ലാവലിൻ: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ വാദം കേള്‍ക്കണമെന്ന് CBI;കേസിൽ താത്പര്യമില്ലെന്ന ആരോപണം നിഷേധിച്ചു

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ എസ്.എന്‍.സി. ലാവലിന്‍ കേസിന്റെ വാദം കേള്‍ക്കല്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തണമെന്ന് സി.ബി.ഐ. എന്നാല്‍, കേസില്‍ മെയ് ഒന്നിന് അന്തിമ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു. തങ്ങള്‍ക്ക് കേസില്‍ താത്പര്യം നഷ്ട്ടപെട്ടു എന്ന ആരോപണം സി.ബി.ഐ. സുപ്രീം കോടതിയില്‍ നിഷേധിച്ചു.
ലാവലിന്‍ ഹര്‍ജി ചൊവ്വാഴ്ച പരിഗണനയ്ക്ക് എടുത്തപ്പോള്‍ വി.എം. സുധീരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത്, കേസ് മുപ്പതിലധികം തവണ മാറ്റിവച്ചതാണെന്ന് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. ആവശ്യപ്പെട്ടിട്ടാണ് ഏറ്റവും തവണ കേസ് മാറ്റിവച്ചതെന്നും അദ്ദേഹം പറഞ്ഞു. സി.ബി.ഐ.ക്ക് കേസില്‍ താത്പര്യം നഷ്ടപ്പെട്ടു എന്നും അദ്ദേഹം ആരോപിച്ചു. ദേവദത്ത് കാമത്തിന് പുറമെ അഭിഭാഷകന്‍ എം.ആര്‍. രമേശ് ബാബുവും സുധീരന് വേണ്ടി ചൊവ്വാഴ്ച സുപ്രീം കോടതിയില്‍ ഹാജരായിരുന്നു.
കാമത്തിന്റെ ആരോപണം കോടതിക്ക് പുറത്തുള്ളവര്‍ക്ക് വേണ്ടിയാണെന്ന് കെ.ജി. രാജശേഖരന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് ആരോപിച്ചു. സുധീരന്‍ കേസില്‍ കക്ഷി അല്ലെന്നും രാകേന്ദ് ബസന്ത് ചൂണ്ടിക്കാട്ടി. ദേവദത്ത് കാമത്തിന്റെ ആരോപണത്തെ സി.ബി.ഐ.ക്ക് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിസ്റ്റര്‍ ജനറല്‍ എസ്.വി. രാജുവും തള്ളി. കേസ് ഗൗരവത്തോടെയാണ് കാണുന്നത്. സുപ്രീം കോടതി നിശ്ചയിക്കുന്ന ദിവസം കേസില്‍ വാദം ഉന്നയിക്കാന്‍ തയ്യാറാണെന്നും എസ്.വി. രാജു കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസില്‍ അടിയന്തരമായി വാദം കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് കേസില്‍ വിശദമായി വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. ജൂലൈ 10-ന് അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കാമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് അറിയിച്ചു. എന്നാല്‍, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ നടത്തണമെന്ന് സി.ബി.ഐ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് മെയ് ഒന്നിന് അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. ഹര്‍ജി ഇതുവരെ മാറ്റിവച്ചത് 31 തവണയാണ്.
കേസില്‍ കക്ഷി ചേരണമെന്ന സുധീരന്റെ ആവശ്യം മെയ് 7-ന് പരിഗണിക്കും
ലാവലിന്‍ കേസിലെ ഹര്‍ജികളില്‍ മെയ് ഒന്നിന് അന്തിമവാദം കേള്‍ക്കല്‍ ആരംഭിക്കുമെങ്കിലും കേസില്‍ കക്ഷി ചേരാന്‍ സുധീരന്‍ നല്‍കിയ അപേക്ഷ മെയ് 7-ന് മാത്രമേ സുപ്രീംകോടതി പരിഗണിക്കൂ. കേസില്‍ കക്ഷി ചേരാനുള്ള സുധീരന്റെ ആവശ്യം ഇതുവരെയും അംഗീകരിച്ചിട്ടില്ലെന്ന് സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്ത് സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സുധീരന്റെ അപേക്ഷ മെയ് 7-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റിയത്.
ലാവലിന്‍ കേസില്‍ പിണറായിക്ക് വേണ്ടി അഭിഭാഷകന്‍ കൃഷ്ണദേവ് ജഗര്‍ലമു വക്കാലത്ത് ഇട്ടു
ലാവലിന്‍ കേസില്‍ ഇനിമുതല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് അഭിഭാഷകന്‍ കൃഷ്ണ ദേവ് ജഗര്‍ലമു ആയിരിക്കും. ആന്ധ്ര സ്വദേശിയാണ് കൃഷ്ണ ദേവ് ജഗര്‍ലമു. രാജ്യസഭാ അംഗവും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സീനിയര്‍ അഭിഭാഷകന്‍ എസ്.നിരഞ്ജന്‍ റെഡ്ഡിയുടെ ജൂനിയറായിരുന്നു. കേരള ഹൈക്കോടതി മുന്‍ ജഡ്ജിയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ വി.ഗിരിയുടെയും സീനിയര്‍ അഭിഭാഷകന്‍ സെന്തില്‍ ജഗദീശന്റെയും ജൂനിയറായിരുന്നു കൃഷ്ണദേവ്.
ഇതുവരെ സെന്തില്‍ ജഗദീഷനായിരുന്നു പിണറായി വിജയന്റെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്. സെന്തില്‍ ജഗദീശന് സീനിയര്‍ അഭിഭാഷക പദവി ലഭിച്ചതിനെ തുടര്‍ന്നാണ് പിണറായി വിജയന് വേണ്ടി പുതിയ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് വക്കാലത്ത് ഇട്ടത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന എസ്.ജഗദീശന്റെ മകനാണ് സെന്തില്‍ ജഗദീഷ്.
കസ്തൂരിരംഗ അയ്യര്‍, കെ.ജി. രാജശേഖരന്‍ എന്നിവരുടെ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡും മാറി. ഇരുവര്‍ക്കും വേണ്ടി വക്കാലത്തിട്ടിരുന്നത് അഭിഭാഷക ലിസ് മാത്യുവായിരുന്നു. ലിസ് മാത്യുവിന് സീനിയര്‍ അഭിഭാഷക പദവി ലഭിച്ചതോടെ വക്കാലത്ത് ഒഴിഞ്ഞു. കസ്തൂരിരംഗ അയ്യര്‍ക്ക് വേണ്ടി രശ്മി നന്ദകുമാറും കെ.ജി. രാജശേഖരന് വേണ്ടി ആര്‍. നവനീതുമാണ് പുതുതായി വക്കാലത്ത് ഇട്ടത്. കസ്തൂരിരംഗ അയ്യര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ആര്‍.ബസന്തും കെ.ജി. രാജശേഖരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്തും ആണ് ഹാജരാക്കുന്നത്.
കേസിലെ മറ്റൊരു കക്ഷിയായ കെ.മോഹനചന്ദ്രന് വേണ്ടി ഗൗരവ് അഗര്‍വാള്‍ ആയിരുന്നു അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ്. ഗൗരവ് അഗര്‍വാളിനും സീനിയര്‍ അഭിഭാഷക പദവി ലഭിച്ചിരുന്നു. എന്നാല്‍, മോഹനചന്ദ്രന്റെ പുതിയ അഡ്വക്കേറ്റ് ഓണ്‍ റെക്കോര്‍ഡ് വക്കാലത്ത് ഇട്ടിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച മാറ്റിയത്.
Content Highlights: snc lavalin case pinarayi vijayan supreme court hearing