‘രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനെ പൂർണമായും എതിർത്തിരുന്നു’; വെളിപ്പെടുത്തലുമായി സോണിയാ ഗാന്ധി

ന്യൂഡൽഹി: രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതിനോട് തനിക്ക് പൂർണമായും എതിർപ്പായിരുന്നുവെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി വ്യക്തമാക്കി. ‘ബിലോഗിങ്: എ ജേണി ഓഫ് ലവ്’ എന്ന പേരിൽ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന തന്റെ ആത്മകഥയിൽ സ്വന്തം നിരീക്ഷണങ്ങളാണ് പങ്കുവെച്ചിട്ടുള്ളതെന്നും ഇത് വലിയൊരു ബഹളത്തിന് വഴിവെച്ചേക്കാമെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ അവർ പറഞ്ഞു.
താൻ അനുഭവിച്ചറിഞ്ഞ സംഭവങ്ങൾ അതുപോലെ രേഖപ്പെടുത്താനുള്ള അവസരമാണ് ഈ പുസ്തകം നൽകിയതെന്ന് സോണിയ പറഞ്ഞു. ‘ചില ആളുകൾക്ക് എന്നെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയേക്കാം. ചിലരുടെ കാഴ്ചപ്പാട് കൂടുതൽ വഷളായേക്കാം. ഒരു പുസ്തകമെഴുതുമ്പോഴോ പൊതുജീവിതത്തിൽ നിൽക്കുമ്പോഴോ സംഭവിക്കുന്നത് ഇതാണ്; ഇവിടെ പറയാറുള്ളതുപോലെ ഒരു ബഹളം ഉറപ്പായും ഉണ്ടാകും’, അവർ പറഞ്ഞു.
ഇറ്റലിയിലെ കുട്ടിക്കാലം മുതൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവിൽ നിന്ന പതിറ്റാണ്ടുകൾ വരെയുള്ള സോണിയാ ഗാന്ധിയുടെ യാത്രയാണ് ഈ പുസ്തകത്തിൽ അടയാളപ്പെടുത്തുന്നത്. നെഹ്റു-ഗാന്ധി കുടുംബത്തിന്റെ നിർണായക നിമിഷങ്ങളായ രാജീവ് ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശം, കുടുംബത്തെ ബാധിച്ച ദുരന്തങ്ങൾ, 2004-ലെ പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യം വിജയിച്ചതിനുശേഷം പ്രധാനമന്ത്രി പദം നിരസിക്കാനുള്ള അവരുടെ തീരുമാനം എന്നിവയെല്ലാം വീണ്ടും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നവംബർ 10-നാണ് ഈ ആത്മകഥ പ്രസിദ്ധീകരിക്കുന്നത്.
Content Highlights: Congress Parliamentary Party Chairperson Sonia Gandhi reveals in her upcoming memoir, 'Belonging', that she entirely opposed Rajiv Gandhi becoming Prime Minister, sharing insights from her political journey and life.