എസ്.ഐ.ആർ: തിരഞ്ഞെടുപ്പ് കമ്മിഷന്റെ വൻ പിന്മാറ്റം; എന്നിട്ടും ചോദ്യങ്ങൾ ബാക്കി

#സി.പി. ശ്രീഹർഷൻ

ന്യൂഡൽഹി: എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെട്ട വോട്ടർമാർക്ക് പേര് വീണ്ടും ചേർക്കുന്നതിന് ഫോം ആറ് വഴി അപേക്ഷിക്കാമെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ നിലപാട് തിരുത്തിയതിന് പിന്നിൽ ജുഡീഷ്യറിയിൽ നിന്നുള്ള സമ്മർദമെന്ന് സൂചന. എസ്.ഐ.ആർ നടന്നുവരുന്ന ഡൽഹിയും മഹാരാഷ്ട്രയുമടക്കമുള്ള സംസ്ഥാനങ്ങളിലാണ് എസ്.ഐ.ആർ സങ്കൽപ്പത്തെ തള്ളുന്ന നിലപാട് കമ്മിഷന് സ്വീകരിക്കേണ്ടിവന്നിരിക്കുന്നത്. ഫോം ആറിലൂടെ അപേക്ഷിക്കാതെ പതിവ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചുനൽകി വീണ്ടും വോട്ടറാകാൻ അനുവദിച്ചത് കമ്മിഷന്റെ സമീപകാലത്തെ ഏറ്റവും വലിയ പിന്മാറ്റമാണ്.

എന്നാൽ, നേരത്തേ എസ്.ഐ.ആർ നടന്നുകഴിഞ്ഞ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഈ ആനുകൂല്യം നൽകാൻ കമ്മിഷൻ തയ്യാറാകാത്തതിനെ ചോദ്യം ചെയ്ത് പൗരാവകാശ സംഘടനകളുൾപ്പെടെ രംഗത്തെത്തിയത് കമ്മിഷനെ വീണ്ടും വെട്ടിലാക്കി. തിരഞ്ഞെടുപ്പ് ഉടൻ വരാനിരിക്കുന്നതും എസ്.ഐ.ആറിലൂടെ രണ്ട് കോടി വോട്ടർമാർ പുറന്തള്ളപ്പെട്ടതുമായ യു.പിയും ഈ സംസ്ഥാനങ്ങളിൽ ഉൾപ്പെടും. വോട്ടർപട്ടിക പുതുക്കുന്നതിനുള്ള സ്പെഷ്യൽ ഡ്രൈവ് ഇവിടെ ഇപ്പോൾ നടക്കുകയാണ്.

എസ്.ഐ.ആറിലൂടെ ഒഴിവാക്കപ്പെട്ടവർക്ക് പേര് ഉൾപ്പെടുത്താൻ ഫോം ആറ് വഴി അപേക്ഷിച്ചാൽ വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതിന്റെ പേരിൽ നടപടിയുണ്ടാകില്ലെന്ന് നവംബർ മൂന്നിനാണ് കമ്മിഷൻ സർക്കുലറിലൂടെ വ്യക്തമാക്കിയത്. മുമ്പ് ഒരിടത്തും വോട്ടറായിരുന്നില്ലെന്ന വോട്ടറുടെ സത്യവാങ്മൂലം സഹിതമുള്ളതാണ് ഫോം ആറ്. മുമ്പ് വോട്ടറായിരുന്ന ഒരാൾ ഈ സത്യവാങ്മൂലം ഒപ്പിട്ടുനൽകേണ്ടിവരുമ്പോൾ അത് വ്യാജമാകും. ജനപ്രാതിനിധ്യ നിയമത്തിലെ 31-ാം വകുപ്പ് പ്രകാരം ഒരു വർഷം വരെ തടവിന് വിധിക്കാവുന്ന കുറ്റകൃത്യമാണിത്.

