ശിവാജി നഗറിന് പകരം സെന്റ് മേരി, മെട്രോ സ്റ്റേഷന്‍ പേരിനെ ചൊല്ലി കര്‍ണാടകയില്‍ വിവാദം

ബെംഗളൂരു: ശിവാജിനഗറില്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുന്ന മെട്രോ സ്റ്റേഷന് സെന്റ് മേരി എന്ന പേര് നല്‍കാനുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നീക്കം വിവാദത്തിലേക്ക്. രാഷ്ട്രീയ പ്രീണനത്തിനായി കോണ്‍ഗ്രസ് സര്‍ക്കാര്‍ മറാഠ ഇതിഹാസത്തെ അപമാനിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. ശിവാജി മഹാരാജിനെ അപമാനിക്കുകയാണ് ഈ നടപടിയിലൂടെ ചെയ്യുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പ്രതികരിച്ചു.
പുതിയ സ്റ്റേഷന് സെന്റ് മേരിയുടെ പേര് നല്‍കണമെന്ന് കേന്ദ്രത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് അടുത്തിടെ ശിവജിനഗറിലെ സെന്റ് മേരീസ് ബസിലിക്കയില്‍ നടന്ന ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കവെ സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഈ പ്രസ്താവനയാണ് മഹാരാഷ്ട്രയിലെ ഉന്നത ബി.ജെ.പി. നേതാക്കളടക്കമുള്ളവരില്‍ നിന്ന് രൂക്ഷപ്രതികരണത്തിന് കാരണമായത്.
''ബെംഗളൂരുവിലെ ശിവാജിനഗര്‍ മെട്രോ സ്റ്റേഷന്റെ പേര് സെന്റ് മേരി എന്നാക്കി മാറ്റാനുള്ള കര്‍ണാടക സര്‍ക്കാരിന്റെ നീക്കത്തെ ഞാന്‍ അപലപിക്കുന്നു. ഇത് ഛത്രപതി ശിവജി മഹാരാജിനെ അവമതിക്കലാണ്. ഡിസ്‌കവറി ഓഫ് ഇന്ത്യ എന്ന പുസ്തകത്തില്‍ ശിവജി മഹാരാജിനെതിരെ പരാമര്‍ശം നടത്തിയ നെഹ്റുവിന്റെ കാലം മുതല്‍ മറാഠ യോദ്ധാവായ രാജാവിനെ അപമാനിക്കുന്ന പാരമ്പര്യം കോണ്‍ഗ്രസ് തുടരുകയാണ്, ഇത്തരമൊരു തീരുമാനവുമായി മുന്നോട്ട് പോകാതിരിക്കാന്‍ 'സര്‍വ്വശക്തന്‍ സിദ്ധരാമയ്യക്ക് സദ്ബുദ്ധി നല്‍കട്ടെ' എന്ന് പ്രാര്‍ത്ഥിക്കുകയാണ്", ദേവേന്ദ്ര ഫഡ്‌നവിസ് പറഞ്ഞു.
''പ്രീണനം കാരണം അവരുടെ പാര്‍ട്ടി നശിച്ചു. എന്നിട്ടും അവര്‍ പ്രീണനരാഷ്ട്രീയം തുടരുകയാണ്. ഞങ്ങള്‍ ഇത് അനുവദിക്കില്ല", കര്‍ണാടക നിയമസഭാ കൗണ്‍സില്‍ പ്രതിപക്ഷ നേതാവ് ചല്‍വാദി നാരായണ സ്വാമി പറഞ്ഞു. ശിവജി മഹാരാജിനോടുള്ള കോണ്‍ഗ്രസിന്റെ വെറുപ്പ് വെളിപ്പെട്ടതായി മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.സി. ചിത്ര വാഗ് പറഞ്ഞു.
അതേസമയം മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ ശിവസേന (യു.ബി.ടി), മെട്രോ സ്റ്റേഷന് ഛത്രപതി ശിവാജിയുടെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയയ്ക്കുമെന്ന് അറിയിച്ചു.
ജനങ്ങളുടെ വികാരം മാനിക്കണമെന്നും ശിവജി മഹാരാജിനെക്കുറിച്ച് സംസാരിക്കാന്‍ ബി.ജെ.പിക്ക് ധാര്‍മ്മിക അവകാശമില്ലെന്നും ശിവസേന (യു.ബി.ടി) പാര്‍ട്ടി വക്താവ് ആനന്ദ് ദുബെ പറഞ്ഞു. "പ്രധാനമന്ത്രി നരേന്ദ്ര മോദി അറബിക്കടലില്‍ ശിവജിപ്രതിമയ്ക്ക് തറക്കല്ലിട്ടു. അതിനുശേഷം ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. ബി.ജെ.പി തീ ആളിക്കത്തിക്കരുത്. ഞങ്ങള്‍ ഞങ്ങളുടെ സഖ്യകക്ഷിയുമായി സംസാരിച്ച് ഒരു പരിഹാരം കാണും", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Controversy surrounds Karnataka CM`s proposal to name Shivajinagar metro station St. Mary