിപ്പെടുത്തി സോണിയ ഗാന്ധി. പുസ്തകം എഴുതാൻ തയ്യാറാവാതിരുന്ന തന്നെ സുഹൃത്തുക്കളും അടുപ്പക്കാരും നിർബന്ധിക്കുകയായിരുന്നു എന്നും സോണിയ പറഞ്ഞു. ന്യൂഡൽഹിയിൽ തന്റെ പുസ്തകപ്രകാശന ചടങ്ങിനിടെയാണ് സോണിയയുടെ തുറന്നുപറച്ചിൽ.

വർഷങ്ങളായി തന്റെ കുടുംബത്തെക്കുറിച്ച്, ഭർതൃമാതാവിനെക്കുറിച്ച്, മകനെക്കുറിച്ച്, മകളെ കുറിച്ച് തെറ്റായതും വേദനാജനകവുമായ പ്രചാരണങ്ങൾ നടക്കുകയാണ്. ഇതിനെതിരേ താൻ ശബ്ദിക്കേണ്ടതുണ്ട്. എന്റെ കഥ പറയാൻ പുസ്തകമെഴുതുകയാണ് ശരിയായ വഴിയെന്ന് ഞാൻ ചിന്തിച്ചു. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സുഹൃത്തായ മഞ്ജുളികയും നൽകിയ നിരന്തരമായ പ്രേരണയാണ് പുസ്തകമെഴുതാൻ പ്രേരിപ്പിച്ചത്. ഡയറി എഴുതുന്ന ശീലം തനിക്കില്ലായിരുന്നു. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൽ ഓർത്തെടുത്ത് എഴുതുകയാണ് ചെയ്തത്. തുടക്കത്തിൽ അത് പ്രയാസമേറിയതായിരുന്നു, എന്നാൽ തുടങ്ങിക്കഴിഞ്ഞപ്പോൾ അണപൊട്ടിയതുപോലെ ഓർമകളെ രേഖപ്പെടുത്തുകയായിരുന്നു. സ്വന്തം ജീവിതാനുഭവങ്ങൾ തുറന്നുപറയാനുള്ള അവസരമായാണ് ഈ പുസ്തകത്തെ കണ്ടതെന്നും സോണിയ ഗാന്ധി വ്യക്തമാക്കി.

പുസ്തകത്തിന്റെ പേരിന് പിന്നിലെ കാരണവും അവർ വിശദീകരിച്ചു. ഇറ്റലിയിൽ നിന്ന് ഇന്ത്യയിലെത്തിയ ഒരു 'അപരിചിത' എന്ന നിലയിൽ പുതിയൊരു സംസ്‌കാരത്തിലും കുടുംബത്തിലും അംഗീകരിക്കപ്പെടുന്നതിനായി നടത്തിയ ശ്രമങ്ങളെയാണ് 'Belonging' എന്ന വാക്ക് സൂചിപ്പിക്കുന്നത്. പുസ്തകത്തിൽ അത് ആവർത്തിച്ചുവരുന്നുണ്ട്. നിലനിൽപ്പിനുള്ള തന്റെ പോരാട്ടത്തെയാണ് ആ വാക്ക് സൂചിപ്പിക്കുന്നതെന്നും അവർ വിശദീകരിച്ചു. വിവാഹശേഷം ഭർത്താവിന്റെ വീട്ടിലേക്ക് മാറുകയും പുതിയ അന്തരീക്ഷവുമായും ആചാരങ്ങളുമായും പൊരുത്തപ്പെടാൻ കഠിനാധ്വാനം ചെയ്യേണ്ടി വരികയും ചെയ്യുന്ന ഇന്ത്യയിലെ അനേകം പെൺകുട്ടികളുടെ അനുഭവങ്ങളെ പോലെയായിരുന്നു തന്റെ ജീവിതപോരാട്ടമെന്നും സോണിയ കൂട്ടിച്ചേർത്തു.

രാജീവിനോടുള്ള പ്രണയം വിസ്മയകരമായിരുന്നുവെന്നാണ് സോണിയ പറഞ്ഞത്. അദ്ദേഹം രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നതിൽ തനിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഞാൻ സ്വാർഥയായിരുന്നതിനാലാവാം അത്തരമൊരു ചിന്തയുണ്ടായത്. അദ്ദേഹം ഒരുപാട് യാത്ര ചെയ്യുന്ന ആളായിരുന്നു. വളരെ ചെറിയ സമയം മാത്രമേ ഞങ്ങൾക്ക് ഒരുമിച്ച് കിട്ടിയിരുന്നുള്ളൂ. പക്ഷെ അത് എത്രത്തോളം പ്രാധാന്യമുള്ളതായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ മരണം പാടെ തകർത്തു, അതിനുശേഷം താൻ കുട്ടിയാവുകയായിരുന്നു, മക്കളായ രാഹുലും പ്രിയങ്കയുമാണ് തന്റെ രക്ഷിതാക്കളായത് എന്നും സോണിയ പറഞ്ഞു. രാജീവ് ഗാന്ധിയുടെയും ഭർതൃമാതാവ് ഇന്ദിരാഗാന്ധിയുടെയും വധത്തെ കുറിച്ച് എഴുതാൻ താൻ ഏറെ പ്രയാസപ്പെട്ടുവെന്നും സോണിയ പറഞ്ഞു. 

Content Highlights: Speaking at the launch of her book 'Belonging' in New Delhi, Sonia Gandhi revealed that she decided to write her story to counter years of false and painful propaganda against her family, including Indira Gandhi, Rahul Gandhi, and Priyanka Gandhi. Encouraged by her children and her friend Manjulika, the book reflects her personal struggle to adapt to a new culture after arriving in India from Italy, much like millions of Indian women adjusting after marriage.