എന്നാൽ, നടപടിയുണ്ടാകില്ലെന്ന് കമ്മിഷൻ വ്യക്തമാക്കിയതിനാൽ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് നീലോൽപ്പൽ ദത്ത കേസിൽ ഡൽഹി ഹൈക്കോടതി ഒക്ടോബർ 14ന് വിധിച്ചു. ഈ ഉത്തരവ് എടുത്തുപറഞ്ഞാണ് കമ്മിഷൻ നവംബർ മൂന്നിന് സർക്കുലർ ഇറക്കിയത്.

കോടതിയുടെ നിലപാട്

കമ്മിഷന്റെ ഈ സർക്കുലറിനെതിരെ സാമൂഹ്യപ്രവർത്തകരായ അഞ്ജലി ഭരദ്വാജും അമൃത ജോഹ്രിയും സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി ഒക്ടോബർ 28ന് പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമാണ് കമ്മിഷന്റെ സർക്കുലറെന്നായിരുന്നു ഇവരുടെ വാദം.

നേരത്തേ വോട്ടറായിരുന്നവരും താമസം മാറിയതിന്റെ പേരിൽ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരും കന്നിവോട്ടർക്കുള്ള ഫോം ആറ് വഴി അപേക്ഷിക്കേണ്ടിവരുന്നത് ഘടനാപരമായ ഔചിത്യക്കേടോ പിഴവോ ആണെന്ന് ഒക്ടോബർ 28ലെ ഉത്തരവിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു. പകരം, താമസം മാറിയ വോട്ടർക്ക് അപേക്ഷിക്കാനുള്ള ഫോം എട്ട് വഴിയോ എന്യുമറേഷൻ ഫോമിലൂടെയോ ഇത്തരക്കാർക്ക് അപേക്ഷിക്കാനുള്ള അവസരമൊരുക്കണമെന്ന് കോടതി നിർദേശിച്ചു.

എന്നിട്ടും ഫോം ആറിലൂടെ അപേക്ഷിക്കുന്നതിനെ കമ്മിഷൻ ന്യായീകരിച്ചപ്പോഴാണ് അഞ്ജലിയും അമൃതയും വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. നവംബർ 19ന് കേസ് വീണ്ടും സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, ഫോം ആറിനുള്ള ന്യായീകരണം കോടതിയെ പ്രകോപിപ്പിച്ചേക്കാമെന്ന ആശങ്കയാലാകാം കമ്മിഷന്റെ വെള്ളിയാഴ്ചത്തെ നിലപാടുമാറ്റമെന്നും വിലയിരുത്തപ്പെടുന്നു.

ആശയവിടവ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും കമ്മിഷണർമാരായ സുഖ്ബീർ സിങ് സന്ധുവും വിവേക് ജോഷിയും തമ്മിലുള്ള ആശയവിടവ് മൂലമുണ്ടായ അവ്യക്തതയാണോ പെട്ടെന്നുള്ള നിലപാടുമാറ്റത്തിലേക്ക് നയിച്ചതെന്ന ചർച്ചകളും സജീവമാണ്. ഫോം ആറിനെ ന്യായീകരിച്ചുള്ള സർക്കുലർ ഗ്യാനേഷിന്റെ മാത്രം തീരുമാനമായിരിക്കാമെന്ന നിഗമനമാണ് ഈ വിലയിരുത്തലിന് അടിസ്ഥാനം.

താമസം മാറുന്നയാളും കന്നിവോട്ടർക്കുള്ള ഫോം ആറിലൂടെ അപേക്ഷിക്കണമെന്ന നിർദേശം പാടില്ലെന്ന് ഗോവയിൽ നിന്നുള്ള ഹർജിയിൽ ബോംബെ ഹൈക്കോടതി കഴിഞ്ഞദിവസം വിധിച്ചതും കമ്മിഷനുമേലുള്ള സമ്മർദം വർധിപ്പിക്കുന്നുണ്ട്. സുപ്രീംകോടതി ഇനി എന്തു പറയുമെന്നതിലേക്കാണ് അതിനാൽ എല്ലാവരും ഉറ്റുനോക്കുന്നത്.

Content Highlights: The Election Commission revised its position on Form 6 applications by voters excluded through SIR, amid judicial scrutiny and questions over the unequal treatment of states where the exercise has already been completed.